ബംഗ്ലാദേശിനെതിരെ അഞ്ചാം ട്വന്റി20 മത്സരത്തിൽ സ്മൃതി മന്ദാനയുടെ ബാറ്റിങ്

ശോഭയോടെ വീണ്ടും ആശ; അഞ്ചിലഞ്ചും തൂത്തുവാരി ഇന്ത്യ

ധാക്ക: രണ്ടു വിക്കറ്റ് നേട്ടവുമായി മലയാളിതാരം ആശാ ശോഭന വീണ്ടും മികവു കാട്ടിയ കളിയിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വനിതകൾക്ക് 21 റൺസ് ജയം. സിൽഹെറ്റ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിലും വിജയക്കുതിപ്പ് തുടർന്നതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തപ്പോൾ ആതിഥേയർക്ക് ആറു വിക്കറ്റിന് 135 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

നാലാം ട്വന്റി20യിൽ തന്റെ രാജ്യാന്തര അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി സ്പിന്നർ ആശാ ശോഭന തുടർച്ചയായ രണ്ടാം മത്സരത്തിലും മികവു തുടർന്നു. നാലോവറിൽ 25 റൺസ് വഴങ്ങിയാണ് ആശ രണ്ടുവിക്കറ്റ് പിഴുതത്. കഴിഞ്ഞ കളിയിലും ആശ രണ്ടു വിക്കറ്റെടുത്തിരുന്നു. നാലോവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രാധാ യാദവാണ് ​െപ്ലയർ ഓഫ് ദ മാച്ച്. റിതു മോനി (30), ശരീഫ ഖാത്തൂൻ (28 നോട്ടൗട്ട്), റൂബിയ ഹൈദർ (20) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ ചെറുത്തുനിന്നത്.

നേരത്തേ, ഇന്ത്യൻ ബാറ്റിങ്ങിൽ ഡയലാൻ ഹേമലത (37), സ്മൃതി മന്ദാന (33), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (30), റിച്ചാ ഘോഷ് (28 നോട്ടൗട്ട്) എന്നിവരാണ് തിളങ്ങിയത്. ഷഫാലി വർമ 14 റൺസെടുത്തു. മലയാളി താരം സജന സജീവൻ മൂന്നു പന്തിൽ ഒരു റണ്ണുമായി പുറത്തായി. ബംഗ്ലാദേശിനുവേണ്ടി നാഹിത അക്തറും റാബിയ ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Radha Yadav, batters lead India to 5-0 T20I series sweep over Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.