പ്രതീകാത്മക ചിത്രം

ആഗോള വിപണി പിടിക്കാൻ 'ആന്ത്രോപിക്'; 'ക്ലോഡ് മിത്തോസ്' ഇനി ഇന്ത്യൻ കമ്പനികൾക്കും ലഭ്യമാകും

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ 'ക്ലോഡ്' ചാറ്റ്‌ബോട്ടിന്റെ നിർമാതാക്കളായ ആന്ത്രോപിക് ഒടുവിൽ ഇന്ത്യയിലേക്കും. പൊതുജനങ്ങൾക്ക് തുറന്നുനൽകാൻ കഴിയാത്തവിധം അതീവ സുരക്ഷാസാധ്യതകളുള്ള തങ്ങളുടെ അത്യാധുനിക സൈബർ സെക്യൂരിറ്റി എ.ഐ മോഡലായ 'മിത്തോസ്'ഇന്ത്യക്ക് കൈമാറാൻ കമ്പനി തീരുമാനിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ഈ പ്രോഗ്രാം ഇതുവരെ അമേരിക്കയിലെയും യു.കെയിലെയും ചില പ്രത്യേക സ്ഥാപനങ്ങൾക്ക് മാത്രമാണ് ലഭ്യമാക്കിയിരുന്നത്.

ലോകത്തെ മുൻനിര കമ്പനിയായ ആന്ത്രോപിക് ഏകദേശം 1 ലക്ഷം കോടി ഡോളർ വിപണി മൂല്യം ലക്ഷ്യമിട്ട് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷനിൽ ഐ.പി.ഒയ്ക്കായി രഹസ്യമായി അപേക്ഷ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം.സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിലെയും ഐടി ഇൻഫ്രാസ്ട്രക്ചറുകളിലെയും അതീവ സങ്കീർണമായ സുരക്ഷാ വീഴ്ചകളും കോഡിങ്ങിലെ പിഴവുകളും നിമിഷനേരം കൊണ്ട് കണ്ടെത്താൻ രൂപകൽപന ചെയ്ത ഒരു പ്രത്യേക എ.ഐ മോഡലാണിത്. ആന്ത്രോപിക്കിന്റെ പൊതുവായ ക്ലോഡ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി വളരെ നിർണായകമായ ലക്ഷ്യത്തോടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ഈ മോഡൽ വികസിപ്പിച്ചെങ്കിലും, ദുരുപയോഗം ചെയ്യപ്പെട്ടാൽ സൈബർ ആക്രമണങ്ങൾക്ക് വലിയ ആയുധമാകുമെന്നതിനാൽ പൊതുജനങ്ങൾക്ക് ഇതിന്റെ ആക്സസ് നൽകില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. പരമ്പരാഗത സുരക്ഷാ പരിശോധനകളെക്കാൾ അതിവേഗത്തിൽ വലിയ അളവിലുള്ള കോഡുകൾ ഒരേസമയം പരിശോധിച്ച്, ഇതുവരെ ആരും കണ്ടെത്താത്ത സുരക്ഷാ പിഴവുകൾ കണ്ടെത്താൻ മിത്തോസിന് സാധിക്കും.

ലോകത്തെ ഏറ്റവും നിർണായകമായ സോഫ്റ്റ്‌വെയറുകളും അടിസ്ഥാന സൗകര്യങ്ങളും സൈബർ ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്നതിനായി ആന്ത്രോപിക് രൂപവത്കരിച്ച ആഗോള കൂട്ടായ്മയാണ് 'പ്രോജക്ട് ഗ്ലാസ്വിങ്'. ഈ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള 15 രാജ്യങ്ങളിലെ 150 സ്ഥാപനങ്ങൾക്ക് മിത്തോസ് എ.ഐ ലഭ്യമാക്കുന്നത്.

ഇന്ത്യക്ക് പുറമെ കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും നാറ്റോയും ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്. സാംസങ് ഇലക്ട്രോണിക്സ്, ഓക്റ്റ, ആഗോള പേമെന്റ് ശൃംഖലയായ സ്വിഫ്റ്റ് തുടങ്ങിയ വമ്പൻമാരും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും.ഇന്ത്യ ഔദ്യോഗികമായി പാശ്ചാത്യ ഇന്റലിജൻസ് സഖ്യങ്ങളായ 'ഫൈവ് ഐസ്' അല്ലെങ്കിൽ 'നാറ്റോ' എന്നിവയിൽ അംഗമല്ല. അതുകൊണ്ടുതന്നെ പ്രോജക്ട് ഗ്ലാസ്വിങ്ങിലേക്കുള്ള ഇന്ത്യയുടെ വരവ് അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ-സാങ്കേതിക പ്രാധാന്യമുള്ളതാണ്.

ഇന്ത്യ നിലവിൽ ഡിജിറ്റൽ പൊതു സൗകര്യങ്ങളിലും എ.ഐ വികസനത്തിലും ലോകത്തിന്റെ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾക്കും ഊർജം, ജലം, ആരോഗ്യമേഖല തുടങ്ങിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള സൈനിക സ്വഭാവമുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ട്. ഒരു സൈബർ ആക്രമണം ഉണ്ടായാൽ ഏകദേശം 10 കോടിയിലധികം ജനങ്ങളെ അത് ബാധിച്ചേക്കാമെന്നതാണ് അവസ്ഥ. മിത്തോസ് എ.ഐ ലഭിക്കുന്നതോടെ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തങ്ങളുടെ സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ പെട്ടെന്ന് പരിഹരിക്കാനും സൈബർ പ്രതിരോധം ശക്തമാക്കാനും സാധിക്കും.

Tags:    
News Summary - 'Anthropic' to capture global market; 'Claude Mythos' will now be available to Indian companies too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.