ദേശീയ ഗെയിംസിന്റെ

സമാപന ചടങ്ങില്‍

നടന്ന കലാപരിപാടികൾ

വോ! സ്‌മാര്‍ട്ട്‌ ഫിനിഷ്‌

വോളിബാളിലെ ഇരട്ട സ്വര്‍ണത്തോടെ ദേശീയ ഗെയിംസ്‌ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കേരള സംഘത്തിന്റെ മടക്കം. വോളി വനിത, പുരുഷ വിഭാഗങ്ങളില്‍ കേരളം ജേതാക്കളായി. 23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവുമായി മെഡല്‍പ്പട്ടികയില്‍ ആറാമതായി കേരളം.

61 സ്വര്‍ണം, 35 വെള്ളി, 32 വെങ്കലം നേടി സര്‍വിസസ്‌ തന്നെ ഇത്തവണയും ഒന്നാമന്മാര്‍. മഹാരാഷ്ട്രയും ഹരിയാനയുമാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളില്‍. കഴിഞ്ഞ തവണ ആതിഥ്യമരുളിയപ്പോള്‍ 54 സ്വര്‍ണം, 48 വെള്ളി, 60 വെങ്കലം, ആകെ (162) മെഡല്‍ എണ്ണത്തില്‍ മുന്നിലായിരുന്നു.

വനിത വോളിബാളിൽ സ്വർണം നേടിയ കേരളം 

അന്ന്‌ കൂടുതല്‍ സ്വര്‍ണം നേടിയതുകൊണ്ടു മാത്രമാണ്‌ സര്‍വിസസ്‌ കേരളത്തെ പിന്നിലാക്കി മെഡല്‍പ്പട്ടികയില്‍ ഒന്നാമതായത്‌. ഇക്കുറി അത്‌ലറ്റിക്‌സിലെ മോശം പ്രകടനം കേരള പ്രതീക്ഷകള്‍ തകര്‍ത്തെറിയുകയായിരുന്നു.

37 വർഷത്തിനുശേഷം പുരുഷ വോളി സ്വര്‍ണം

വോളിബാളില്‍ കേരള പുരുഷന്മാര്‍ സ്വര്‍ണം നേടുന്നത്‌ 37 വര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌. ഫൈനലില്‍ തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക്‌ വീഴ്‌ത്തി. സ്‌കോര്‍: 25-23, 26-28, 27-25. മുത്തുസാമിയുടെ നേതൃത്വത്തില്‍ ജെറോം വിനീത്‌, ജി.എസ്‌. അഖിന്‍, ഷോണ്‍ ടി. ജോണ്‍, എറിന്‍ വര്‍ഗീസ്‌, ജോണ്‍ ജോസഫ്‌, ലിബറോ കെ. ആനന്ദ്‌ എന്നിവരാണ്‌ സുവര്‍ണ പ്രകടനം പുറത്തെടുത്തത്‌.

വനിത ഫൈനലില്‍ ബംഗാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കി കേരളം വീണ്ടും ജേതാക്കളായി. സ്‌കോര്‍: 25-22, 36-34, 25-19. കെ.എസ്‌. ജിനി നയിച്ച സംഘത്തില്‍ എം. ശ്രുതി, കെ.പി. അനുശ്രീ, എസ്‌. സൂര്യ, എന്‍.എസ്‌. ശരണ്യ, എയ്‌ഞ്ചല്‍ ജോസഫ്‌, ജിന്‍സി ജോണ്‍സണ്‍, ദേവിക ദേവരാജ്‌, ജി. അഞ്‌ജു മോള്‍, എന്‍.പി. അനഘ, ടി.എസ്‌. കൃഷ്‌ണ, മായ തോമസ്‌, അശ്വതി രവീന്ദ്രന്‍, ടി.പി. ആരതി എന്നിവരാണുള്ളത്‌.

ദേശീയ ഗെയിംസ് പുരുഷ വോളിബോളില്‍ സ്വര്‍ണം നേടിയ കേരള ടീം

അസോസിയേഷനും പ്രഹരം

ഇരട്ട സ്വര്‍ണം കേരള വോളിബാള്‍ അസോസിയേഷനുള്ള മറുപടികൂടിയായി. ഗെയിംസില്‍ പങ്കെടുക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ടീമുകളെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പുരുഷ താരങ്ങള്‍ കോടതിയെ സമീപിച്ചതോടെ നിയമപോരാട്ടം തുടങ്ങി.

സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ടീമിന്‌ പങ്കെടുക്കാന്‍ ഹൈകോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ വോളിബാള്‍ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി ഫയലില്‍ സ്വീകരിക്കുകപോലും ചെയ്യാതെ നിരസിച്ചു.

ഗുഡ്‌ബൈ ഗുജറാത്ത്

സൂറത്ത്‌: മൂന്നാഴ്‌ച നീണ്ടുനിന്ന 36ാമത്‌ ദേശീയ ഗെയിംസ്‌ മത്സരങ്ങള്‍ക്ക്‌ സൂറത്തിലെ സമാപനച്ചടങ്ങുകളോടെ തിരശ്ശീല വീണു. രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായികമേളക്കാണ്‌ ഗുജറാത്തിലെ ആറു നഗരങ്ങള്‍ വേദിയായത്‌.

2023ലെ ഗെയിംസിന്‌ ആതിഥ്യമരുളുന്ന ഗോവ അധികൃതര്‍ക്ക് പതാക കൈമാറി. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സിന്‌ ഇന്ത്യയെ വേദിയാക്കുന്നതിനുള്ള മുന്നൊരുക്കംകൂടിയായിരുന്നു ദേശീയ ഗെയിംസ്‌. 2036ലെ ഒളിമ്പിക്‌സ്‌ അഹ്മദാബാദിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്‌ നടത്തുന്നത്‌. സമാപനച്ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധന്‍കര്‍ മുഖ്യാതിഥിയായിരുന്നു.

രണ്ടാമതും പൊന്‍താരകമായി സജന്‍ പ്രകാശ്‌

സൂറത്ത്‌: ദേശീയ ഗെയിംസിൽ തുടര്‍ച്ചയായ രണ്ടു തവണ വ്യക്തിഗത ചാമ്പ്യനാവുന്ന ആദ്യ മലയാളിയായി സജന്‍ പ്രകാശ്‌. ഇക്കുറി അഞ്ചു വെള്ളിയും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ്‌ കേരള താരം നേടിയത്‌. കഴിഞ്ഞ തവണ റിലേയിലടക്കം ആറു സ്വര്‍ണവും രണ്ടു വെള്ളിയും സ്വന്തമാക്കി മികച്ച പുരുഷ താരമായിരുന്നു.

മികച്ച പുരുഷതാരം സാജന്‍ പ്രകാശും വനിതാ താരം കര്‍ണാടകയുടെ ഹഷിക രാമചന്ദ്രയും

പുരസ്കാരവുമായി

ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ മാത്രം ഇത്രയും നേട്ടമുണ്ടാക്കിയാണ്‌ താരമായത്‌. വനിതകളിൽ കർണാടക നീന്തൽ താരം ഹഷിക രാമചന്ദ്രനാണ് വ്യക്തിഗത ചാമ്പ്യൻ.

Tags:    
News Summary - The Kerala team returns after completing the National Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.