ഗോളുകൾക്കു പിന്നിലെ കണ്ണീർപുഴ....! നാദിയാ നദീമിന്റെ കഥ

ലോക കായിക രംഗത്തെ ഏറ്റവും സ്വാധീനമുള്ള ഇരുപത് വ്യക്തികളിൽ ഒരാളായി ഫോബ്സ് മാസിക തെരെഞ്ഞെടുത്തത് ഡെന്മാർക്കിൽ നിന്നുള്ള നാദിയാ നദീമെന്ന പന്തുകളിക്കാരിയെയായിരുന്നു...! ഒരു പക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവിശ്വസനീയ യാഥാർഥ്യങ്ങളിൽ ഒന്നായിരിക്കും അവരുടെ കളിയും ജീവിതവും.!

സമ്പന്നതയുടെ നടുവിൽ അഫ്‌ഗാനിസ്ഥാനിലെ ഒരു ആർമി ജനറലിന്റെ മകളായിട്ടാണവൾ ജനിച്ചത്. അവൾക്കു 11 വയസുണ്ടായിരുന്നപ്പോഴാണ് അവളുടെ പിതാവു റബാനിയെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നത്.അതിന്റെ നടുങ്ങുന്ന ഓർമ്മകളുമായി നാദിയയും അമ്മയും മൂന്നു സഹോദരിമാരും താലിബാനികളുടെ കണ്ണിൽ പെടാതെഒളിവിൽ കഴിയുകയും ഒടുവിൽ വേഷം മാറി ഒരു ട്രക്കിൽ ഒളിച്ചു കയറി എങ്ങനെയൊക്കെയോ ആ കുടുംബംഡെന്മാർക്കിൽ ചെന്നെത്തുകയും ചെയ്തു.അങ്ങനെ ആ നാടവരുടെ പുതിയ ആകാശവും ഭൂമിയും ആയിതീർന്നു

അവിടെ സ്കൂളിൽ ചേർന്ന അവളുടെ പഠന കായിക മികവുകൾ ചെറുപ്പത്തിലേ തന്നെ ആ രാജ്യത്തിലെ ഏറ്റവും പ്രധാന പെട്ട എലീറ്റ് ആക്കാദമികളിൽ ഒന്നിൽ അവൾക്കു പ്രവേശനം നേടിക്കൊടുത്തു. സ്കൂൾ ഫൈനൽ പരീക്ഷ കഴിഞ്ഞപ്പോൾ ഉന്നത പഠനത്തിന് യോഗ്യത നേടിയവരിൽ ഏറ്റവും മികച്ച നൂറുപേരിൽ അവളും ഉണ്ടായിരുന്നു. അതുപോലെ കാൽപ്പന്തുകളിയിൽ രാജ്യത്തിന്റെ ദേശീയ സ്കൂൾ ടീമിലും അവൾ അംഗമായിരുന്നു

പിന്നീട് നടന്നതൊക്കെ ചരിത്രമാവുകയായിരുന്നു സർവകലാശാലയിൽ ശാസ്ത്ര വിഷയത്തിൽ പഠനം നടത്തിയ അവർ പന്തുകളിയും തുടർന്നു. ആൽബോർഗ് എഫ്.സി എന്ന പ്രാദേശിക ടീമിലും തുടർന്ന് ഡെന്മാർക്കിലെ എല്ലാ വനിതാ പ്രൊഫഷണൽ ടീമുകൾക്കും കളിച്ച ശേഷം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കും പാരിസിൽ പി.എസ്.ജിക്കും ഒടുവിൽ യു.എസ് വനിതാ സോക്കർ ലീഗിൽ ലൂയിസ് വിൽ കെൻണ്ടക്കിയിലും അവർ കളിച്ചു.

