ആസ്ട്രേലിയൻ ഓപ്പൺ: ഇന്ത്യൻ പ്രതീക്ഷ സുമിത് നാഗൽ രണ്ടാം റൗണ്ടിൽ വീണു

മെല്‍ബണ്‍: 35 വർഷത്തിനിടെ ഗ്രാൻഡ് സ്ലാമിൽ ഒരു സീഡ് താരത്തെ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ സുമിത് നാഗൽ ആസ്ട്രേലിയൻ ഓപ്പണിൽനിന്ന് പുറത്ത്. രണ്ടാം റൗണ്ടിൽ ചൈനയുടെ ജുൻചെങ് ഷാങ്ങിനോട് നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മത്സരം കൈവിട്ടത്. സ്കോർ: 2-6, 6-3, 7-5, 6-4.

ആദ്യ സെറ്റ് സ്വന്തമാക്കി പ്രതീക്ഷ നൽകിയ സുമിത്, തുടർന്നുള്ള മൂന്നു സെറ്റുകളും ചൈനീസ് താരത്തിനു മുന്നിൽ അടിയറവെക്കുകയായിരുന്നു. ജുൻചെങ് ആദ്യമായാണ് ഒരു ഗ്രാൻഡ് സ്ലാമിൽ മൂന്നാം റൗണ്ടിൽ കടക്കുന്നത്. ആദ്യ റൗണ്ടില്‍ കസാഖിസ്താന്റെ ലോക 27ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെയാണ് സുമിത് അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്‍റെ വിജയം.

രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 6-2, 7-6 സ്‌കോറിനാണ് ലോക റാങ്കിങ്ങില്‍ 139ാം സ്ഥാനത്തുള്ള സുമിത്, 31ാം സീഡുകാരനായ അലക്സാണ്ടറെ പരാജയപ്പെടുത്തിയത്. 1989 ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അന്നത്തെ ലോക ഒന്നാം നമ്പറും ചാമ്പ്യനുമായ മാറ്റ്‌സ് വിലാന്‍ഡറിനെതിരേ രമേശ് കൃഷ്ണ നേടി വിജയമാണ് ഇതിനു മുമ്പ് ഒരിന്ത്യൻ താരം ഗ്രാൻഡ് സ്ലാമിൽ നേടിയ ഏറ്റവും വലിയ വിജയം.ആസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും സുമിത് സ്വന്തമാക്കിയിരുന്നു.

അൽകാരസ്, ഇഗ മുന്നോട്ട്

പുരുഷ സിംഗ്ൾസിൽ നിലവിലെ ജേതാവ് നൊവാക് ദ്യോകോവിചിന് പ്രധാന ഭീഷണിയായ സ്പാനിഷ് താരം കാർലോസ് അൽകാരസ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഇറ്റലിയുടെ ലോറെൻസോ സൊനേഗോയെയാണ് തോൽപിച്ചത്. സ്കോർ: 6-4, 6-7, 6-3, 7-6. വനിതകളിൽ 2022ലെ റണ്ണറപ്പായ അമേരിക്കയുടെ ഡിനിയേലെ കോളിനെതിരെ നേരിയ ജയത്തോടെ ഒന്നാം റാങ്കുകാരിയായ പോളിഷ് താരം ഇഗ സ്വിറ്റെക് മൂന്നാം റൗണ്ടിലെത്തി. സ്കോർ: 6-4, 3-6, 6-4.

കഴിഞ്ഞ വർഷത്തെ ആസ്ട്രേലിയൻ ഓപൺ റണ്ണറപ്പും മൂന്നാം സീഡുമായ കസാഖ്സ്താന്റെ എലേന റെബാകിന റഷ്യയുടെ അന്ന ബ്ലിങ്കോവയോട് തോറ്റ് മടങ്ങി. 4-6, 6-4, 6-6 (20-22) എന്ന സ്‌കോറിനാണ് റെബാകിന റാങ്കിങ്ങിൽ 57ാം സ്ഥാനക്കാരിയോട് തോറ്റത്. 30 മിനിറ്റിലധികം നീണ്ടുനിന്ന ടൈ-ബ്രേക്കിലൂടെയാണ് ബ്ലിങ്കോവ മൂന്നാം സെറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ കിരീടപ്പോരാട്ടത്തിൽ ബലാറുസിന്റെ അരിന സബലെങ്കയോടാണ് റെബാകിന തോറ്റത്.

ബൊപ്പണ്ണ സഖ്യത്തിന് ജയം

പുരുഷ ഡബ്ൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയൻ താം മാത്യു എബ്ഡനും ജെയിംസ് ഡക്ക്വർത്ത്-മാർക് പോൾമാൻസ് സഖ്യത്തെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ: 7-6, 4-6, 7-6. 

Tags:    
News Summary - Australian Open 2024: Sumit Nagal Goes Down Fighting In 4-Set Thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.