??????? ???? ???????????? ????????????????? ?????? ???????????? ???? ?????????????? ????????? ??? ?????? ???????????????

കൊച്ചി: മോഹഭംഗങ്ങളേ വിട. ഈ രണഭൂമിയില്‍ പരിമിതികളെ പുറത്തുനിര്‍ത്തി അടരാടിയ നിങ്ങള്‍ തോറ്റുപോയ നിരയല്ല. മനസ്സും ശരീരവും മഞ്ഞയില്‍ പുതച്ച നാടിനൊപ്പം ഈ കളിക്കൂട്ടം അവസാനനിമിഷംവരെ പൊരുതിനിന്നപ്പോള്‍ അതില്‍ അഭിമാനിക്കാനുള്ള വകകളാണ് അധികവും. അകമഴിഞ്ഞു സ്നേഹിച്ചും ആര്‍പ്പുവിളിച്ചും ആവേശഭരിതരായ ആരാധകക്കൂട്ടങ്ങള്‍ക്ക് നിങ്ങള്‍ പകര്‍ന്നുനല്‍കുന്നത് നിരാശയല്ല, യാഥാര്‍ഥ്യമാകാനിരിക്കുന്ന പ്രതീക്ഷകളുടെ പുതുലോകമാണ്. അതുകൊണ്ടുതന്നെയാണ് ചങ്കുതകരുന്ന വേദനയിലും അവരീ ടീമിനെ നെഞ്ചോടുചേര്‍ത്തു നിര്‍ത്തുന്നത്. ടൈബ്രേക്കറിന്‍െറ നൂല്‍പാലത്തില്‍ കിരീടം കൈയത്തെും ദൂരത്ത് വഴുതിപ്പോകുമ്പോഴും മൂന്നാമത് ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സ് എന്ന സ്വന്തം ടീമിന്‍െറ പ്രകടനത്തില്‍ മലയാളക്കര അഭിമാനം കൊള്ളുകയാണ്.

*****
‘‘വളരെ നന്ദി ബ്ളാസ്റ്റേഴ്സ്. അവിസ്മരണീയമായ ഒരു സീസണ്‍ സമ്മാനിച്ചു നിങ്ങള്‍. വിജയത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ആര്‍ത്തുവിളിച്ചു. പരാജയത്തില്‍ രാത്രി മുഴുവന്‍ നിങ്ങളെ ആലോചിച്ച് ഉറങ്ങാതിരുന്നു. നിറകണ്ണുകളോടെ നിങ്ങള്‍ക്ക് വിടനല്‍കുന്നു. നമ്മള്‍ കിരീടമണിയുന്ന ഒരു നാള്‍ കടന്നുവരും. ഉറപ്പ്. ബ്ളാസ്റ്റേഴ്സ് ഞങ്ങള്‍ക്ക് വെറുമൊരു ഫുട്ബാള്‍ ടീമല്ല. ഞങ്ങളുടെ ഹൃദയമാണ്. വികാരമാണ്. അടുത്ത സീസണില്‍ നിങ്ങളെ സ്നേഹിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. നന്ദി... ഒരായിരം നന്ദി...’’ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ ആരാധകര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുള്ള പോസ്റ്റിനുകീഴെ അവിട്ടം വിനോദ് എന്ന ആരാധകന്‍ എഴുതിയതിങ്ങനെ. വിനോദിനെപ്പോലെ നൂറു കണക്കിന് കളിക്കമ്പക്കാര്‍ ബ്ളാസ്റ്റേഴ്സിന്‍െറ ഫൈനലിലെ തോല്‍വിയോടു പ്രതികരിക്കുന്നത് ഇതേ മാനസികാവസ്ഥയിലാണ്. ‘‘കണ്ണു നിറഞ്ഞൊഴുകിയ ഈ നിമിഷത്തെ ഞങ്ങള്‍ പിന്നിലുപേക്ഷിക്കുന്നു. കാരണം, കൈയടിക്കാന്‍ നിങ്ങള്‍ ഒരുപാട് തന്നിട്ടുണ്ട്’’ എന്ന് മറ്റൊരാരാധകന്‍. ഈ പോസ്റ്റിനുകീഴെ കമന്‍റുചെയ്ത 500ഓളം പേരില്‍ ഒരാള്‍പോലും ടീമിനെ പഴിക്കുന്നില്ളെന്നതും ഏറെ ശ്രദ്ധേയം. തിരിച്ചുവരവിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ അടുത്ത സീസണിലെ ടീം തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.
*****
കാല്‍പ്പന്തുകളിയില്‍ ടൈബ്രേക്കര്‍ ഒരു കാവ്യനീതിയേയല്ല. കലാശപ്പോരാട്ടമാകുമ്പോള്‍ പ്രത്യേകിച്ചും. അവിടെ, കേരള ബ്ളാസ്റ്റേഴ്സിന് ഒന്നു പിഴച്ചെങ്കില്‍പോലും മൂന്നാമത് ഐ.എസ്.എല്ലിന്‍െറ ടീം ഈ മഞ്ഞക്കുപ്പായക്കാര്‍ തന്നെയായിരുന്നു. ചാരത്തില്‍നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെപ്പോലെ ബ്ളാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിലേക്ക് അടിവെച്ചുകയറുമ്പോള്‍ ആളും ആരവങ്ങളും നല്‍കി ഊര്‍ജംപകര്‍ന്ന ആരാധകര്‍ തന്നെയായിരുന്ന ശ്രദ്ധാകേന്ദ്രം. ശരാശരി അരലക്ഷം പേര്‍ ബ്ളാസ്റ്റേഴ്സിന്‍െറ എല്ലാ മത്സരങ്ങള്‍ക്കും കലൂരിന്‍െറ കളിമുറ്റത്തേക്ക് ഒഴുകിയത്തെി.


