കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിൽ വീഴ്ച; യൂട്യൂബ് അടക്കമുള്ള കമ്പനികൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആസ്‌ട്രേലിയ

മെൽബൺ: 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കുന്നതിൽ പരാജയപ്പെട്ട ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾക്കെതിരെ കർശന നിയമനടപടിക്കൊരുങ്ങി ആസ്‌ട്രേലിയൻ ഗവൺമെന്റ്. ഡിസംബർ 10ന് നിലവിൽ വന്ന പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയതായി ആസ്‌ട്രേലിയയുടെ ഓൺലൈൻ സേഫ്റ്റി വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്തു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്, യൂട്യൂബ് എന്നിവയാണ് അന്വേഷണം നേരിടുന്ന പ്ലാറ്റ്‌ഫോമുകൾ. പ്രായപരിധി പരിശോധിക്കുന്നതിൽ വരുത്തിയ വീഴ്ചകളും കുട്ടികൾ വ്യാജ വിവരങ്ങൾ നൽകി അക്കൗണ്ട് തുടങ്ങുന്നത് തടയാത്തതുമാണ് നിയമലംഘനം. ചട്ടങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് 49.5 ദശലക്ഷം ആസ്‌ട്രേലിയൻ ഡോളർ (ഏകദേശം 33 ദശലക്ഷം യു.എസ് ഡോളർ) വരെ പിഴ ചുമത്താൻ കോടതിക്ക് അധികാരമുണ്ട്. ആസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പുറത്തുവിട്ട ആദ്യ കംപ്ലയൻസ് റിപ്പോർട്ടിലാണ് പ്ലാറ്റ്‌ഫോമുകളുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നത്.

‘50 ലക്ഷത്തോളം അക്കൗണ്ടുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ടെങ്കിലും, വൻതോതിൽ കുട്ടികൾ ഇപ്പോഴും ഈ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. പ്രായം തെളിയിക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ സംവിധാനങ്ങൾ മറികടന്ന് പുതിയ അക്കൗണ്ടുകൾ നിർമിക്കാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്’ ജൂലി ഇൻമാൻ ഗ്രാന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ പ്രായപൂർത്തിയായിട്ടില്ല എന്ന് രേഖപ്പെടുത്തിയവർക്ക് പോലും വീണ്ടും അക്കൗണ്ട് തുടങ്ങാൻ പ്ലാറ്റ്‌ഫോമുകൾ പ്രേരിപ്പിക്കുന്നതായും, പ്രായം തെളിയിക്കുന്നതിന് എത്ര തവണ വേണമെങ്കിലും ശ്രമിക്കാൻ അനുവാദം നൽകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിയമങ്ങൾ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മെറ്റ അറിയിച്ചെങ്കിലും, ഓൺലൈനിൽ ഒരാളുടെ പ്രായം കൃത്യമായി കണ്ടെത്തുക എന്നത് സാങ്കേതികമായി വലിയ വെല്ലുവിളിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. സ്നാപ്ചാറ്റ് ഇതുവരെ 4.5 ലക്ഷം അക്കൗണ്ടുകൾ പൂട്ടിയതായി വ്യക്തമാക്കി. എന്നാൽ ടിക് ടോക്കും യൂട്യൂബും വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആസ്‌ട്രേലിയയുടെ ഈ പുതിയ നിയമം ലോകത്ത് തന്നെ ആദ്യത്തേതാണ്. ഇതിനെതിരെ നിയമപോരാട്ടങ്ങളും ആരംഭിച്ചിട്ടുണ്ട്. റെഡിറ്റ്, ഡിജിറ്റൽ ഫ്രീഡം പ്രോജക്ട് എന്നീ സംഘടനകൾ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഈ നിയമം പൗരന്മാരുടെ രാഷ്ട്രീയ വിനിമയ സ്വാതന്ത്ര്യത്തെ തടയുന്നു എന്നാണ് ഇവരുടെ വാദം. പ്രാഥമിക വാദം മെയ് 21ന് നടക്കും. ഈ വർഷം പകുതിയോടെ കമ്പനികൾക്കെതിരെയുള്ള കോടതി നടപടികളിൽ അന്തിമ തീരുമാനമുണ്ടാകും.

2024 നവംബറിൽ പാസാക്കിയ 'ഓൺലൈൻ സേഫ്റ്റി അമെൻഡ്മെന്റ് ആക്ട് 2024' പ്രകാരം ആസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈവശം വെക്കുന്നത് നിരോധിച്ചിരുന്നു. ഡിസംബർ 10 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ലോകത്ത് ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ആസ്‌ട്രേലിയ. കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്താനുള്ള ആസ്‌ട്രേലിയയുടെ ശ്രമം വലിയൊരു പരീക്ഷണഘട്ടത്തിലാണ്. മറ്റ് പല രാജ്യങ്ങളും ആസ്‌ട്രേലിയയുടെ ഈ മാതൃക പിന്തുടരാൻ ആലോചിക്കുന്നുണ്ട്.

Tags:    
News Summary - Australia prepares legal action against companies including YouTube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.