ചെൽസിക്കെതിരായ ഗോൾനേട്ടത്തിൽ ആഹ്ലാദം പങ്കുവെക്കുന്ന ആഴ്സനൽ താരങ്ങൾ

ആളിക്കത്തി ഫൈവ്സ്റ്റാർ ആഴ്സനൽ; ചെൽസിയെ ചാരമാക്കി പീരങ്കിപ്പട തലപ്പത്ത്

ലണ്ടൻ: ഫോ​ട്ടോഫിനിഷിലേക്ക് നീളുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ തകർപ്പൻ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്സനൽ. എമിറേറ്റ്സ് സ്റ്റേഡിയമെന്ന സ്വന്തം തട്ടകത്തിൽ കരുത്തരായ ചെൽസിയെ മറുപടിയില്ലാത്ത അഞ്ചുഗോളുകളുടെ നാണക്കേടിൽ മുക്കിയാണ് പീരങ്കിപ്പട പോയന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തിയത്. ലിയാൻഡ്രോ ട്രൊസാർഡ് തുടക്കം കുറിച്ച ഗോൾവേട്ടക്കുശേഷം കെയ് ഹാവെർട്സും ബെൻ വൈറ്റും നേടിയ ഇരട്ടഗോളുകൾ ആഴ്സനലി​നെ ഫൈവ്സ്റ്റാർ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോടും ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോടും തോറ്റ നിരാശയിൽനിന്ന് കരകയറാൻ ആഴ്സനലിണെ തുണക്കുന്നതായിരുന്നു ചെൽസിക്കെതിരായ പ്രകടനം. 34 മത്സരങ്ങളിൽ 77 പോയന്റുമായി ആഴ്സനൽ ഒന്നാമതു നിൽക്കുമ്പോൾ ഒരു​ മത്സരം കുറച്ചുകളിച്ച ലിവർപൂൾ 74 പോയന്റുമായി രണ്ടാമതുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി മൂന്നാം സ്ഥാനത്താണെങ്കിലും അവർ 32 മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. 66 പോയന്റുള്ള ആസ്റ്റൺ വില്ല നാലാമതും 60 പോയന്റുമായി ടോട്ടൻഹാം അഞ്ചാമതുമാണ്.

ശനിയാഴ്ച വെംബ്ലിയിൽ എഫ്.എ കപ്പ് സെമിഫൈനലിൽ തോറ്റതിനു പിന്നാലെയാണ് ചെൽസിക്ക് കനത്ത പ്രഹരമേറ്റത്. 1986നുശേഷം ആഴ്സനലിനെതിരെ ലണ്ടൻ ഡെർബിയിൽ ചെൽസി വഴങ്ങുന്ന ഏറ്റവും കനത്ത തോൽവിയാണിത്.

നാലാം മിനിറ്റിൽതന്നെ നീലപ്പടയുടെ വലക്കുള്ളിലേക്ക് ആഴ്സനൽ ആദ്യ പീരങ്കിയുതിർത്തിരുന്നു. ഡെക്‍ലാൻ റൈസിന്റെ പാസിൽ മികച്ച ഡയഗണൽ ഫിനിഷിലൂടെ ട്രൊസാർഡ് പന്ത് ഗോൾവര കടത്തിയപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി. എന്നാൽ, പിന്നീടങ്ങോട്ട് ചെൽസി ഒപ്പം പിടിച്ചു. ട്രൊസാർഡിന്റെ ഗോൾ മാറ്റിനിർത്തിയാൽ ആദ്യപകുതിയിൽ പോരാട്ടം തുല്യശക്തികളുടേതായിരുന്നു.

​ഇടവേള കഴിഞ്ഞതോടെ പക്ഷേ, കഥയാകെ മാറി. മധ്യനിരയിലെ വിടവുകളടച്ച് മൈക്കൽ ആർടേറ്റ തന്റെ ശിഷ്യഗണങ്ങളെ രണ്ടാം പകുതിക്കായി കൂടുതൽ സജ്ജമാക്കിയ​പ്പോൾ പഴുതുകളില്ലാതെ ചെൽസി വിയർത്തു. കളി പുനരാരംഭിച്ച് ഏഴു മിനിറ്റിനകം വൈറ്റ് ലീഡുയർത്തുകയും ചെയ്തു. കോർണർ കിക്കിൽനിന്നുള്ള റൈസിന്റെ ഷോട്ട് ​പ്രതിരോധനിരയിൽതട്ടി തന്നിലേക്കെത്തിയപ്പോൾ വൈറ്റ് കൂളായി ഫിനിഷ് ചെയ്തു.

അഞ്ചു മിനിറ്റിനുശേഷം മൂന്നാംഗോളുമെത്തി. ഇത്തവണ ചെൽസി ഡിഫൻസിനെ കീറിമുറിച്ച് മാർട്ടിൻ ഒഡെഗാഡിന്റെ കിടിലൻ പാസ്. എതിർഗോൾമുഖത്ത് കൃത്യമായി പന്ത് തന്നിലേക്കെത്തിയപ്പോൾ ഹാവെർട്സ് തന്നെ തടയാനെത്തിയ മാർക് കുകുറെല്ലയുടെ പ്രതിരോധം ഭേദിച്ച് പന്ത് വലയുടെ മോന്തായത്തിലേക്ക് അടിച്ചുകയറ്റി.

ആഘോഷത്തിലാണ്ട എമിറേറ്റ്സിൽ ആരവങ്ങൾ കനപ്പിച്ച് വീണ്ടും രണ്ടുതവണ കൂടി വല കുലുങ്ങി. 65-ാം മിനിറ്റിൽ ബുകായോ സാകയിൽനിന്ന് ലഭിച്ച പാസിൽ ബോക്സിനുള്ളിൽനിന്ന് ഹാവെർട്സ് നിലംപറ്റെ തൊടുത്ത ഷോട്ട് ചെൽസി ഡിഫൻസിനും ഗോളിക്കും അവസരമൊന്നും നൽകാതെ പോസ്റ്റിനോടുചേർന്ന് വലയിലേക്ക് കയറി. അഞ്ചുമിനിറ്റിനുശേഷം ക്രോസെന്ന കണക്കേ വൈറ്റ് ഉയർത്തിയിട്ട് പന്ത് പെട്രോവിച്ചിന്റെ തലക്കുമുകളിലൂടെ ഗോളിലേക്ക് ഊർന്നിറങ്ങിയപ്പോൾ ചെൽസിയുടെ പതനം പൂർണമായി. 

Tags:    
News Summary - Kai Havertz and Ben White score twice each to send rampant Arsenal three points clear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT