വേ മാച്ചില്‍ ഇതേ അഫ്ഗാനിസ്ഥാനുമേല്‍ കുറേക്കൂടി ആധിപത്യമുളവാക്കി നേടിയ - അഥവാ വഴങ്ങിയ- സമനില അത്ര തൃപ്തികരമായിരുന്നില്ലെങ്കിലും, ഹോം മാച്ചില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ആരാധകരെ നിരാശയിലാക്കിയ പരാജയമായിരുന്നു ഇന്നലെ ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ സംഭവിച്ചത്. ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകര്‍ക്കിടയില്‍ 'സ്റ്റിമാക് ഔട്' എന്ന മുദ്രാവാക്യം കൂറേക്കൂടി ദൃഢപ്പെടുത്തുന്നതിന് ഈ പരാജയം വലിയ കാരണമാവും.

സത്യത്തില്‍ കോച്ച് ഇഗോർ സ്റ്റിമാക് ഇത്രയധികം ക്രൂശിക്കപ്പെടാനുണ്ടോ? അഫ്ഗാനുമായുള്ള രണ്ട് മത്സരങ്ങള്‍ പരിഗണിച്ചാല്‍ ടീം ഇന്ത്യ കൃത്യതയുള്ള ഒരു പ്ലാനില്‍ പന്തുതട്ടിയെന്നാണ് വിചാരിക്കുന്നത്. പ്ലെയര്‍ പൊസിഷനിങിലും, നീക്കങ്ങളുടെ വ്യക്തതയിലും കുറേക്കൂടി മെച്ചപ്പെട്ട ഇന്ത്യയെ കളത്തില്‍ കാണാനായിരുന്നു. ആ നീക്കങ്ങളുടെ സ്വാഭാവിക പരിണതിയായ 'ഗോള്‍' മാത്രം വഴിമാറി പോയതില്‍ കോച്ചിനേക്കാള്‍ ഉത്തരവാദികള്‍ കളിക്കാരാണെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ, വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ, സോഷ്യല്‍മീഡിയയിലൂടെ ലോകത്തേറ്റവും പുരോഗമനോന്മുഖ ഫുട്ബാള്‍ സിസ്റ്റമുള്ള നമ്മുടെ നാട്ടില്‍ എല്ലാ പഴികളും പോയി കെട്ടുന്നത് കോച്ചിലാണെന്ന് മാത്രം. ഇതൊക്കെ പറഞ്ഞ് ഇഗോര്‍ സ്‌റ്റിമാകിനെ അന്ധമായി പിന്തുണക്കുക എന്നൊരു ലക്ഷ്യം വ്യക്തിപരമായി ഇല്ല. മറിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ സിസ്‌റ്റത്തിന്‍റെ യാഥാര്‍ത്ഥ്യം ചികയുന്നുവെന്ന് മാത്രം.

ഏറ്റവും അടിസ്ഥാനപരമായി ഒരു കോച്ചിന് ഇന്ത്യ പോലുള്ള ഒരു ദേശീയടീമില്‍ എന്തെല്ലാം ചെയ്യാനാവും? സീസണ്‍ മുഴുവനായും ഒറ്റ ഫോക്കസില്‍ ഒരു ടീമായി നീങ്ങുന്ന ക്ലബുകളുടെ പരിശീലകര്‍ക്ക് പോലും ചെയ്യാനാവാത്തത് പ്രിപറേഷന്‍ ടൈം വളരെ കുറവ് മാത്രം ലഭിക്കുന്ന ഒരു നാഷണല്‍ ടീം കോച്ച് എന്ത് മാജിക് ഉപയോഗിച്ചാണ് ചെയ്ത് കാണിക്കാനാവുക? എങ്ങനെയാണ് വ്യക്തമായ ഗെയിം ക്യാരക്റ്റെറിസ്റ്റിക്കുള്ള ടീമായി അരിഷ്ടിച്ച സമയം കൊണ്ട് ഈ കളിക്കാരെ രൂപപ്പെടുത്തുക? ഏകദേശം അഞ്ച് വര്‍ഷത്തിലെത്തി നില്‍ക്കുന്ന സ്റ്റിമാകിന്‍റെ ഈ സ്പെല്ലില്‍ ടീം ഇന്ത്യയുടെ ഏറ്റവും പ്രധാന ടൂര്‍ണമെന്‍റായിരുന്ന ഇക്കഴിഞ്ഞ ഖത്തര്‍ ഏഷ്യന്‍ കപ്പിന് പോലും മുന്നൊരുക്കത്തിനായി കിട്ടിയത് വളരെ കുറഞ്ഞ സമയമായിരുന്നു. അണ്ടർ-23 ഏഷ്യന്‍ കപ്പ് തലം പോലുമെത്താത്ത ഫുട്ബാള്‍ സിസ്റ്റമുള്ള ഒരു രാജ്യത്ത് സീനിയര്‍ തലത്തില്‍ വന്‍ മല്‍സരക്ഷമതയുള്ള, വലിയ സ്വപ്നഭാരങ്ങളോട് മല്ലിടാനാവുന്ന ഒരു ടീം നിര്‍മിച്ചെടുക്കുക എന്നത് യാഥാര്‍ത്ഥ്യബോധ്യങ്ങള്‍ക്കപ്പുറത്താണ്.

