സോളാര്‍ ഇംപള്‍സ് ഈ വര്‍ഷം പറക്കില്ല

ഹുനോലുലു (ഹവായ്): സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സോളാര്‍ ഇംപള്‍സ് വിമാനത്തിന്‍െറ പരീക്ഷണപ്പറക്കല്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ അബൂദബിയില്‍നിന്ന് ആരംഭിച്ച് പലഘട്ടങ്ങളിലായി ഏകദേശം 20,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഹവായിയിലത്തെിയ വിമാനം ഇനി ഈ വര്‍ഷം പ്രവര്‍ത്തിപ്പിക്കില്ല. 
യാത്രക്കിടെ സോളാര്‍ ബാറ്ററികള്‍ തകരാറായതിനാലാണ് പരീക്ഷണം നിര്‍ത്തിവെക്കാന്‍ സോളാര്‍ ഇംപള്‍സ് ടീമിനെ പ്രേരിപ്പിച്ചത്. ഹവായിയിലെ കലൈലോയ വിമാനത്താവളത്തില്‍ വിശ്രമത്തിലാണ് സോളാര്‍ ഇംപള്‍സ്. 2016 ഏപ്രിലോടെയായിരിക്കും ഇനി ഈ സൗരവിമാനം പറന്നുയരുക. 
സൗരോര്‍ജം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനമാണ് സോളാര്‍ ഇംപള്‍സ്. മാര്‍ച്ച് ഒമ്പതിന് അബൂദബിയില്‍നിന്ന് മസ്കത്തിലേക്കായിരുന്നു ഇതിന്‍െറ ആദ്യ യാത്ര. ആദ്യ യാത്രയിലെ 772 കിലോമീറ്റര്‍ താണ്ടാന്‍ 13 മണിക്കൂര്‍ വേണ്ടിവന്നു. പിന്നീട് അഹ്മദാബാദ്,  വാരാണസി, മ്യാന്മറിലെ മന്താലയ, ചൈനയിലെ ഷോങ്ക്വിങ്, നാന്‍ജിങ്, ജപ്പാനിലെ നഗോയ എന്നിവിടങ്ങളില്‍ വിമാനം ഇറങ്ങി. തുടര്‍ന്ന്, നഗോയയില്‍നിന്ന് ഹവായിയിലേക്കുള്ള യാത്ര ഏറെ സാഹസികമായിരുന്നു. 7212 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 117 മണിക്കൂറായിരുന്നു കണക്കാക്കിയത്. 
സോളാര്‍ ഇംപള്‍സിന്‍െറ ബാറ്ററികളുടെ ചാര്‍ജ് നിലനില്‍ക്കുന്നത് 30 മണിക്കൂറാണ്. ബാക്കി സമയം വിമാനം പ്രവര്‍ത്തിക്കണമെങ്കില്‍, യാത്രാവേളയില്‍ ആവശ്യത്തിന് സൗരോര്‍ജം ശേഖരിക്കണം. അതിന് കാലാവസ്ഥ അനുയോജ്യമാകണം. നഗോയയില്‍നിന്ന് വിമാനം ജൂണ്‍ 28ന് പുറപ്പെട്ടെങ്കിലും സാങ്കേതിക തകരാര്‍ കാരണം ഏതാനും സമയത്തിനകം തിരിച്ചിറക്കി. പിന്നെ, മൂന്നു ദിവസത്തിനുശേഷമാണ് വിമാനം വീണ്ടും പറന്നത്. കണക്കുകൂട്ടിയതുപോലെ വിമാനം 117 മണിക്കൂര്‍ 52 മിനിറ്റുകൊണ്ട് ഹവായിയിലത്തെി. 
ഹവായിയില്‍നിന്ന് അമേരിക്കയിലെ ഫിനിക്സിലേക്കായിരുന്നു അടുത്ത യാത്ര നിശ്ചയിച്ചിരുന്നത്. ഈ യാത്രയാണ് ഇപ്പോള്‍ തകരാര്‍മൂലം മാറ്റിവെച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.