ടാറ്റ ഇലക്ട്രോണിക്സിൽ സൈബർ ആക്രമണം; ആപ്പിളിന്റെയും ടെസ്‌ലയുടെയും രഹസ്യരേഖകൾ ചോർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ കമ്പനിയായ ടാറ്റ ഇലക്ട്രോണിക്സിൽ സൈബർ ആക്രമണം നടന്നതായി സ്ഥിരീകരണം. ആപ്പിൾ, ടെസ്‌ല തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ ഘടകങ്ങളുടെ രൂപകല്പനയും സവിശേഷതകളും ഉൾപ്പെടെയുള്ള രഹസ്യരേഖകൾ 'വേൾഡ് ലീക്സ് എന്ന റാൻസംവെയർ സംഘം ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ട്.

ഇരുപതിനായിരത്തിലധികം ഫയലുകളാണ് ഇവർ ഡാർക്ക് വെബിൽ ചോർത്തിയിരിക്കുന്നത്. ആകെ 630 ജി.ബിയിലധികം വരുന്ന വിവരങ്ങളാണ് പുറത്തായത്. ഇതിൽ ആപ്പിളിന്റെ നിർമാണ വിവരങ്ങൾ, മെറ്റീരിയൽ സ്പെസിഫിക്കേഷൻ, ജീവനക്കാരുടെ പാസ്‌പോർട്ട് പകർപ്പുകൾ, ഇമെയിലുകൾ എന്നിവ ഉൾപ്പെടുന്നു. ടെസ്‌ലയുടെ മോഡൽ വൈ, മോഡൽ 3 എന്നിവയുമായി ബന്ധപ്പെട്ട 'ട്രേഡ് സീക്രട്ട്' എന്ന് അടയാളപ്പെടുത്തിയ രേഖകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് തങ്ങളുടെ ചില സംവിധാനങ്ങളിൽ സൈബർ സുരക്ഷാ ലംഘനം ഉണ്ടായതായി ടാറ്റ ഇലക്ട്രോണിക്സ് വ്യക്തമാക്കിയിട്ടുണ്ട്. ഉടൻതന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും കമ്പനിയുടെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും ടാറ്റ അറിയിച്ചു. വിഷയം അന്വേഷിച്ചുവരികയാണെന്ന് ആപ്പിളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും ആപ്പിളോ ടെസ്‌ലയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം ടാറ്റക്ക് ഭീഷണി സന്ദേശവും മോചനദ്രവ്യ ആവശ്യവും ലഭിച്ചതായി വിവരങ്ങളുണ്ട്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ടാറ്റ തയാറായില്ല. കഴിഞ്ഞ വർഷം ടാറ്റയുടെ ജാഗ്വാർ ലാൻഡ് റോവർ ഗ്രൂപ്പിന് നേരെയും സൈബർ ആക്രമണം നടന്നിരുന്നു. ഇതിനെത്തുടർന്ന് ആറ് ആഴ്ചയോളം ഉൽപ്പാദനം നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്.

ആപ്പിളിന്റെ ഐഫോൺ നിർമാണത്തിൽ ഇന്ത്യയിലെ പ്രധാന പങ്കാളിയായ ടാറ്റയെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം ആഗോള വിതരണ ശൃംഖലയുടെ സുരക്ഷാ വീഴ്ചകളെയാണ് തുറന്നുകാട്ടുന്നത്. ജൂൺ 10 മുതൽ ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐഫോൺ അസംബ്ലി പ്ലാന്റുമായി ബന്ധപ്പെട്ട രേഖകളും ചോർന്നവയിൽ ഉൾപ്പെടുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 

Tags:    
News Summary - Tata Electronics hit by cyber breach; Apple, Tesla info leaked in major security scare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.