 

ഇക്കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലേക്ക് മടങ്ങിവന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഒരിക്കലും ഒരു കനത്ത വെല്ലുവിളി നമുക്കെതിരെ ഉയര്‍ത്തിയിട്ടില്ല. ഇന്ത്യന്‍ താരങ്ങളെ നന്നായി അറിയുന്ന അഫ്ഗാന്‍ കോച്ച് വെസ്റ്റ് വുഡ് ചിട്ടപ്പെടുത്തിയ താളത്തിലും തന്ത്രത്തിലും നിഷ്ഠത കാണിച്ച് തങ്ങളുടെ അവസരങ്ങള്‍ക്കായും, ഇന്ത്യയുടെ പ്രതിരോധപിഴവുകള്‍ക്കായും അവര്‍ ക്ഷമ കാണിച്ചു. ഇന്നലെ അഫ്ഗാനിസ്ഥാന്‍ നേടിയ ഇരുഗോളുകളിലും നമ്മുടെ പ്രതിരോധപിഴവ് പ്രധാന ഘടകമായിരുന്നു. ഹൈബോളുകളുടെ വിധിനിര്‍ണയത്തിലും, മാര്‍ക്കിങിലും സംഭവിച്ച ചെറിയ പിഴവിനെ അഫ്ഗാനികള്‍ മനോഹരമായി മുതലെടുത്തു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ജീക്സണ്‍ സിങ് പ്രതിരോധാത്മക മധ്യനിരക്കാരനായി മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ഗെയിം ബാലന്‍സിങിലും, ഗെയിം മോഡ് ട്രാന്‍സിഷനിലും കാര്യമായ സ്വാധീനം ചെലുത്തിയില്ല. പാര്‍ശ്വങ്ങളില്‍ ലിസ്റ്റണും മന്‍വീറും ഓവര്‍ലോഡ് ചെയ്യപ്പെട്ടതും ഛേത്രി പൂര്‍ണ്ണമായും മാര്‍ക്ക് ചെയ്യപ്പെട്ടതും ആക്രമണനിരയുടെ മൂര്‍ച്ഛയെ കാര്യമായി ബാധിച്ചു. സ്റ്റിമാക് ലീഡെടുത്തപ്പോള്‍ നടത്തിയ മൂന്ന് സബ്സ്‌റ്റിറ്റ്യൂഷുകള്‍ നമുക്ക് കിട്ടേണ്ട അഡ്വാന്‍റേജ് നല്‍കിയില്ലെങ്കിലും ടാക്റ്റിക്കലി നീതീകരിക്കാനാവുന്നതായിരുന്നു.

