അപകടത്തിൽ പെട്ടുവെന്നോ ആരെങ്കിലും പിടിച്ചുവെച്ചിരിക്കുന്നുവെന്നോ പറഞ്ഞ്, പണത്തിനായി നിങ്ങളുടെ പ്രിയപ്പട്ടവർ വിളിച്ചാലും ഒരു നിമിഷം ആലോചിച്ച ശേഷമേ അടുത്ത ചുവട് വെക്കാവൂ എന്നാണ് എ.ഐ കാലം നമ്മോട് പറയുന്നത്. ഡൽഹിയിലെ ഒരു ബിസിനസുകാരന് സംഭവിച്ച കഥ കേൾക്കാം: അജ്ഞാത നമ്പറിൽ നിന്ന് അദ്ദേഹത്തിന് കോൾ വന്നു. എടുത്തപ്പോൾ, ‘പൊലീസാണെന്നും നിങ്ങളുടെ അനന്തിരവൻ ലൈംഗികാതിക്രമത്തിന് പിടിയിലായെ’ന്നുമായിരുന്നു സംസാരിച്ചയാളുടെ വിശദീകരിക്കൽ.
അനന്തിരവന് കൊടുക്കാം എന്നു പറഞ്ഞ്, ‘പൊലീസുകാരൻ’ ഫോൺ കൈമാറി. ‘‘അമ്മാവാ, എന്നെ രക്ഷിക്കൂ’’ എന്ന അനന്തിരവന്റെ ശബ്ദം. വീണ്ടും ‘പൊലീസ്’: ‘ 75000 രൂപ കിട്ടിയാൽ അതിക്രമത്തിന് ഇരയായവർ കേസിൽ നിന്ന് ഒഴിവാകാം എന്നു പറഞ്ഞിട്ടുണ്ട്. എന്തു പറയുന്നു’’. ഇതോടെ ബിസിനസുകാരൻ അനന്തിരവനെ രക്ഷിക്കാൻ പണം അയച്ചുകൊടുത്തു. ശുദ്ധ തട്ടിപ്പായിരുന്നു ഇത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അനന്തരവന്റെ ശബ്ദം ക്ലോൺ ചെയ്ത് തട്ടിപ്പുകാർ ഉപയോഗിക്കുകയായിരുന്നു. യഥാർഥ കക്ഷി ഇത് അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല.
എ.ഐ വോയ്സ് തട്ടിപ്പ് കണ്ടെത്താം
നമ്മുടെ കുടുംബാംഗമെന്നോ സുഹൃത്തെന്നോ പറഞ്ഞായിരിക്കും വിളി. അപ്പോൾ, അവർക്കു മാത്രം ഉത്തരം പറയാവുന്ന ഒരു ചോദ്യം ചോദിക്കുക. അതിനു മറുപടി ഇല്ലെങ്കിൽ അതൊരു തട്ടിപ്പ് വിളി ആയിരിക്കാം. നിങ്ങളുടെ ഉറ്റവരുടേതെന്നുപറഞ്ഞ് കേൾപ്പിക്കുന്ന ശബ്ദം വളരെ കുറഞ്ഞ സമയം മാത്രമാണ് ഉള്ളതെങ്കിൽ സംശയിക്കുക.
അജ്ഞാത നമ്പറിൽനിന്നാണ് വിളിയെങ്കിൽ അവിടന്നുതന്നെ തുടങ്ങണം സംശയം. ോഗവോയ്സുകളും വ്യക്തിഗത വിഡിയോകളും ഷെയർ ചെയ്യുമ്പോൾ തട്ടിപ്പുകാരുടെ കൈയിൽ എത്താതിരിക്കാൻ ശ്രദ്ധിക്കുക.
എ.ഐ വോയ്സ് ക്ലോണിങ്; പുതിയ ആപത്ത്
ശബ്ദം ക്ലോൺ ചെയ്ത് തട്ടിപ്പു നടത്തുന്നത് ഏതാനും വർഷമായി നടക്കുന്നുണ്ട്. എ.ഐ വോയ്സ് ക്ലോണിങ്ങിനായി മാസം 23,000 സെർച്ചുകൾ വരുന്നുവെന്നാണ് കണക്ക്. 2024ൽ ഏറ്റവും മുന്നിലുള്ള തട്ടിപ്പുകളിലൊന്നാണിതെന്ന് എ.ഐ പ്രോംപ്റ്റിൽ സ്പെഷലൈസ് ചെയ്യുന്ന സ്വകാര്യ കമ്പനി പറയുന്നു. ‘‘മൂന്നു സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ശബ്ദശകലം കൊണ്ട് തട്ടിപ്പുകാർക്ക് വ്യാജ സംഭാഷണങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അതായത്, തട്ടിപ്പുകാർ ഫോണിൽ വിളിച്ച്, നമ്മുടെ ഒരു ‘ഹലോ’ സംഘടിപ്പിക്കും. ശേഷം അതുപയോഗിച്ച് നമ്മുടെ മുഴുനീള സംഭാഷണം സൃഷ്ടിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.