ആസ്ട്രേലിയൻ ഓപണിൽ ഒന്നാം നമ്പർ അട്ടിമറി; 19കാരിക്കു മുന്നിൽ വീണ് ഇഗ സ്വിയാറ്റെക്
മെൽബൺ: വലിയ പോരിടത്തിൽ ഇത്ര കടുത്ത എതിരാളിക്കെതിരെ ആദ്യ മുഖാമുഖമെന്ന അല്ലലില്ലാതെ റാക്കറ്റേന്തിയ 19കാരിക്കു മുന്നിൽ വീണ് ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റെക്. തുടക്കം ഗംഭീരമാക്കി ആദ്യ സെറ്റ് തനിക്കൊപ്പമാക്കിയ ശേഷമായിരുന്നു 22കാരിയായ സ്വിയാറ്റെക് റോഡ് ലേവർ അറീനയിൽ ലിൻഡ നോസ്കോവക്ക് മുന്നിൽ 3-6 6-3 6-4ന് തോൽവി സമ്മതിച്ചത്.
ലോക 50ാം റാങ്കുകാരിയായ നോസ്കോവക്കിത് ആദ്യ ഗ്രാൻഡ്സ്ലാം പ്രീ ക്വാർട്ടറാണ്. താരം ആസ്ട്രേലിയൻ ഓപണിൽ കഴിഞ്ഞ വർഷം യോഗ്യത ഘട്ടത്തിൽ പുറത്തായിരുന്നു. മറുവശത്ത്, സ്വിയാറ്റകിന് തുടർച്ചയായ 18 മത്സരങ്ങളിൽ തോൽവിയില്ലാ കുതിപ്പിന് വിരാമം കൂടിയായി. ഇതോടെ, ആദ്യ 10 സീഡുകാരിൽ ഏഴു പേരും പുറത്തായി. മൂന്നാം സീഡ് എലീന റിബാകിന, അഞ്ചാമതുള്ള ജെസിക പെഗുല, ആറാമതുള്ള ഉൻസ് ജബ്യൂർ എന്നിവർ നേരത്തേ മടങ്ങിയിരുന്നു. നിലവിലെ ചാമ്പ്യൻ അരിന സബലെങ്ക, യു.എസ് ഓപൺ ജേതാവ് കൊക്കോ ഗോഫ്, ബാർബറ ക്രജ്സിക്കോവ എന്നിവരാണ് ഇനിയും കിരീടപ്പോരിൽ അവശേഷിക്കുന്ന ആദ്യ സീഡുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.