പാരീസ്: ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ ജാപ്പനീസ് താരം നവോമി ഒസാക്കയെ നേരിടാനൊരുങ്ങുന്ന ബെലാറസ് താരം അരിന സബലങ്ക എതിരാളിക്ക് പ്രശംസയ്ക്കൊപ്പം മുന്നറിയിപ്പും നൽകി. റോളണ്ട് ഗാരോസിൽ ഇതുവരെ മികച്ച പ്രകടനമാണ് ലോക ഒന്നാം നമ്പർ താരമായ സബലങ്ക കാഴ്ചവെച്ചത്. ജെസ്സിക്ക ബൗസാസ് മനേയ്‌റോ, എൽസ ജാക്വമോട്ട്, ഡാരിയ കസാറ്റ്കിന എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സബലങ്ക പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇരുവരും നേർക്കുനേർ വരുന്നത്. മാർച്ചിൽ നടന്ന ഇന്ത്യൻ വെൽസ് പ്രീക്വാർട്ടറിൽ നാല് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ഒസാക്കയെ സബലങ്ക അനായാസം പരാജയപ്പെടുത്തിയിരുന്നു (6-2, 6-4). മാഡ്രിഡ് ഓപ്പണിലും ഇരുവരും ഏറ്റുമുട്ടി. ഈ മത്സരത്തിൽ സബലേങ്ക വിജയിച്ചെങ്കിലും ഒസാക്ക കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത് (6-7, 6-3, 6-2).
28 കാരിയായ ഒസാക്ക തന്റെ കരിയറിലാദ്യമായാണ് ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ കടക്കുന്നത്. ഒസാക്കയുടെ തിരിച്ചുവരവിനെ സബലങ്ക പ്രശംസിച്ചു. 'അവർ പഴയ ഫോമിലേക്ക് മടങ്ങിയെത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്'. ഏറ്റവും മികച്ച ഫോമിൽ ആയിരിക്കില്ലെങ്കിലും അവർ ശക്തമായി തിരിച്ചുവരികയും പൊരുതുകയും ചെയ്യുന്നു. അവർ മികച്ചൊരു കളിക്കാരിയും അതിലുപരി നല്ലൊരു വ്യക്തിയുമാണ്,' സബലങ്ക പറഞ്ഞു.
മത്സരത്തെക്കുറിച്ച് സബലങ്കയുടെ വാക്കുകൾ ഇങ്ങനെ: 'ഞങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. മാഡ്രിഡിൽ നടന്ന കഴിഞ്ഞ മത്സരം വളരെ കടുത്തതായിരുന്നു. ഒസാക്ക മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പോരാട്ടത്തിന് ഞാൻ തയ്യാറാണ്. വിജയിക്കാൻ എന്ത് ചെയ്യാനും ഞാൻ ഒരുക്കമാണ്.' മത്സരത്തിൽ സബലങ്കയ്ക്കാണ് മുൻതൂക്കമെങ്കിലും പതിനാറാം സീഡായ ഒസാക്കയെ അവർ ഒട്ടും കുറച്ചുകാണുന്നില്ല എന്നത് വ്യക്തമാണ്. ഇന്ന് (തിങ്കളാഴ്ച) രാത്രി 11:45 നാണ് ഫ്രഞ്ച് ഓപ്പണിലെ തീപാറും പോരാട്ടം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.