‘ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്തു, 52-കാരിക്ക് നഷ്ടമായത് 2.7 കോടി രൂപ

ദിനേനെയെന്നോണം വാർത്തകളും മുന്നറിയിപ്പുകളും വന്നുകൊണ്ടിരിക്കുമ്പോഴും സൈബർ തട്ടിപ്പുകളിൽ വീഴുന്നവരുടെ എണ്ണം രാജ്യത്ത് പെരുകിക്കൊണ്ടേയിരിക്കുകയാണ്. 52-കാരിയായ വനിത സംരംഭകയാണ് ഏറ്റവും ഒടുവിലായി സൈബർ കുറ്റവാളികളുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായത്. 2.7 കോടി രൂപയാണ് അവർക്ക് നഷ്ടമായത്.

ഏപ്രിൽ ആറിനും ഏപ്രിൽ 22നും ഇടയിലായിട്ടായിരുന്നു സംഭവം നടന്നത്, എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സ്ത്രീയെ തട്ടിപ്പുകാർ പ്രലോഭിപ്പിച്ചത്. അവരുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പിൽ അവർ അകപ്പെടുകയായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആദ്യം ഒരു ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലേക്കായിരുന്നു മധ്യവയസ്കയെ തട്ടിപ്പുകാർ ക്ഷണിച്ചത്. യൂട്യൂബ് ചാനലുകൾ ലൈക് ചെയ്യലായിരുന്നു ആദ്യത്തെ ജോലി. അങ്ങനെ ചെയ്താൽ ധാരാളം പണം ലഭിക്കുമെന്നും അവരോട് പറഞ്ഞു.

വൈകാതെ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. വരുമാനം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരട്ടിയാകുമെന്ന വാഗ്ദാനം നൽകി ഇരയിൽ നിന്ന് ധാരാളം പണം നിക്ഷേപമായി അവർ സ്വന്തമാക്കി. തട്ടിപ്പുകാരെ കണ്ണടച്ച് വിശ്വസിച്ച 52-കാരി കൈയ്യിലുള്ള 2.7 കോടി രൂപ ഇത്തരത്തിൽ നിക്ഷേപമായി നൽകി.

വഞ്ചന മനസ്സിലാക്കിയ ഇര ഉടൻ തന്നെ സംഭവം സൈബർ ക്രൈം പൊലീസിനെ അറിയിക്കുകയും, പൊലീസ് കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കുകയും ചെയ്തു. ഇരകളെ തങ്ങളുടെ സ്കീമുകളുടെ ‘നിയമസാധുത’ പറഞ്ഞു വിശ്വസിപ്പിക്കാനായി തട്ടിപ്പുകാർ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ വിവിധ മാർഗങ്ങളാണ് ഉപയോഗിച്ചത്.

അതേസമയം, തട്ടിപ്പുകാരെ കണ്ടെത്തിയ പൊലീസ് ഇരക്ക് പെട്ടന്ന് തന്നെ പണം തിരികെ നൽകാനുള്ള നടപടികളിലാണ്. കോടതിയുടെ അനുമതിയോടെ 1.7 കോടി രൂപ ഇരയ്ക്ക് ഒറ്റ ഗഡുവായി തിരികെ നൽകുമെന്നും ബാക്കിയുള്ളതിൽ 30 ലക്ഷം രൂപയുടെ ക്ലിയറൻസിനായി കാത്തിരിക്കുകയാണെന്നും ഡിസിപി (ഈസ്റ്റ്) കുൽദീപ് കുമാർ ജെയിൻ വെളിപ്പെടുത്തി.

Tags:    
News Summary - Authorities Trace Funds in Online Scam Where Woman Loses Rs 2.7 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.