വലിയ പരീക്ഷകളിൽ വിജയിച്ച ചാറ്റ്ജി.പി.ടി, യു.പി.എസ്.സി എഴുതിയപ്പോൾ സംഭവിച്ചത്

ടെക് ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്‌ബോട്ടായ ചാറ്റ്ജി.പി.ടി, പല കാരണങ്ങളാൽ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. നിർദേശങ്ങൾ കൊടുത്താൽ വർക് ഇ-മെയിലുകളും അസൈൻമെന്റുകളും പൈത്തൺ കോഡുകളുമൊക്കെ തയ്യാറാക്കി നൽകുന്ന ചാറ്റ്ജി.പി.ടി ഏവരെയും അമ്പരപ്പിച്ചത് വലിയ പരീക്ഷകൾ എഴുതി ജയിച്ചായിരുന്നു.

നിയമ പരീക്ഷയിലും, മെഡിക്കല്‍ പരീക്ഷയിലും ചാറ്റ്ജി.പി.ടി മികച്ച മാർക്കോടെ പാസായ വാർത്തകൾ നാം കേട്ടു. അതുപോലെ, അമേരിക്കയിലെ പെനിസില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂളിന്റെ എംബിഎ പരീക്ഷയും പുതിയ ചാറ്റ്ബോട്ട് പാസായി.

എന്നാൽ, ഈ ട്രെൻഡ് പിന്തുടർന്ന് ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യു.പി.എസ്.സി പരീക്ഷയും ചാറ്റ്ജി.പി.ടിയെ കൊണ്ട് എഴുതിച്ചു. അനലിറ്റിക്സ് ഇന്ത്യ മാഗസിനാണ് പരീക്ഷണം നടത്തിയത്. എന്നാൽ, യു.പി.എസ്‌.സി 2022ലെ പ്രിലിമിനറിയുടെ സെറ്റ് എ, ചോദ്യപേപ്പർ 1-ൽ നിന്നുള്ള 100-ൽ 54 ചോദ്യങ്ങൾക്ക് മാത്രമേ ചാറ്റ്ബോട്ടിന് ഉത്തരം നൽകാൻ കഴിഞ്ഞുള്ളൂ.

2021-ലെ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കുള്ള 87.54 ശതമാനം കട്ട് ഓഫ് ക്ലിയർ ചെയ്യാൻ കഴിയാത്തതിനാൽ AI ചാറ്റ്ബോട്ട് പരാജയപ്പെട്ടതായി മാഗസിൻ പറയുന്നു. ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, പരിസ്ഥിതി ശാസ്ത്രം, ശാസ്ത്രം, സമകാലിക വിഷയങ്ങൾ, സാമൂഹിക വികസനം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളായിരുന്നു ചോദ്യങ്ങൾ.

യു‌.പി‌.എസ്‌.സിയുടെ പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാൻ കഴിയുമോ..? എന്ന് ചാറ്റ്‌ജി.പി.ടിയോട് ചോദിച്ചപ്പോൾ, വ്യക്തമായ ഉത്തരം നൽകാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞില്ല. "ഒരു എ.ഐ ഭാഷാ മോഡൽ എന്ന നിലയിൽ, യു.പി.എസ്‌.സി പരീക്ഷയെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചുമെല്ലാം വിപുലമായ അറിവും വിവരങ്ങളും എനിക്കുണ്ട്. എന്നാൽ, യു.പി.എസ്‌.സി പ്രിലിംസ് പരീക്ഷ വിജയിക്കുന്നതിന് അറിവ് മാത്രമല്ല, വിമർശനാത്മക ചിന്താശേഷി, ആപ്ലിക്കേഷൻ കഴിവുകൾ, സമയ മാനേജ്മെന്റ് എന്നിവയും ആവശ്യമാണ്. അതുകൊണ്ട് തന്നെ യു.പി.എസ്‌.സിയുടെ പ്രിലിമിനറി പരീക്ഷ പാസാകുമോ ഇല്ലയോ എന്ന കാര്യത്തിൽ എനിക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിയില്ല’’. -ചാറ്റ്ജി.പി.ടി പറഞ്ഞു.

Tags:    
News Summary - AI Chatbot ChatGPT ​Tries UPSC Prelims Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.