അതിനിടയിൽ 2009 മുതൽ ഡെന്മാർക്കിന്റെ ചുവപ്പും വെള്ളയും കുപ്പായമണിഞ്ഞു 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു 39 ഗോളുകളും സ്ക്കോർ ചെയ്തു.പ്രൊഫഷണൽ കളിക്കാരിയായി കളിച്ച ടീമുകളിൽ ഒക്കെ ഗോൾ റാണിയും അവളായിരുന്നു.200 ഗോളുകൾ ആണ് ഒരിക്കൽ താലിബാൻ ഭീകരിൽ നിന്ന് രക്ഷപെടാൻ ഓടി ഒളിച്ച ആ കാലുകൾ അടിച്ചു കൂട്ടിയത്.ഇതിനേക്കാൾ അതിശയിപ്പിക്കുന്നതായിരുന്നു ഈ അഫ്ഗാൻ പെൺകുട്ടിയുടെ അക്കാദമിക മികവുകൾ.

വൈദ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരിദത്തിനു ശേഷം അവർ തെരെഞ്ഞെടുത്തത് അത്യന്തം സങ്കീർണമായ " Constructive surgery " ആയിരുന്നു അതായത് വൈകല്യങ്ങൾ പരിഹരിച്ചു പൂർവാവസ്ഥയിൽഎത്തിക്കുന്ന സങ്കീർണ്ണ ശാസ്ത്രക്രിയ.

ജന്മന തന്നെയുള്ള വൈകല്യങ്ങൾ , രോഗങ്ങളും അപകടങ്ങളും കാരണം ഉണ്ടാകുന്ന വൈകല്യങ്ങൾ അല്ലെങ്കിൽ മുറിവ് മൂലമുണ്ടാകുന്ന വൈകല്യങ്ങൾ ഇതൊക്കെ തിരിച്ചറിയാൻ കഴിയാത്ത വിധം പൂർവ സ്ഥിതിയിൽ ആക്കുന്ന ശാസ്ത്രക്രിയ സംബന്ധിച്ച ഗവേഷണം. കളിക്കൊപ്പം തന്നെ പഠനവും ഗവേഷണവും വിജയകരമായി പൂർത്തിയാക്കിയ ശേഷം അവൾ പഠിച്ച സർവകലാശാലിയിലെ തന്നെ ഗവേഷക വിഭാഗത്തിൽ സീനിയർ സയൻറ്റിസ്റ്റു ആയി ചുമതല ഏറ്റെടുത്തു. ഇക്കാലത്ത് തന്നെയാണ് യുനസ്കോ അവരെ " സ്പോർട്സും ശാസ്ത്രവും എങ്ങനെ സ്ത്രീശാക്തീകരണത്തിനു വിനിയോഗിക്കാം" എന്നതിനുള്ള മാതൃകയായി പ്രഖ്യാപിച്ചതും അതിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ചതും. 

അതിശയകരമായ ഈ നേട്ടങ്ങൾക്ക് ഒപ്പമായിരുന്നു അവരുടെ സ്പോർട്സ് ജേർണലിസം രംഗത്തെ പ്രവർത്തനങ്ങൾ. ബൂട്ടു കെട്ടാത്ത നേരത്തൊക്കെ അവൾ ഡാനിഷ് ടെലിവിഷന്റെ കളി പറച്ചിൽകാരിയായിരുന്നു.. അങ്ങനെ കഴിഞ്ഞ ലോകകപ്പിൽ ഡെന്മാർക്ക് തുനീസ്യയെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നവംബർ 22 നു നേരിട്ടപ്പോൾ "ITV" ക്ക് വേണ്ടി കളി പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അവളുടെ കാതുകളിൽ ഘടിപ്പിച്ചിരുന്ന ആ കുഞ്ഞു മൈക്കുകളിൽ ഒരു മകളും കേൾക്കാനാഗ്രഹിക്കാത്ത ആ ദുഃഖം വാർത്ത വന്നെത്തിയത്.. അവളുടെ അമ്മ ഹദീമാ നധിം ഡെന്മാർക്കിലെ ഉൾഡം എന്ന സ്ഥലത്ത് വച്ച് ഒരു ട്രക്ക് അപകടത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ആ വാർത്ത.

Tags:    
News Summary - Story of Nadia Nadeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.