‘ഇൻസൾട്ടാണ് ശശാ​ങ്കെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്’; അന്ന് പഞ്ചാബിന് പറ്റിയ അബദ്ധം, ഇന്ന് ടീമിന്റെ വിജയ ശില്പി

ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ പഞ്ചാബ് കിങ്സ് മൂന്നു വിക്കറ്റിന് തോൽപിച്ചിരുന്നു. ഗുജറാത്ത് ഉയർത്തിയ 200 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് പഞ്ചാബ് വിജയിച്ചപ്പോൾ മത്സരത്തിലെ ഹീറോ ആയത് ശശാങ്ക് സിങ്ങായിരുന്നു. 29 പന്തുകളിൽ 61 റൺസ് നേടിയ താരം നാല് സിക്സും ആറ് ഫോറുകളും പറത്തി. അവസാന ഓവറുകളിൽ അഷുതോഷ് ശർമക്കൊപ്പം താരം നടത്തിയ വെടിക്കെട്ടായിരുന്നു പഞ്ചാബിനെ രക്ഷിച്ചത്. ശിഖർ ധവാനും സാം കറനുമടങ്ങുന്ന വമ്പൻമാർ വീണതോടെ പ്രതീക്ഷ കൈവിട്ട പഞ്ചാബിന് ശശാങ്കിന്റെ ഇന്നിങ്സ് ഒരു തിരിച്ചറിവ് കൂടിയാണ്.

അതെ, ഗുജറാത്തിനെതിരായ പ്രകടനം ശശാങ്കിന്റെ മധുര പ്രതികാരമായിരുന്നു. കാരണം, പഞ്ചാബ് പേരുമാറി ടീമിലെടുത്ത് വാർത്തകളിലിടം നേടിയ താരമായിരുന്നു ശശാങ്ക്. മിനി ലേലത്തിൽ പഞ്ചാബ് കിങ്സ് ആളുമാറി ടീമിലെത്തിച്ച താരമായിരുന്നു 30 കാരനായ ശശാങ്ക് സിങ്. ലേലമുറപ്പിച്ച ശേഷം അബദ്ധം മനസിലാക്കിയ പഞ്ചാബ് ഉടമകൾ താരത്തെ വേണ്ടെന്ന് പറഞ്ഞെങ്കിലും നിയമം അനുസരിച്ച് ടീമിലെടുക്കേണ്ടതായി വന്നു. ഒരേ പേരുള്ള രണ്ട് താരങ്ങൾ​ ഐ.പി.എൽ ലിസ്റ്റിൽ വന്നതായിരുന്നു കൺഫ്യൂഷനുണ്ടാക്കിയതെന്ന് ടീമിന്റെ സി.ഇ.ഒ പിന്നീട് വിശദീകരണമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഐ.പി.എല്ലിൽ ഇത്തരമൊരു അപമാനം മറ്റൊരു താരത്തിനും നേരിടേണ്ടി വന്നിട്ടില്ലെന്ന് തന്നെ പറയാം. എന്നാൽ, അന്ന് പഞ്ചാബിന് പറ്റിയ ‘അബദ്ധ’ത്തിനും നേരിട്ട അപമാനത്തിനും ശശാങ്ക് മറുപടി നൽകിയത് ബാറ്റ് കൊണ്ടായിരുന്നു. താനൊരു അധികപ്പറ്റല്ലെന്ന് തെളിയിക്കുന്ന കൂറ്റൻ വെടിക്കെട്ടായിരുന്നു താരം പുറത്തെടുത്തത്.

ദേശീയ ജഴ്സിയിൽ ഇതുവരെ അവസരം ലഭിക്കാത്ത താരമാണ് ശശാങ്ക്. ചത്തീസ്ഗഢുകാരനായ താരം നേരത്തെ മുംബൈ ഇന്ത്യൻസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ, ഇതുവരെ കാര്യമായ ശ്രദ്ധനേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ, ഒറ്റ മത്സരത്തിലൂടെ പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ സ്ഥിരസാന്നിധ്യമുറപ്പിച്ചാണ് താരം ഇന്നലെ അഹമ്മദാബാദില്‍ നിന്ന് മടങ്ങിയത്. 

Tags:    
News Summary - Punjab kings accidental auction buy turns hero in 200 chase vs Gujarat Titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.