ഒരു സമ്പൂർണ പരിണാമം പൂർത്തിയാക്കിയ അനുഭവ കഥകളാണ് സറീസ്യൻ എന്നു പേരുണ്ടായിരുന്ന സ്റ്റാലിൻ ഗ്രാഡ് എന്ന വോൾഗ ഗ്രാഡിനു പറയാനുള്ളത്. മോസ്കോയിൽനിന്ന് 1000 കി.മീറ്റർ അകെലയുള്ള ഈ ചരിത്രനഗരം സ്ഥിതിചെയുന്നത് വോൾഗ നദിയുടെ പശ്ചിമ തീരത്താണ്. ഒരു ദശലക്ഷം ജനസംഖ്യമുള്ള നഗരമാണിത്. ആധുനിക റഷ്യയുടെ ചരിത്രത്തിൽ രക്തത്തിൽ ചാലിച്ചെഴുതിയ ചരിത്രമാണ് വോൾഗ ഗ്രാഡിനുള്ളത്. അതവർ ചരിത്ര വിജയമായിട്ടു ആഘോഷിക്കുകയും ചെയുന്നു. രണ്ടാം ലോക യുദ്ധകാലത്ത് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ ആറാംപട അനായാസം പിടിച്ചെടുത്ത സ്റ്റാലിൻ ഗ്രാഡ് തീക്ഷ്ണമായ യുദ്ധശേഷം ചോരപ്പുഴ ഒഴുക്കി തിരിച്ചുപിടിച്ചത് റഷ്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ അധ്യായവും.
കാക്കസസിനും വോൾഗക്കും ഇടയിൽ മാറിമാറി ഇടത്താവളങ്ങൾ കണ്ടെത്തിയിരുന്ന നാടോടി കാലഘട്ടത്തിനുശേഷം 16ാം നൂറ്റാണ്ടിലാണ് റഷ്യൻ ഭരണവർഗം ഈ പ്രവിശ്യയുടെ തന്ത്രപ്രാധാന്യം കണ്ടറിഞ്ഞത്. അതോടെ സറീസ്യൻ അവരുടെ പ്രധാന സൈനിക പരിശീലന കേന്ദ്രമായി.
വോൾഗ നദിക്കും തീരത്തിനും ഇടയിൽ കുപ്പിക്കഴുത്തുപോലുള്ള ഇവിടം വിദേശ കടന്നുകയറ്റം തടയിടാനുള്ള തന്ത്രപ്രാധാന്യമുള്ള സൈനിക താവളവുമായി. അതുകൊണ്ടുതന്നെയാകണം യുദ്ധാനന്തര റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധ ഉപകരണ നിർമാണകേന്ദ്രങ്ങളും പടക്കപ്പൽ നിർമാണ ശാലകളും ഇവിടെത്തന്നെ സ്ഥാപിച്ചത്. സ്റ്റാലിെൻറ നാമം ലഭിച്ച നഗരം ഇന്ന് ഏറ്റവും വികസിതമായ വ്യവസായനഗരമായി മാറിയിരിക്കുന്നു. സ്റ്റാലിെൻറ പിൻഗാമിയായ ക്രൂഷ്ചേവ് അധികാരത്തിലെത്തിയപ്പോൾ 1961ൽ രാഷ്ട്രീയ വൈരത്തോടെ വോൾഗ ഗ്രാഡ് എന്ന് പേരുമാറ്റിയെങ്കിലും സ്റ്റാലിെൻറ സങ്കൽപനഗരം റഷ്യൻ വ്യവസായത്തിെൻറ മുഖച്ഛായ തന്നെ മാറ്റി. എണ്ണ ഖനന കേന്ദ്രങ്ങൾ, സ്റ്റീൽ അലുമിനിയം, വാഹന നിർമാണം, തുകൽ വ്യവസായം, ജലവൈദ്യുതി പദ്ധതികൾ എന്നിങ്ങനെ എല്ലാ വ്യവസായ നിർമാണകേന്ദ്രങ്ങളും ഇവിടെയായതുകൊണ്ടു റഷ്യൻ സാമ്പത്തിക തലസ്ഥാനം എന്ന വിശേഷണവും വോൾഗ ഗ്രാഡിനു കിട്ടി. ലോകത്ത് ഏറ്റവും സമ്പന്നരുള്ള മേഖലയുമായി പഴയ സ്റ്റാലിൻ ഗ്രാഡ്.
ഭക്ഷണ സംസ്കാരമാണ് മറ്റൊരു വിശേഷം. മത്സ്യവിഭവങ്ങളും സൂപ്പുകളുമാണ് പ്രിയം. റൊട്ടികളുടെ വൈവിധ്യവും പ്രശസ്തം. വിലക്കുറവുള്ള രുചിയേറിയ ഭക്ഷണവും 20 യൂറോ മുതൽ ലഭിക്കുന്ന പാർപ്പിട സൗകര്യവും വോൾഗ ഗ്രാഡിനെ ലോകകപ്പ് ആരാധകരുടെ ഇഷ്ട വേദിയാക്കും. കളികളുടെ കാര്യം പറഞ്ഞാൽ ഇപ്പറഞ്ഞതിനേക്കാൾ അധികമുണ്ട് അവരുടെ കായിക പാരമ്പര്യത്തിന്. ഒരുകാലത്തു പരിധികളില്ലാതെ ആകാശം കീഴടക്കിയ പോൾവാൾട്ട് ഇതിഹാസം യെലീന ഇസിയൻബേയവയുടെ സ്വന്തം നഗരമാണ് വോൾഗ ഗ്രാഡ്. ലോകകപ്പ് അംബാസഡറായ അവരുടെ നഗരത്തിലാണ് മുൻ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും അവരെ കഴിഞ്ഞ യൂറോകപ്പിൽ നാണംകെടുത്തിയ ഐസ്ലൻഡും തുനീഷ്യയും സൗദി അറേബ്യയും നൈജീരിയയും ഒക്കെ കളിക്കുന്നത്. 45,000 ഇരിപ്പിടമുള്ള പുതിയ വോൾഗ ഗ്രാഡ് അറീന എ, ഡി, ജി, എച്ച് ഗ്രൂപ് മത്സരങ്ങൾക്ക് വേദിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.