കാമറ വിപ്ലവവുമായി വിവോ: എക്സ്500 സീരീസ് സെപ്റ്റംബർ 21-ന് പുറത്തിറങ്ങും; ഇന്ത്യയിലേക്ക് ഒക്ടോബറിൽ

ബെയ്ജിങ് : കാമറ സാങ്കേതികവിദ്യയിലും ഫോട്ടോഗ്രാഫിയിലും വൻ മുന്നേറ്റവുമായി വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ശ്രേണിയായ വിവോ എക്സ്500 (Vivo X500) സീരീസ് സെപ്റ്റംബർ 21-ന് ചൈനയിൽ പുറത്തിറക്കും. സ്റ്റാൻഡേർഡ് എക്സ്500, എക്സ്500 പ്രോ, എക്സ്500 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് പ്രീമിയം മോഡലുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. ചൈനയിൽ നടന്ന വിവോ ക്രിയേറ്റർ ഫെസ്റ്റിവലിൽ പ്രഖ്യാപിച്ച ഈ സ്മാർട്ട്ഫോൺ സീരീസ് ഒക്ടോബറോടെ ഇന്ത്യൻ വിപണിയിലും വിൽപനയ്‌ക്കെത്തുമെന്നാണ് സൂചന.

മീഡിയാടെക്കിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ ഫ്ലാഗ്ഷിപ്പ് പ്രൊസസറുകളായ ഡിമെൻസിറ്റി 9600, ഡിമെൻസിറ്റി 9600 പ്രോ ചിപ്‌സെറ്റുകളായിരിക്കും വിവോ എക്സ്500 സീരീസിന് കരുത്തുപകരുക. ഇതിനുപുറമേ, റിയൽ-ടൈം ലോഗ് (Log) വീഡിയോ പ്രോസസ്സിംഗിനായി 2 നാനോമീറ്റർ പ്ലാറ്റ്‌ഫോമിൽ വിവോയും മീഡിയാടെക്കും ചേർന്ന് വികസിപ്പിച്ച കസ്റ്റം ഇമേജിങ് കോ-പ്രൊസസറും ഫോണിൽ ഉണ്ടാകും. കമ്പനിയുടെ ഏറ്റവും പുതിയ ഒഎസ് ആയ ഓറിജിൻഓഎസ് 7 (OriginOS 7)-ൽ ആയിരിക്കും ഫോണിന്റെ പ്രവർത്തനം.

പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും ലക്ഷ്യമിട്ട് നിർമ്മിച്ച എക്സ്500 സീരീസിൽ സോണിയുമായി ചേർന്ന് വികസിപ്പിച്ച ബ്ളൂപ്രിന്റ് ലൈറ്റ്‌ഗാർഡ് 900 പ്രൈമറി സെൻസറും സൈസ് (ZEISS) T* കോട്ടിങ്ങുമാണ് ഉപയോഗിച്ചിരിക്കുന്നത്. സിനിമാ കാമറകൾക്ക് സമാനമായ 17 EV ഡൈനാമിക് റേഞ്ചും 4K 240fps അൾട്രാ സ്ലോ-മോഷൻ വീഡിയോ റെക്കോർഡിങ്ങും ഇതിന്റെ വലിയ പ്രത്യേകതകളാണ്. സീരീസിലെ ഏറ്റവും ഉയർന്ന മോഡലായ എക്സ്500 പ്രോ മാക്സിൽ 3D ഗിംബൽ സ്റ്റെബിലൈസേഷൻ സിസ്റ്റവും തത്സമയം കൃത്യമായ ഫ്രെയിമുകൾ നിർദ്ദേശിക്കുന്ന പുതിയ എഐ ഫോട്ടോഗ്രാഫി അസിസ്റ്റന്റും ഉണ്ടാകും. ബിഒഇ-യുടെ 6.85 ഇഞ്ച് 2K 144Hz അമോലെഡ് (AMOLED) ഡിസ്‌പ്ലേയോടു കൂടിയെത്തുന്ന ഫോണുകൾക്ക്, ആഗോളതലത്തിൽ നിലനിൽക്കുന്ന മെമ്മറി ചിപ്പ് പ്രതിസന്ധി മൂലം മുൻ മോഡലുകളേക്കാൾ ഉയർന്ന വില നൽകേണ്ടി വരും.

Tags:    
News Summary - Vivo X500 Series Launching on September 21 with Advanced Camera Features; India Launch in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.