പാരിസ്: നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസും മറ്റു സൂപ്പർ താരങ്ങളായ യാനിക് സിന്നറും അലക്സാണ്ടർ സ്വരേവും ഫ്രഞ്ച് ഓപൺ ടെന്നിസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ ബോസ്നിയയുടെ ഡാമിർ സുംഹൂറിനെയാണ് അൽകാരസ് തോൽപിച്ചത്. സ്കോർ: 6-1, 6-3, 4-6, 6-4.
ഇറ്റലിക്കാരനായ സിന്നർ നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി ലെഹേകയെയും മടക്കി. സ്കോർ: 6-0, 6-1, 6-2. റഷ്യയുടെ ആന്ദ്രെ റുബ്ലോവാണ് അടുത്ത എതിരാളി. അൽകാരസ് പ്രീക്വാർട്ടറിൽ യു.എസിന്റെ ബെൻ ഷെൽട്ടണുമായും ഏറ്റുമുട്ടും. ജർമനിക്കാരനായ സ്വരേവ് 6-2, 7-6, 6-1ന് ഇറ്റലിയുടെ ഫ്ലാവിയോ കൊബോളിയെ തോൽപിച്ചും അവസാന 16ൽ ഇടംപിടിച്ചു.
വനിതകളിൽ കസാഖ്സ്താന്റെ എലേന റിബാകിന, ഇറ്റലിയുടെ ജാസ്മിൻ പാവോലിനി, യു.എസ് താരം ജെസീക പെഗുല തുടങ്ങിയവരും പ്രീക്വാർട്ടറിൽ കടന്നു.
ഫ്രഞ്ച് ഓപണിൽ ഇന്ത്യയുടെ എൻ. ശ്രീരാം ബാലാജിയും മെക്സിക്കോക്കാരൻ മിഗ്വൽ റെയെസ് വറേലയും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ വീണു. പുരുഷ ഡബ്ൾസിൽ ഇറ്റലിയുടോ സിമോൺ ബൊലേലി-ആൻഡ്രിയ വാവസൊറി ജോടി 3-6, 4-6 സ്കോറിനാണ് ഇവരെ വീഴ്ത്തിയത്. ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും യുകി ഭാംബ്രിയും ഉൾപ്പെടുന്ന സഖ്യങ്ങൾ പുരുഷ ഡബ്ൾസ് പ്രീക്വാർട്ടറിലുണ്ട്.
സിംഗപ്പുർ: സിംഗപ്പുർ ഓപൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷയും അവസാനിച്ചു. പുരുഷ ഡബ്ൾസിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ പുറത്തായി. മലേഷ്യയുടെ ആരോൺ ചിയ-സോ വൂയ് യിക് സഖ്യത്തോടാണ് തോറ്റത്. സ്കോർ: 21-19, 10-21, 18-21. ആദ്യ ഗെയിം പൊരുതി നേടിയ ഇന്ത്യൻ ടീം രണ്ടാമത്തേതിൽ കളി മറന്നു. മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും ജയം മലേഷ്യക്കാർക്കൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.