ഡേവിസ് കപ്പ്: ചെക്കിനെതിരെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് സമനില

ന്യൂഡല്‍ഹി: ഡി.എല്‍.ടി.എ സെന്‍റര്‍കോര്‍ട്ടുമായുള്ള സോംദേവ് ദേവ്വര്‍മന്‍െറ ആത്മബന്ധത്തിന് ഇളക്കം തട്ടാതിരുന്നപ്പോള്‍ ചെക് റിപ്പബ്ളിക്കിനെതിരായ ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ് പ്ളേഓഫ് പോരാട്ടത്തിന്‍െറ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആഹ്ളാദസമനില. കരുത്തരായ ചെക്കിനെതിരെ ആദ്യ രണ്ട് സിംഗ്ള്‍സ് മത്സരങ്ങള്‍ക്കിറങ്ങിയ ആതിഥേയര്‍, സോംദേവ് നേടിയ ത്രസിപ്പിക്കുന്ന അട്ടിമറിയുടെ ബലത്തില്‍ 1^1 എന്ന നിലയിലാണ് ആദ്യദിനത്തില്‍ തിരിച്ചുകയറിയത്. ഒന്നാം സിംഗ്ള്‍സില്‍ യൂകി ഭാംബ്രി തോല്‍വിയേറ്റുവാങ്ങിയതോടെ 1^0ത്തിന് പിന്നിലായ ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തുന്ന ജയമായി സോംദേവിന്‍േറത്.

ചെക്കിന്‍െറ 40ാം ലോക റാങ്കുകാരന്‍ യിരി വെസ്ലിയാണ് നേരിട്ടുള്ള സെറ്റുകളില്‍ 7^6 (3), 6^4, 6^3 സ്കോറിന് സോംദേവിന് മുന്നില്‍ മുട്ടുകുത്തിയത്. ഡി.എല്‍.ടി.എയില്‍ 2010ന് ശേഷം ഒരുമത്സരവും തോറ്റിട്ടില്ളെന്ന വ്യക്തിഗത റെക്കോഡിലേക്കാണ് ഈ ജയവും ഇന്ത്യന്‍താരം ചേര്‍ത്തുവെച്ചത്. സീസണിലെ താരത്തിന്‍െറ ഏറ്റവുംവലിയ വിജയവുമാണിത്. കളം നിറഞ്ഞുകളിച്ച സോംദേവ് 65 വിന്നറുകളാണ് മത്സരത്തില്‍ പായിച്ചത്. കടുത്തപോരാട്ടമാണ് തുടക്കംമുതല്‍ സോംദേവും വെസ്ലിയും കാഴ്ചവെച്ചത്. മത്സരം 27 മിനിറ്റ് പിന്നിടുമ്പോള്‍ 2^1 എന്നനിലയിലാണ് ആദ്യ സെറ്റ് എത്തിയത്. ആ മൂന്നു ഗെയിമുകളില്‍ ഏഴ് ബ്രേക് അവസരങ്ങളാണുണ്ടായത്.

നാലെണ്ണം സോംദേവിനായിരുന്നു. എന്നാല്‍, ഇരുതാരങ്ങള്‍ക്കും ഒന്നും മുതലാക്കാനായില്ല. അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യന്‍താരം കളിയുടെ നിലവാരമുയര്‍ത്തി വിന്നറുകളും എയ്സുകളുംകൊണ്ട് ആധിപത്യം പുലര്‍ത്തി സെറ്റ് സ്വന്തമാക്കി. ആദ്യ സെറ്റില്‍ 32 വിന്നറുകളും 11 എയ്സുകളുമാണ് സോംദേവിന്‍െറ റാക്കറ്റില്‍നിന്ന് പിറന്നത്. രണ്ടാം സെറ്റിന്‍െറ തുടക്കത്തില്‍ വെസ്ലി മികച്ചപോരാട്ടം കാഴ്ചവെച്ചെങ്കിലും കാര്യങ്ങള്‍ കൈവിടാതെനോക്കിയ സോംദേവ് സെറ്റ് സ്വന്തം പേരിലാക്കി. പിന്നീടങ്ങോട്ട് മാനസികമായി തളര്‍ന്ന വെസ്ലിക്ക് 164 ാം റാങ്കുകാരനായ ഇന്ത്യന്‍താരത്തിന് വെല്ലുവിളിയുയര്‍ത്താനെ കഴിഞ്ഞില്ല.

ആദ്യ മത്സരത്തില്‍ ലൂകാസ് റൊസലിന് ഭീഷണിയുയര്‍ത്താന്‍ പറ്റിയ എതിരാളിയാകാന്‍ യൂകി ഭാംബ്രിക്ക് കഴിഞ്ഞില്ല. 6^2, 6^1, 7^5നാണ് ലോക 85ാം റാങ്കുകാരന്‍ ജയം പിടിച്ചത്. മൂന്നാം സെറ്റില്‍ അല്‍പം ചെറുത്തുനില്‍പ് യൂകിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും അവസരം മുതലാക്കാന്‍ താരത്തിന് കഴിഞ്ഞില്ല. സെറ്റിലെ 10ാം ഗെയിമില്‍ അഞ്ചു ബ്രേക് പോയന്‍റുകളാണ് യൂകി പാഴാക്കിയത്. റൊസലിന്‍െറ 50 വിന്നറുകള്‍ക്ക് മുന്നില്‍ 21 എണ്ണമാണ് യൂകിക്ക് പായിക്കാനായത്. ഒരുമണിക്കൂറും 55 മിനിറ്റുംകൊണ്ട് മത്സരം അവസാനിച്ചു. തുടര്‍ന്നാണ് ഇന്ത്യയുടെ രക്ഷകനായി സോംദേവ് ഗ്രൗണ്ടില്‍ വിസ്മയം തീര്‍ത്തത്.

ശനിയാഴ്ച നടക്കുന്ന നിര്‍ണായക ഡബ്ള്‍സ് പോരില്‍, വെറ്ററന്‍ താരം ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന സഖ്യം റാഡെക് സ്റ്റെപനക്^ആദം പവ്ലസെക് ജോടിയെ നേരിടും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.