പന്തുകളിയില്‍ ഒരു ടീമിനുള്ളിലും പുറത്തുമായി കോച്ചിന് സൃഷ്ടിച്ചെടുക്കാനാവുന്ന പല തലങ്ങളുണ്ട്. ആ ടീമിന് കളത്തിലും പുറത്തും ഏകീകൃതസ്വഭാവം ഉണ്ടാക്കുക, കൈവശമുള്ള കളിക്കാരെ വ്യക്തമായ ലക്ഷ്യത്തോടെ പദ്ധതിവല്‍കരിച്ച് ഉപയോഗിക്കുക, അവരുടെ പ്രതിഭയെ ആരോഗ്യകരമായും സൃഷ്ടിപരമായും ചൂഷണം ചെയ്യുക, എതിര്‍ടീമിന്‍റെ പെനാല്‍റ്റി ബോക്സ് വരെയുള്ള വഴികളെ കൃത്യമായി നിര്‍ണയിച്ച് നല്‍കുക, ഒറ്റയായും കൂട്ടമായുമുള്ള സംഘടിത പ്രതിരോധസങ്കേതങ്ങളെ കളിനീക്കങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്നതൊക്കെയാണ് സ്വാഭാവികമായി ഒരു പരിശീലകന്‍റെ ക്രിയാമേഖലകള്‍. മേല്‍പറഞ്ഞ ചില്ലറപ്രവൃത്തികള്‍ പോലും ടീമിന്‍റെ നൈസര്‍ഗ്ഗികതയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യമായ സമയദൈര്‍ഘ്യങ്ങളുണ്ട്, ആ ടൈം പീരിഡില്‍ അതിജീവിക്കേണ്ട കളിക്കാരുടെ പരിക്ക്, ക്ലബ് ഡ്യൂട്ടി തുടങ്ങിയ പ്രതിബന്ധങ്ങള്‍ വേറെയും. ഇന്ത്യന്‍ ടീം മുന്‍കാലങ്ങളില്‍ കളിച്ചിരുന്ന ഡൈറക്റ്റ് ഫുട്ബാളില്‍ നിന്നും 90 ശതമാനവും അതേ കളിക്കാരെ വെച്ച്

തന്നെ വളരെ സ്വഭാവികതയോടെ മോചിപ്പിച്ചെടുക്കാനായതാണ് സ്റ്റിമാകിന്‍റെ പ്രസക്തമായ നേട്ടം. മുന്‍കാലങ്ങളില്‍ എതിര്‍ടീമിന്‍റെ ഗെയിം ഡ്രൈവിനനുസൃതമായി കളിച്ച് അനാവശ്യ റണ്ണുകളെടുത്ത് 60- 70 മിനിറ്റുകള്‍ കഴിഞ്ഞാല്‍ വളരെ സ്വാഭാവികമായിരുന്ന ഊര്‍ജശോഷണം വലിയ തോതില്‍ കുറക്കാനായതും, പൊസിഷണല്‍ ലോഡ് മാനേജ്മെന്‍റില്‍ സമഗ്രമായ മാറ്റമുണ്ടാക്കാനായതും ആശാവഹമാണ്. കഴിഞ്ഞ പല മല്‍സരങ്ങളും പരിശോധിക്കുമ്പോള്‍ അറ്റാക്കിങ് തേഡ് വരെ നമ്മള്‍ കളിയിലുടനീളം സന്ദര്‍ഭോചിതമായി പ്രതികരിച്ചു മുമ്പോട്ട് പോവുന്നുണ്ടെങ്കില്‍ പോലും ഗോള്‍ നേടാനാവുന്നില്ലെന്നതാണ് പ്രധാനപ്രശ്നമാവുന്നത്. സത്യത്തില്‍ എതിര്‍ടീമിന്‍റെ ഗോള്‍മുഖത്ത് എന്ത് ചെയ്യണമെന്നതില്‍ കോച്ചിന്‍റെ ഇടപെടലുകള്‍ക്ക് വലിയ പരിമിതിയുണ്ട്. അവിടെ വേഗത്തില്‍ തീരുമാനമെടുക്കേണ്ടതും പ്രതികരിക്കേണ്ടതും കളിക്കാരാണ്. ഗോളിലേക്കുള്ള വഴികളില്‍ നിരന്തരമായ പിഴവുകളുണ്ടെങ്കില്‍ മാത്രമേ അത് തന്ത്രപരമായ പ്രശ്നമാവുന്നതും കോച്ച് കുരിശിലേറ്റപ്പെടേണ്ടതുമാവുന്നുമുള്ളൂ. 

