ദ്യോകോവിച് യു.എസ് ഓപ്പൺ ചാമ്പ്യൻ; 24ാം ഗ്രാൻഡ് സ്ലാം കിരീടം; സെർബിയൻ താരത്തിന് റെക്കോഡ്

ന്യൂയോർക്: യു.എസ് ഓപ്പൺ സിംഗിൾസ് പുരുഷ കിരീടം നൊവാക് ദ്യോകോവിചിന്. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെർബിയൻ താരം വീഴ്ത്തിയത്. ജയത്തോടെ കരിയറിൽ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായി ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡിൽ ആസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പം ദ്യോകോവിച്ചുമെത്തി.

നാലാംതവണയാണ് താരം യു.എസ് ഓപ്പൺ ചാമ്പ്യനാകുന്നത്. സ്കോർ: 6-3, 7-6, 6-3. യു.എസ് ഓപ്പണിലെ പ്രായമേറിയ ജേതാവാണ്. 2021ലെ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മെദ്‌വദേവിനായിരുന്നു ജയം. 2023ലെ ഫ്രഞ്ച് ഓപ്പൺ കിരീടത്തോടെ കൂടുതൽ ഗ്രാൻ‍ഡ് സ്ലാമുകൾ ജയിക്കുന്ന പുരുഷ താരമായി ജോക്കോ മാറിയിരുന്നു. 23 കിരീടങ്ങളുമായി അന്നു പിന്നിലാക്കിയത് സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിനെയായിരുന്നു.

ആതിഥേയരുടെ സീഡില്ലാ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റിൽ തോൽപിച്ചാണ് ദ്യോകോവിച് കരിയറിലെ പത്താം യു.എസ് ഓപൺ ഫൈനലിന് യോഗ്യത നേടിയത്. നിലവിലെ ജേതാവായ സ്പെയിനിന്റെ യുവതാരവും നിലവിലെ ജേതാവും ടോപ്സീഡുമായ കാർലോസ് അൽകാറസിനെയാണ് 2021ലെ ജേതാവായ മെദ്‍വദേവ് സെമിയിൽ മറികടന്നത്.

2021ൽ കലണ്ടർ സ്ലാം എന്ന നേട്ടത്തിലേക്ക് കുതിക്കുകയായിരുന്ന ദ്യോകോവിച്ചിന് മെദ്‍വദേവാണ് തടയിട്ടത്. ആസ്ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ, വിംബിൾഡൺ കിരീടങ്ങൾ 2021ൽ ദ്യോകോവിച്ചിനായിരുന്നു. ഈ സീസണിൽ ആസ്ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ കിരീടങ്ങൾ ദ്യോകോവിച്ചിനായിരുന്നു. വിംബിൾഡണിൽ അൽകാറസിനോട് ഫൈനലിൽ തോൽക്കുകയായിരുന്നു.

Tags:    
News Summary - Novak Djokovic Beats Daniil Medvedev At US Open 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.