സൗരയൂഥത്തിന് സമാനമായ പുതിയ ഗ്രഹമണ്ഡലം കണ്ടത്തെി

വാഷിങ്ടണ്‍: നാം അധിവസിക്കുന്ന ഭൂമി ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തിനു സമാനമായ ഗ്രഹമണ്ഡലത്തെ ഗവേഷകര്‍ കണ്ടത്തെി. സൂര്യനുമായി പല അര്‍ഥത്തിലും സാമ്യതകളുള്ള എച്ച്.ഡി115600 എന്ന നക്ഷത്രത്തിനു ചുറ്റുമാണ് പുതിയ ഗ്രഹങ്ങള്‍ രൂപംകൊള്ളുന്നതായി നിരീക്ഷിക്കപ്പെട്ടത്. ഹവായിയിലെ സുബാറു വാനനിരീക്ഷണാലയത്തിലെ ഡോ. തയാനെ ക്യൂറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ തിരിച്ചറിഞ്ഞത്. 
താരതമ്യേന പ്രായംകുറഞ്ഞ നക്ഷത്രമാണ് എച്ച്.ഡി115600. ഈ നക്ഷത്രത്തിനു ചുറ്റും ഗ്രഹമണ്ഡലം രൂപപ്പെടുന്നത് നിരീക്ഷിക്കാനാവുന്നതിലൂടെ സൗരയൂഥത്തില്‍ എപ്രകാരമാണ് ഗ്രഹങ്ങള്‍ രൂപംകൊണ്ടതെന്നതു സംബന്ധിച്ച ധാരണ ശാസ്ത്രലോകത്തിനു ലഭിക്കും. അതുവഴി, ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചതെങ്ങനെയെന്നതടക്കമുള്ള നിര്‍ണായക വിഷയങ്ങളിലേക്കും സൂചന ലഭിക്കും.  4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  സൂര്യനും അനുബന്ധ ഗ്രഹങ്ങളും എപ്രകാരമായിരുന്നുവോ അതുപോലെയാണ് ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്ന ഗ്രഹമണ്ഡലമെന്ന് ഡോ. തയാനെ പറഞ്ഞു. മാതൃനക്ഷത്രത്തിനു ചുറ്റും  ചെറു ഗ്രഹ ശകലങ്ങളും പൊടിപടലങ്ങളുമാണ് ഇപ്പോള്‍ അവിടെയുള്ളത്. സൗരയൂഥത്തിന്‍െറ അതിര്‍വരമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുയിപര്‍ ബെല്‍റ്റും സൂര്യനും തമ്മിലുള്ള അകലത്തിന് ഏതാണ്ട് സമാനമാണ് ഈ ഗ്രഹമണ്ഡലവും മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. ഇത് കാണിക്കുന്നത് ഭൗമ സമാന ഗ്രഹങ്ങളടക്കമുള്ളവ ഭാവിയില്‍ ഇവിടെ രൂപപ്പെടാമെന്നതാണെന്ന് ഡോ. തയാനെ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.