വാഴ്ത്തിപ്പാടാന്‍ വമ്പന്‍ പേരുകളില്ലാതിരുന്നൊരു ടീമിന് കളി മെനയാന്‍ നല്ളൊരു മിഡ്ഫീല്‍ഡര്‍ പോലുമില്ലായിരുന്നുവെന്നോര്‍ക്കണം. ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടുമടങ്ങുന്ന പ്രതിരോധനിരക്കാണ് ശക്തി കൂടുതല്‍ എന്ന തിരിച്ചറിവില്‍ സ്റ്റീവ് കോപ്പല്‍ എന്ന തന്ത്രശാലിയായ പരിശീലകന്‍ അതിനനുസരിച്ച് കരുനീക്കി. ആദ്യ മൂന്നു കളികളില്‍ ഒന്നുപോലും ജയിക്കാതിരുന്ന നിരയായിരുന്നു ഇത്. ടൂര്‍ണമെന്‍റില്‍ എതിര്‍വല കുലുക്കാന്‍ നാലാം മത്സരംവരെ കാത്തിരിക്കേണ്ടിവന്നു. കാണികളോടുള്ള കടപ്പാടില്‍, കോപ്പലിന്‍െറ തന്ത്രങ്ങളില്‍ പ്രചോദിതരായി അവര്‍ പിന്നീട് തുടര്‍വിജയങ്ങളിലേക്ക് കത്തിക്കയറിയപ്പോള്‍ തകര്‍ന്നടിഞ്ഞത് പല വമ്പന്‍ ടീമുകളുടെയും കണക്കുകൂട്ടലുകള്‍. ഫ്ളോറന്‍റ് മലൂദയും മാഴ്സലീന്യോയുമടങ്ങിയ ഡല്‍ഹിയെ ടൈബ്രേക്കറിലേക്കുനീണ്ട സെമിയില്‍ കീഴടക്കി കൊച്ചിയുടെ മണ്ണിലെ കലാശപ്പോരില്‍ ബ്ളാസ്റ്റേഴ്സ് സാന്നിധ്യമുറപ്പാക്കിയപ്പോള്‍ അതു വലിയ അംഗീകാരമായിരുന്നു.