 

ഗോള്‍ മുഖത്ത് സമ്മര്‍ദങ്ങളെ അതിജീവിച്ച് ഏറ്റം ശാന്തതയോടെ കൃത്യതയും വേഗതയമുള്ള തീരുമാനമെടുത്ത് ഗോളിലേക്ക് പന്തെത്തിക്കാന്‍ കഴിവുള്ളവനാണ് ഒരു അറ്റാക്കിങ് പ്ലെയര്‍. അത്തരം പ്രതിഭകള്‍ ഒരു ഛേത്രിയില്‍ ഒതുങ്ങി പോവുന്നതിനെ ഇനിയെങ്കിലും നമ്മുടെ സിസ്റ്റം പരിഗണിക്കുമെന്ന് കരുതുന്നു. അതിനനുചിതമായ പ്ലെയര്‍ ഷാര്‍പനിങ് പ്രൊസസ് ഇല്ലെന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാനവെല്ലുവിളി. ഐ.എസ്.എൽ ആയാലും, ഐ-ലീഗ് ആയാലും ആക്രമണനിരയില്‍ വിദേശതാരബാഹുല്യമാണ് നമുക്കുള്ളത്. ക്ലബുകളെ ഇതില്‍ പഴി പറയുന്നതിലും പരിധിയുണ്ട്. കാരണം അവരുടെ കമ്പോളലക്ഷ്യങ്ങള്‍ ജയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിനെ മാറ്റിയെടുക്കാന്‍ ദേശീയ ടീമിന്‍റെ കോച്ചിനും പരിമിതികളുണ്ട്. മാറ്റമുണ്ടാക്കാനാവുന്നത് നമ്മുടെ കളിക്കാര്‍ വ്യക്തിഗതമായി സ്വായത്തമാക്കേണ്ട പുരോഗതിയിലും, നമ്മുടെ പ്ലെയര്‍ ഡെവലപ്മെന്‍റ് ആൻഡ് ഫൈന്‍ ട്യൂണിങ് പ്രൊസസില്‍ ഒരു ഹോളിസ്റ്റിക് സമീപനം വരുത്തുന്നതിലൂടെയും മാത്രമാണെന്നാണ് യാഥാര്‍ത്ഥ്യം.

ലീഗുകള്‍ സമാപിക്കുന്നതോടെ ഇനിയുള്ള യോഗ്യതാമല്‍സരങ്ങള്‍ക്കുള്ള തയാറെടുപ്പിനായി കളിക്കാരും ആവശ്യമായ സമയവും ലഭ്യമാവും. അതിനാല്‍ മൊത്തത്തില്‍ പിഴവുകള്‍ പരിഹരിച്ച് കുറേക്കൂടി നവീകരിക്കപ്പെട്ട ടീം ഇന്ത്യയെ പ്രതീക്ഷിക്കാം. അഞ്ച് വര്‍ഷമെന്നത് ഒരു ക്ലബ് ടീമിന്‍റെ കോച്ചിനെ സംബന്ധിച്ച് വലിയ സമയമാണ്. ഒരു പ്രൊജക്റ്റിന്‍റെ ദിശാനിര്‍ണയത്തിനും, വിധികല്‍പനക്കുമുള്ള സമയമാണത്. പക്ഷെ ഒരു ദേശീയ ടീം കോച്ചിന്‍റെ വിഷയത്തില്‍ അഞ്ച് വര്‍ഷം എത്രത്തോളം പ്രൊഡക്‌റ്റീവായ കാലഗണനയാണെന്നത് പരിഗണിക്കണം. അതും നിര്‍ണായകസ്ഥാനങ്ങളില്‍ ക്ലബ് ഫുട്ബാള്‍ ടീം ലൈനപ്പില്‍ നിരന്തരസാന്നിധ്യം ഉറപ്പ് വരുത്താനാവാത്ത കളിക്കാര്‍ കൂടിയാവുമ്പോള്‍ കോച്ചിന്‍റെ പ്രയത്നം കൂടുതല്‍ ആയാസമാവുന്നുണ്ട്. ഈ പരിമിതികള്‍ക്കുള്ളില്‍ സമൂലമായ മാറ്റം സാധ്യമാവുമോ അതോടൊപ്പം അധികൃതരുടെയും ആരാധകരുടെയും നിര്‍ദിഷ്ടലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുമോ എന്നതും പ്രസക്തമായ ചോദ്യമാണ്. ഫിഫ വേള്‍ഡ് കപ്പ് മൂന്നാം റൗണ്ട്, എ.എഫ്.സി ഏഷ്യാ കപ്പ് ബര്‍ത് എന്നീ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലാത്തതിനാലും ഇഗോര്‍ സ്റ്റിമാകിന്‍റെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും എന്നു തന്നെയാണ് പ്രത്യാശിക്കുന്നത്.

Tags:    
News Summary - Stimac Age of Crucifixion a review of indian football performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT