ന്യൂഡൽഹി: പോസ്റ്റ് ചെയ്താൽ അടിപൊളിയായേക്കുന്ന വീഡിയോയും ഫോട്ടോകളും ഫോണിന്റെ ഗാലറിയിലുണ്ടെങ്കിൽ ഇനി ഫെയ്സ്ബുക്ക് അത് ഓർമിപ്പിക്കും. ഉപയോക്താവിന്റെ ഫോൺ ഗാലറി നിർമിത ബുദ്ധിയുപയോഗിച്ച് (എ.ഐ) സ്കാൻ ചെയ്താണ് ഇതിന് സൗകര്യമൊരുക്കുക.
ആദ്യഘട്ടത്തിൽ യു.എസിലും കാനഡയിലുമാണ് എ.ഐ ടൂൾ ലഭ്യമാകുക. അനുവാദം നൽകിയാൽ, ഉപയോക്താവിന്റെ ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും സംവിധാനം സ്കാൻ ചെയ്യും. തുടർന്ന് മെറ്റയുടെ ക്ളൗഡ് സംവിധാനമുപയോഗിച്ച് മികച്ച ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കൾക്ക് ചൂണ്ടിക്കാണിക്കും. മുമ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തവ പ്രത്യേകം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന രീതിയിലാണ് ടൂളിന്റെ പ്രവർത്തനമെന്ന് മെറ്റ വ്യക്തമാക്കി.
വീഡിയോകളുടെയും ചിത്രങ്ങളുടെയും എഡിറ്റ് ചെയ്ത കോപ്പികൾ മുൻകൂട്ടി ലഭ്യമാവുന്ന തരത്തിലാണ് ടൂൾ ക്രമീകരിച്ചിരിക്കുന്നത്. ഇവ തുടർന്ന് പോസ്റ്റ് ചെയ്യാനോ ഗാലറിയിലേക്ക് സേവ് ചെയ്യാനോ ഉപയോക്താക്കൾക്കാകും. നിലവിൽ ഗൂഗിൾ ഫോട്ടോയിലും സമാനമായ സംവിധാനമുണ്ട്.
മുമ്പ് ജൂണിൽ ഇതേ ടൂൾ മെറ്റ പരീക്ഷിച്ചിരുന്നു. അതേസമയം, പ്രസിദ്ധീകരിക്കപ്പെടാത്തതും സ്വകാര്യവുമായ ചിത്രങ്ങൾ മെറ്റയുടെ നിർമിതബുദ്ധിയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയ കമ്പനി ഭാവിയിൽ ഇത് ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.
തങ്ങളുടെ എ.ഐ ടൂളുപയോഗിച്ച് എഡിറ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യാത്ത ചിത്രങ്ങൾ എ.ഐ പരിശീലനത്തിന് ഉപയോഗിക്കില്ലെന്നാണ് നിലവിൽ മെറ്റ നൽകുന്ന വിശദീകരണം. ഉപയോക്താക്കളുടെ ഫോൺ ഗാലറിയിൽ നിന്ന് മെറ്റയുടെ ക്ളൗഡിലേക്ക് അപ് ലോഡ് ചെയ്താണ് എ.ഐ ടൂൾ പ്രവർത്തിക്കുകയെന്ന് വ്യക്തമാക്കിയ മെറ്റ ചില വിവരങ്ങൾ 30 ദിവസത്തിന് ക്ളൗഡിൽ സൂക്ഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, 2007 മുതൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കപ്പെട്ട പബ്ളിക് പോസ്റ്റുകളിലെ വിവരങ്ങൾ തങ്ങളുടെ എ.ഐയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം മെറ്റ വ്യക്തമാക്കിയിരുന്നു. പുതിയ ടൂളിന് പ്രവർത്തനാനുമതി നൽകുന്നവർ ചിത്രങ്ങളുടെയും വീഡിയോകളുടെയും ക്ളൗഡ് പരിശോധനക്കുള്ള അനുമതിയും നൽകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.