അത്ലറ്റികോ ഡി കൊല്‍ക്കത്തയെന്ന താരനിബിഡമായ സംഘത്തിനെതിരെ കടലാസില്‍ ബ്ളാസ്റ്റേഴ്സിന് കരുത്ത് കുറവായിരുന്നു. ബോര്‍യ ഫെര്‍ണാണ്ടസ്, ഹാവി  ലാറ, സമീഗ് ദൗതി എന്നിവരടങ്ങുന്ന മധ്യനിരയും ഹെല്‍ഡര്‍ പോസ്റ്റിഗയും ഇയാന്‍ ഹ്യൂമും നയിക്കുന്ന മുന്നേറ്റനിരയുമൊക്കെ ചേരുമ്പോള്‍ കൊല്‍ക്കത്തക്കു തന്നെയായിരുന്നു വ്യക്തമായ മുന്‍തൂക്കം. പകരക്കാരുടെ ബെഞ്ചിലും അവര്‍ക്ക് പ്രമുഖരേറെയായിരുന്നു. ആദ്യ സീസണില്‍ ബ്ളാസ്റ്റേഴ്സിന്‍െറ നീക്കങ്ങള്‍ മെനഞ്ഞ സ്റ്റീവന്‍ പിയേഴ്സണ്‍ പോലും അവസരംകിട്ടാതെ ബെഞ്ചിലിരുന്നു. ലക്ഷണമൊത്ത ഒരു മിഡ്ഫീല്‍ഡറുണ്ടായിരുന്നെങ്കില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ജാതകം ഒരുപക്ഷേ, തിരുത്തിയെഴുതപ്പെടുമായിരുന്നു. സസ്പെന്‍ഷന്‍ കാരണം ഹോസു പ്രീറ്റോ കളിക്കാതിരുന്നതും പരിക്കലട്ടിയതിനാല്‍ അരമണിക്കൂറിനുശേഷം നായകന്‍ ഹ്യൂസ് തിരിച്ചുകയറിയതും ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയായി. എന്നിട്ടും ഉറച്ചുനിന്നു പൊരുതിയ ഹെങ്ബര്‍ട്ടും സംഘവും കളി അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കുമത്തെിച്ചു. ടൈബ്രേക്കറില്‍ ഹ്യൂമിന്‍െറ ഷോട്ട് തടഞ്ഞിട്ട് ഗ്രഹാം സ്റ്റാക്ക് ടീമിന് മുന്‍തൂക്കം നല്‍കിയിട്ടും എന്‍ഡോയെയുടെയും ഹെങ്ബര്‍ട്ടിന്‍െറയും കിക്കുകള്‍ പാഴായപ്പോള്‍ കിരീടം കൈവിട്ടുപോവുകയായിരുന്നു.


ഒട്ടും സന്തുലിതമല്ലാതിരുന്ന ടീമിനെവെച്ച് തന്ത്രങ്ങള്‍ മെനഞ്ഞ കോപ്പല്‍ കപ്പിനും ചുണ്ടിനുമരികെ കിരീടം നഷ്ടമായതില്‍ ഏറെ സങ്കടപ്പെടുന്നുണ്ട്. ഈ കാണികള്‍ക്കുവേണ്ടി കപ്പ് കൈയിലേന്തണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറയുന്നു. എങ്കിലും പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് കൈമെയ് മറന്നു പന്തുതട്ടിയ തന്‍െറ കളിക്കാരെ ആശാന്‍ നിറഞ്ഞ മനസ്സോടെ പ്രകീര്‍ത്തിക്കുന്നു. ഈ ടീമിലെ മികച്ചവരെയെല്ലാം നിലനിര്‍ത്തണമെന്ന ആവശ്യം ആരാധകര്‍ ഒന്നടങ്കം ഉയര്‍ത്തുന്നുണ്ട്. കോച്ചായി കോപ്പല്‍ തന്നെയുണ്ടാവണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഈ സീസണില്‍ വാരിയ കോടികളുടെ ഒരു ചെറിയ ശതമാനം തുക മികച്ചതാരങ്ങളെ അണിയിലത്തെിക്കാന്‍ ടീം ഉടമകള്‍ ചെലവിടണമെന്നാണ് കളിക്കമ്പക്കാരുടെ ആവശ്യം. ലോകത്തിന്‍െറതന്നെ ശ്രദ്ധാകേന്ദ്രമായ ‘മഞ്ഞക്കടലിരമ്പം’ അതര്‍ഹിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - blasters thanks to kerala fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.