ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട്: സർക്കാർ ഡാറ്റയുടെ നിയന്ത്രണം ഇന്ത്യൻ കൈകളിലേക്ക്; വിദേശ സെർവറുകളെ ഒഴിവാക്കാൻ നീക്കം
ന്യൂഡൽഹി: ഡാറ്റാ സംരക്ഷണ നിയമത്തിന് മുന്നോടിയായി വൻ നീക്കവുമായി കേന്ദ്ര സർക്കാർ. സർക്കാർ ഡാറ്റയുടെ നിയന്ത്രണം പൂർണമായും ഇന്ത്യൻ കൈകളിലേക്ക് കൊണ്ടുവരാൻ തീരുമാനം. വിദേശ സെർവറുകളെയും ക്ലൗഡ് സേവനങ്ങളെയും ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ലക്ഷക്കണക്കിന് ഡാറ്റാസെറ്റുകൾ തദ്ദേശീയ സംവിധാനമായ ശക്തി ഡിബിയിലേക്ക് (ശക്തി ഡിബി) മാറ്റാനാണ് പദ്ധതി.
ആമസോൺ വെബ് സർവീസസ് (എ.ഡബ്ല്യുഎസ്), ഗൂഗിൾ ക്ലൗഡ് തുടങ്ങിയ വിദേശ സേവനങ്ങളിലാണ് നിലവിൽ നിർണായക സർക്കാർ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഈ ആശ്രിതത്വം ഘട്ടം ഘട്ടമായി കുറക്കുകയാണ് ലക്ഷ്യം. ഏകദേശം 4.8 ലക്ഷം ഓപ്പൺ ഡാറ്റാസെറ്റുകൾ ഉൾപ്പെടെ വിപുലമായ ഡാറ്റാ ശേഖരം പുതിയ സംവിധാനത്തിലേക്ക് മാറും.
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (ഡി.പി.ഡി.പി ആക്ട് 2023) ആണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. 2023ൽ പാർലമെന്റ് പാസാക്കിയ ഈ നിയമം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ സൂക്ഷിക്കണം, പ്രോസസ്സ് ചെയ്യണം, സംരക്ഷിക്കണം എന്നതിന് കർശനമായ മാനദണ്ഡങ്ങൾ നൽകുന്നു. ഈ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ 2027 മെയ് 13 മുതൽ പ്രാബല്യത്തിൽ വരും. അതിന് മുന്നോടിയായാണ് സർക്കാർ സ്വന്തം ഡാറ്റാ സംവിധാനം ശക്തിപ്പെടുത്തുന്നത്.
ഡാറ്റ ഇന്ത്യൻ ക്ലൗഡിലേക്ക് മാറ്റുന്നത് കൊണ്ട് മാത്രം നിയമം പാലിക്കൽ ആകില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ വകുപ്പുകളും കർശനമായി പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
ഒക്ടോബർ 7ന് ചേർന്ന ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം കൈകാര്യം ചെയ്യാൻ ശക്തി ഡിബിക്ക് എത്രത്തോളം ശേഷിയുണ്ട്, എന്തൊക്കെ സുരക്ഷാ മാനദണ്ഡങ്ങൾ വേണം, ഡാറ്റാ ഭരണ നയങ്ങൾ എങ്ങനെ വേണം തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തി.
നിലവിൽ വിവിധ മന്ത്രാലയങ്ങളിലായി 16,000ത്തോളം ഡാറ്റാസെറ്റുകൾ സർക്കാരിന്റെ ഡാറ്റാ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാണ്. പൊതു ഡാറ്റയും സെൻസിറ്റീവ് ഡാറ്റയും തമ്മിൽ വ്യക്തമായ വേർതിരിവ് വരുത്തി സുരക്ഷ ഉറപ്പാക്കും. ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് മിഷന് കീഴിലുള്ള എഐകോഷ് പ്ലാറ്റ്ഫോം നിലവിൽ ഗവേഷകർക്കായി ഡാറ്റ നൽകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഗവേഷണത്തിനായി സർക്കാർ ഒരുക്കിയിരിക്കുന്ന ഡാറ്റാ ശേഖരണ പ്ലാറ്റ്ഫോമാണ് എഐകോഷ് എങ്കിലും പുതിയ പദ്ധതി അതിലും വിപുലമാണ്. സർക്കാർ ഡാറ്റയുടെ സംഭരണവും സുരക്ഷയും പൂർണമായും ഇന്ത്യൻ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ആത്യന്തിക ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.