റഷ്യക്കാരുടെ മഹാനഗരമാണ് അഞ്ചു ദശലക്ഷം ജനസംഖ്യയുള്ള സെൻറ് പീറ്റേഴ്സ്ബർഗ്. ആതിഥേയരായ റഷ്യയും അഞ്ചുതവണ ജേതാക്കളായ ബ്രസീലും മെസ്സിയുടെ അർജൻറീനയും നൈജീരിയയും സാലെയുടെ ഇൗജിപ്തുമെല്ലാം ലോകകപ്പിൽ ഇവിടെയാണ് മാറ്റുരക്കുന്നത്. റഷ്യക്കാരുടെ കളിനഗരം കൂടിയാണ് ചരിത്രമുറങ്ങുന്ന പീറ്റേഴ്സ്ബർഗ്. വലുപ്പത്തിനും പ്രൗഢിക്കും ഇണങ്ങുംവിധം ചെറുതും വലുതുമായ ആയിരത്തിലധികം കളിക്കളങ്ങൾ ഇവിടെയുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായതാണ് സ്റ്ററിൽ റോവിങ് പരിശീലന കേന്ദ്രം.
പ്രശസ്തമായ ലോക്കോമോട്ടിവ്, സെനിത് അടക്കം ഒമ്പതു ഫുട്ബാൾ ക്ലബുകൾക്ക് ഇവിടെ ഹൈടെക് സ്റ്റേഡിയങ്ങളുണ്ട്. അതിനു പുറമെയാണ് ലോകകപ്പിനായി 69,500 ഇരിപ്പടമുള്ള പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ഒരു സെമിയും മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്സ് ഫൈനലും അടക്കം 16 കളികളുടെ വേദിയാണിവിടം.
ചരിത്ര നഗരമായ പീറ്റേഴ്സ്ബർഗിെൻറ പേരിനു പലതവണ മാറ്റമുണ്ടായെങ്കിലും റഷ്യക്കാർക്കു അന്നും ഇന്നും ഈ നഗരം അവരുടെ പീറ്റേഴ്സ്ബർഗ് തന്നെയാണ്. പീറ്റർ ചക്രവർത്തി (സാർ ഒന്നാമൻ) 1703ൽ രൂപകൽപന ചെയ്തു നിർമിച്ച ഈ മഹാനഗരം രണ്ടു നൂറ്റാണ്ടിലധികം റഷ്യയുടെ തലസ്ഥാനമായിരുന്നു.
1917ലെ റഷ്യൻ വിപ്ലവത്തിനു ശേഷമാണ് തലസ്ഥാനം മോസ്കോ ആയി മാറിയത്. നേവാ നദിക്കരയിലെ സെൻറ് പീറ്റേഴ്സ്ബർഗ് മനംകവരുന്ന കൊട്ടാരങ്ങളും കോട്ടകളും സ്വകാര്യ വില്ലകളായ ഡച്ചകൾ കൊണ്ടും സമ്പന്നമാണ്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ പട്ടണത്തിന് ജർമൻ സ്വേച്ഛാധിപതിയായ ഹിറ്റ്ലറുടെ കടന്നുകയറ്റത്തിനും കൂട്ടക്കൊലക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ നാസിപ്പട പത്തു ലക്ഷം റഷ്യക്കാരെയാണ് കൊന്നൊടുക്കിയത്. പെട്രോ ഗ്രേഡും ലെനിൻ ഗ്രേഡും ഒക്കെ ആയി മാറിയെങ്കിലും കാലം കരുതിെവച്ച പേരുതന്നെ അവർക്കു തിരിച്ചുകിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.