സൗഹൃദത്തിനും പ്രണയത്തിനും മാനസിക പിന്തുണക്കുമൊക്കെ എ.ഐ ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. ചാറ്റ് ജി.പി.ടി, ജെമനൈ, ക്ലോഡ് തുടങ്ങിയ ചാറ്റ് ബോട്ടുകൾക്ക് ആരാധകരും ഏറെയാണ്. എന്നാൽ, അമിതമായി ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നത് ഗുരുതര പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് മനഃശാസ്ത്ര വിദഗ്ധർ. യഥാർഥ മനുഷ്യരിൽനിന്ന് വ്യത്യസ്തമായി, ഉപയോക്താക്കൾ പറയുന്ന എല്ലാത്തിനും പോസിറ്റിവായി പ്രതികരിക്കുന്ന തരത്തിലാണ് ചാറ്റ്ബോട്ടുകളെ പ്രോഗ്രാം ചെയ്തിരിക്കുന്നത്.

ഇവർ ഉപയോക്താക്കളുടെ പ്രതികരണങ്ങളോട് 'ഇല്ല' എന്നോ അവർ തെറ്റാണെന്നോ പറയില്ല. ആരെയെങ്കിലും അവരുടെ അഭിപ്രായങ്ങൾക്ക് വിമർശിക്കുകയുമില്ല. ഇത് ദുർബലരായ, അല്ലെങ്കിൽ യഥാർഥ ലോകത്ത് ശക്തമായ ബന്ധങ്ങൾ ഇല്ലാത്ത ആളുകൾക്ക് ഒരു ലഹരിപോലെ പ്രവർത്തിക്കുന്നു. ഇത് എ.ഐ സൈക്കോസിസ്, എ.ഐ അഡിക്ഷൻ എന്നീ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇത് നിയമവിരുദ്ധമായ മരുന്ന് ഉപയോഗിച്ച് സ്വയം ചികിത്സിക്കുന്നതുപോലെ ആണെന്നും വിദഗ്ധർ പറയുന്നു.

ചാറ്റ്ബോട്ടുകൾ ഉപയോക്താക്കളുടെ മിഥ്യാധാരണകളെയും വികലമായ ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് യഥാർഥമല്ലാത്ത കാര്യങ്ങളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് എ.ഐ സൈക്കോസിസ്. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവരിൽ ഈ അവസ്ഥാന്തരങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

ചാറ്റ്ബോട്ടിനൊപ്പം ചെലവഴിക്കുന്ന സമയത്തിൽ നിയന്ത്രണം നഷ്ടപ്പെടൽ, മാനസികാവസ്ഥയോ ഏകാന്തതയോ നിയന്ത്രിക്കാൻ എ.ഐ ഉപയോഗിക്കുന്നത്, യഥാർഥ ജീവിത ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും അവഗണിക്കൽ, ചാറ്റ്ബോട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്തപ്പോൾ പ്രകോപിതരാവുക എന്നിവയാണ് എ.ഐ അഡിക്ഷന്‍റെ ലക്ഷണങ്ങളെന്ന് ലണ്ടനിലെ കിങ്സ് കോളജിലെ ന്യൂറോ സൈക്യാട്രിസ്റ്റായ ഡോ. ഹാമിൽട്ടൺ മോറിൻ പറയുന്നു.

ചാറ്റ് ജി.പി.ടിയുടെ മുൻ പതിപ്പുകൾ (ജി.പി.ടി-4o പോലുള്ളവ) ഉപയോക്താക്കളുടെ നെഗറ്റിവ് വികാരങ്ങളെയും മിഥ്യാധാരണകളെയും ശക്തിപ്പെടുത്തുന്നതായും ഈ സ്വഭാവരീതികൾ കുറക്കുന്നതിനായി അപ്‌ഡേറ്റുകൾ വരുത്തിയതായും കമ്പനിതന്നെ പറയുന്നുണ്ട്. എ.ഐ കാരണമുണ്ടാകുന്ന മാനസിക ആഘാതം തടയുന്നതിനായി കർശന സുരക്ഷ നടപടികൾ വേണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Addicted to chat bots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.