ലണ്ടൻ: കായികലോകം ആഘോഷമാക്കിയ താരദമ്പതികൾ വഴിപിരിയുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ ജർമൻ ഫുട്ബാൾ താരം ബാസ്റ്റ്യൻ ഷൈൻസ്റ്റീഗറും ടെന്നിസ് കോർട്ടിലെ താര സുന്ദരി അന്ന ഇവാനോവിച്ചുമാണ് ഒമ്പതു വർഷത്തെ പ്രണയദാമ്പത്യത്തിന് അന്ത്യം കുറിച്ച് വഴിപിരിയുന്നത്. ടെന്നിസിലും ഫുട്ബാളിലുമായി ഒരുപിടി നേട്ടങ്ങൾകൊയ്ത് ആരാധക മനസ്സുകൾ കീഴടക്കിയ താരങ്ങളുടെ പ്രണയത്തെ അതേ ആവശത്തോടെ തന്നെയാണ് കായികലോകവും കൊണ്ടാടിയിരുന്നത്. ഷൈൻസ്റ്റീഗർ 2014 ബയേൺ മ്യുണികിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു ടെന്നീസ് കോർട്ടിലെ താരറാണി ജർമൻ മധ്യനിര താരത്തിന്റെ മനസ്സിലേക്ക് എയ്സ് പറത്തി കയറികൂടുന്നത്. 2015ൽ താരം മാഞ്ചസ്റ്റർ യൂനൈറ്റഡിലേക്ക് കൂടുമാറിയതിനു പിന്നാലെ ഓൾഡ് ട്രഫോഡിലെ ചില്ലുഗാലറിയിൽ അന്നയും പതിവു കഴ്ചയായി. നീണ്ട പ്രണയത്തിനൊടുവിൽ 2016ൽ വെനീസിൽ താരജോഡികൾ വിവാഹിതരായപ്പോൾ കായികലോകം ആശംസകളുമായി ചേർന്നു.
കളിക്കളത്തിലും, ഗാലറിയിലും നിത്യസാന്നിധ്യമായി മാറിയ ദമ്പതികളാണ് ഒമ്പതു വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവിൽ വേർപിരിയുന്നത്. ഇരുവർക്കും ലൂക, ലിയോൺ, തിയോ എന്നീ മൂന്ന് മക്കളുണ്ട്. ഈ വർഷാദ്യം തന്നെ ദമ്പതികൾക്കിടയിലെ ഭിന്നതകൾ സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നു. ഒടുവിൽ, ഷൈൻസ്റ്റീഗറുടെയും അന്നയുടെയും മാനേജർമാർ കഴിഞ്ഞ ദിവസം വിവാഹ മോചന വാർത്ത സ്ഥിരീകരിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ താരദമ്പതികൾ വഴിപിരിയുകയാണെന്നും, അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, റിട്ടയർമെന്റിനു പിന്നാലെ ഫുട്ബാൾ കമന്റററിയിൽ സജീവമായിരിക്കുകയാണ് മുൻ ജർമൻ താരം. നിരന്തര യാത്രകളും, വിദേശ പര്യടനങ്ങളുമായി താരം വീണ്ടും തിരക്കിലായത്, ദാമ്പത്യജീവിതത്തെയും താളംതെറ്റിച്ചതായി സ്പാനിഷ് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെർബിയക്കാരിയായ അന്ന കുടുംബത്തിനൊപ്പം നാട്ടിൽ തന്നെയാണിപ്പോൾ.
മാഞ്ചസ്റ്ററിലെ കരിയറിനു ശേഷം ഷികാഗോ ഫയേഴ്സിൽ പന്തു തട്ടിയാണ് ഷൈൻസ്റ്റീഗർ 2019ൽ കരിയർ അവസാനിപ്പിച്ചത്. 2016ൽ തന്നെ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു. 2008ൽ 21ാം വയസ്സിൽ ഫ്രഞ്ച് ഓപൺ കിരീടമണിഞ്ഞുകൊണ്ടായിരുന്നു സെർബിയൻ താരം അന്ന ഇവാനോവിച്ച് ടെന്നിസ് കോർട്ടിൽ വരവറിയിച്ചത്. 2007 ഇതേ മണ്ണിൽ റണ്ണർ അപ്പായവർ, അടുത്ത വർഷം ആസ്ട്രേലിയൻ ഓപണിന്റെ ഫൈനലിലുമെത്തി. പരിക്കുകളും ഫോമില്ലായ്മയും വേട്ടയാടിയ കരിയറിൽ വിശ്രമിച്ചും, ശക്തമായി തിരികെയെത്തിയും 2016 വരെ താരം കോർട്ടിലെ സാന്നിധ്യം തുടർന്നു. ഒരു തവണ ലോക ഒന്നാം നമ്പർ പദവിയും അലങ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.