യു.എസ് ഓപൺ മത്സരശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന സെറീന വില്യംസ്

സെറീന, 'സിംപ്ലി ദ ബെസ്റ്റ്'... ഇതിഹാസം കളമൊഴിയുന്നു

ന്യൂയോർക്ക്: ഇതിഹാസ സമാനമായ ആ കുതിപ്പിനൊടുവിൽ ആർതർ ആഷെയിൽനിന്ന് അവർ പടിയിറങ്ങുമ്പോൾ പശ്ചാത്തലത്തിൽ ടിന ടേണറുടെ പോപ് ക്ലാസിക് ആയ 'സിംപ്ലി ദ ബെസ്റ്റ്' മുഴങ്ങിക്കൊണ്ടിരുന്നു. കറങ്ങിത്തിരിഞ്ഞ് ഗാലറിയെ മുഴുവൻ അഭിവാദ്യം ചെയ്ത് സെറീന വില്യംസ് മടങ്ങുമ്പോൾ ടെന്നിസിന്റെ കളിയരങ്ങിൽ അക്ഷരാർഥത്തിൽ അതൊരു യുഗാന്ത്യമായിരുന്നു. പാട്ടിൽ സൂചിപ്പിച്ചതു പോലെ അവർ കളിയിലെ ഏറ്റവും മികച്ചവളായിരുന്നു.

ആധുനിക ടെന്നിസിൽ പവർ ഗെയിമിന്റെ കരുത്തുമായി വീരചരിതങ്ങൾ രചിച്ച ഇതിഹാസ താരം സെറീന വില്യംസിന്റെ കരിയറിന് ഒടുവിൽ വിരാമം കുറിക്കപ്പെട്ടിരിക്കുന്നു. യു.എസ് ഓപൺ ടെന്നിസിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ അജില ടോംലാനോവിച്ചാണ് 27 വർഷം നീണ്ട സംഭവ ബഹുലമായ കരിയറിലെ അവസാന മത്സരത്തിൽ സെറീനയെ വീഴ്ത്തിയത്. സ്കോർ: 7-5, 6-7 (4), 6-1.


ലോക ടെന്നിസി​ന്റെ പരമോന്നത പോരാട്ടവേദികളിൽ കരുത്തിന്റെ കളിയഴകുമായി രണ്ടര പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന സെറീന 23 ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടങ്ങൾക്കുടമയാണ്. ലോക​ ടെന്നിസിലെ എക്കാലത്തേയും മികച്ച വനിതാതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവർ, ലോക റാങ്കിങ്ങിൽ വർഷങ്ങളേറെ ഒന്നാം സ്ഥാനത്ത് വിരാജിച്ച കളിക്കാരിയുമാണ്.


നിറഞ്ഞുകവിഞ്ഞ ആർതർ ആഷെ സ്റ്റേഡിയത്തിൽ മൂന്നു മണിക്കൂർ നീണ്ട പോരാട്ടത്തിൽ അഞ്ചു മാച്ച് പോയന്റുകൾ അതിജീവിച്ചുശേഷമാണ് സെറീന പൊരുതി കീഴടങ്ങിയത്. 'എന്റെ കരിയറിൽ ഞാൻ ഒരിക്കലും എളുപ്പം കീഴടങ്ങിയിട്ടില്ല. മത്സരങ്ങളിലും അതുതന്നെ. ഇന്ന് രാത്രിയും തീർച്ചയായും അങ്ങനെയായിരുന്നു' -അടുത്ത മാസം 41 വയസ്സു തികയുന്ന അമേരിക്കക്കാരി മത്സരശേഷം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായ ശേഷമാണ് സെറീന വീണ്ടും റാക്കറ്റുമേന്തി കോർട്ടിൽ തിരിച്ചെത്തിയത്.



മത്സരശേഷം ആർതർ ആഷെയിൽനിന്ന് നനഞ്ഞ കണ്ണുമായി സെറീന പടിയിറങ്ങു​മ്പോൾ കാണികൾ ഒന്നടങ്കം എഴുന്നേറ്റുനിന്ന് ആദരവോടെ അവരെ യാത്രയാക്കി. അവർ സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ എഴുന്നേറ്റുനിന്ന കാണികൾ കാതടിപ്പിക്കുന്ന കരഘോഷത്തോടെയാണ് അവരുടെ ഓരോ വാചകങ്ങളെയും എതിരേറ്റത്. 1999ൽ തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയ കളിത്തട്ടിൽ, പിന്നീട് അഞ്ചുതവണ കൂടി കിരീടത്തിൽ മുത്തമിട്ട അതേ ആർതർ ആഷെയിൽ ഏറെ വികാരനിർഭരമായിരുന്നു സെറീനയുടെ പടിയിറക്കം.



മത്സരശേഷം മൈതാനമധ്യത്തിൽ അഭിമുഖത്തിനിടെ അവരുടെ കണ്ണുനിറഞ്ഞു. '1995ൽ 14 വയസ്സു​ള്ളപ്പോൾ തുടങ്ങിയ യാത്രയാണിത്. എന്റെ മാതാപിതാക്കളാണ് അതിന് തുടക്കമിട്ടത്. എല്ലാം അർഹിക്കുന്നത് അവരാണ്. അവരോടാണ് എന്റെ നന്ദി മുഴുവൻ. പിന്നെ എന്റെ സഹോദരി വീനസ്. അവരുണ്ടായിരുന്നില്ലെങ്കിൽ ഈ സെറീന ഉണ്ടാകുമായിരുന്നില്ല. താങ്ക് യൂ വീനസ്. ഇവിടെക്കൂടിയ എല്ലാവരോടും നന്ദിയുണ്ട്. വർഷങ്ങളായി, പതിറ്റാണ്ടുകളായി എന്റെ ഒപ്പമുള്ളവരാണ് എല്ലാവരും.' -സെറീന പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.