കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ജേതാക്കളായ പാലക്കാട് ടീമിന്റെ ആഹ്ലാദം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി നടന്ന 66ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ പാലക്കാടിന് കിരീടം. ആദ്യദിനം മുതൽ മുന്നേറിയ പാലക്കാട് മികച്ച ലീഡിലാണ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത് 28 സ്വർണവും 27 വെള്ളിയും 21 വെങ്കലവുമടക്കം 530.33 പോയന്റുമായാണ് പാലക്കാടിന്റെ നേട്ടം. തുടർച്ചയായി നാലാം തവണയാണ് പാലക്കാട് ജൂനിയർ അത്ലറ്റിക് മീറ്റിൽ ജേതാക്കളാകുന്നത്.
22 സ്വർണവും 25 വെള്ളിയും 11 വെങ്കലവുമടക്കം 394.5 പോയന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 24 സ്വർണവും 13 വെള്ളിയും 21 വെങ്കലവുമടക്കം 386.5 പോയന്റുമായി എറണാകുളം മൂന്നാം സ്ഥാനവും നേടി. കോട്ടയം (313) നാലാമതും മലപ്പുറം (293.5) അഞ്ചാമതുമായി.
വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ ട്രോഫി സമ്മാനിച്ചു. മേളയിൽ ഇക്കുറി എട്ട് റെക്കോഡ് മാത്രമാണ് പിറന്നത്.
മികച്ച താരങ്ങൾ
അണ്ടർ 14 വിഭാഗം ഷോട്ട്പുട്ടിൽ റെക്കോഡ് സ്വന്തമാക്കിയ ജീവൻ ഷാജു (എറണാകുളം), ലോങ്ജംപിൽ സ്വർണം നേടിയ അയന വെങ്കട്ടയ്യർ (കോഴിക്കോട്), അണ്ടർ 16 വിഭാഗം300 മീറ്ററിൽ റെക്കോഡ് സ്ഥാപിച്ച ഹരിത അശോക് മേനോൻ (എറണാകുളം), ലോങ്ജംപിൽ സ്വർണം നേടിയ എ.ബി. വിമൽ (വയനാട്), അണ്ടർ 18 വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കോഡിട്ട കെ.സി. സ്രാവൺ (കാസർകോട്), 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ സി.എസ്. കൃഷ്ണപ്രിയ (തൃശൂർ), അണ്ടർ 20 വിഭാഗം 400 മീറ്ററിൽ ജേതാക്കളായ എൽഗ തോമസ് (കോഴിക്കോട്), എസ്. അക്ഷയ് (എറണാകുളം) എന്നിവരെയാണ് മേളയിലെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.