കാലിഫോർണിയ: ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഐഫോൺ 18 പ്രോ സീരീസ് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മാസങ്ങൾ ബാക്കിനിൽക്കെ, പ്രമുഖ ആപ്പിൾ അനലിസ്റ്റുകളും വിതരണ ശൃംഖലകളും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2026 സെപ്റ്റംബറിൽ പുതിയ ഫോണുകൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം കാമറ, പ്രൊസസ്സർ, ബാറ്ററി എന്നിവയിലാണ് ആപ്പിൾ ഇത്തവണ വൻ അപ്ഗ്രേഡുകൾ ഒരുക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഐഫോൺ മോഡലുകളിൽ വലിയ ഡിസൈൻ മാറ്റങ്ങൾ വരുത്താത്ത ആപ്പിൾ, ഇത്തവണ ഫോണിന്റെ മുൻഭാഗത്തെ 'ഡൈനാമിക് ഐലൻഡ്' ന്റെ വലിപ്പം കുറക്കുമെന്നാണ് സൂചനകൾ. ഫേസ് ഐ.ഡി ഘടകങ്ങൾ ഡിസ്‌പ്ലേക്ക് ഉള്ളിലേക്ക് മാറ്റുന്നതിലൂടെയാണിത് സാധ്യമാകുന്നത്. ഇത്തവണത്തെ പ്രധാന ആകർഷണം 'ഡാർക്ക് ചെറി' എന്ന പുതിയ ചുവപ്പ് നിറമായിരിക്കും. ഇതിന് പുറമെ ക്ലൗഡ് ബ്ലൂ, സിൽവർ, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളും പരീക്ഷണഘട്ടത്തിലാണ്. ഫോണിൽ 120Hz പ്രോമോഷൻ സപ്പോർട്ടുള്ള 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ ആയിരിക്കും നൽകുക.
ഐഫോൺ 18 പ്രോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ മെയിൻ കാമറയിൽ വരാൻ പോകുന്ന വേരിയബിൾ അപ്പർച്ചർ സാങ്കേതികവിദ്യയാണ്. നിലവിലുള്ള ഐഫോണുകളിലെ ഫിക്സഡ് അപ്പർച്ചറിൽ നിന്ന് വ്യത്യസ്തമായി, പ്രകാശത്തിന്റെ അളവ് അനുസരിച്ച് ലെൻസിന്റെ അപ്പർച്ചർ സ്വയം ക്രമീകരിക്കാൻ ഇതിനാകും. കടുത്ത ഇരുട്ടിലും മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും, ഡിജിറ്റൽ സഹായമില്ലാതെ തന്നെ പശ്ചാത്തലം മനോഹരമായി ബ്ലർ ചെയ്യാനും ഇത് സഹായിക്കും. മെച്ചപ്പെട്ട ടെലിഫോട്ടോ ലെൻസും വേഗതയേറിയ ഇമേജ് പ്രൊസസ്സിങ്ങും ഇതിന്റെ മാറ്റുകൂട്ടും.
പെർഫോമൻസിന്റെ കാര്യത്തിൽ ഐഫോൺ 18 പ്രോ വിപണിയെ ഞെട്ടിക്കും. തായ്‌വാൻ കമ്പനിയായ TSMC യുടെ ഏറ്റവും പുതിയ 2 നാനോമീറ്റർ (2nm) പ്രോസസ്സിൽ നിർമിക്കുന്ന 'A20 Pro' ചിപ്പാണ് ഇതിൽ ഉപയോഗിക്കുക. ഇതോടെ സി.പി.യു വേഗതയും ഗ്രാഫിക്സും വർധിക്കുമെന്ന് മാത്രമല്ല, ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ കൂടുതൽ കരുത്തോടെ പ്രവർത്തിക്കുകയും ചെയ്യും. 2nm ചിപ്പിന്റെ മികച്ച ഊർജക്ഷമത കാരണം ഫോണിന് മുൻ മോഡലുകളേക്കാൾ ഉയർന്ന ബാറ്ററി ബാക്കപ്പും ലഭിക്കും. 5,100 mAh മുതൽ 5,200 mAh വരെ ശേഷിയുള്ള ബാറ്ററിയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.
വലിയ ബാറ്ററി ഉൾപ്പെടുത്തുന്നതിനായി പ്രോ മാക്സ് മോഡലുകളുടെ കട്ടി നേരിയ തോതിൽ വർദ്ധിച്ചേക്കാം. പുതിയ A20 Pro ചിപ്പിന്റെ ഊർജക്ഷമതയും കൂടിയാകുമ്പോൾ ഐഫോൺ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററി ലൈഫായിരിക്കും ഈ ഫോൺ നൽകുക. ഇന്ത്യയിലെ ലോഞ്ച് വിലയിൽ വലിയ വർധനയുണ്ടാകില്ലെന്നാണ് സൂചനകൾ. എങ്കിലും പ്രീമിയം ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ പിന്നീട് ഉപയോഗിക്കാൻ ചെറിയ സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഏർപ്പെടുത്തിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.