ദോഹ: 2022 ഖത്തർ ലോകകപ്പിലെ ടീമുകളുടെ പങ്കാളിത്തം 32ൽ നിന്നും 48 ആയി വർധിപ്പിക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കുമെന്നും ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും ഫിഫ പ്രസിഡൻറ് ജിയോവനി ഇൻഫാൻറിനോ. 2022ലെ ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് തെക്കേ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമിബോൾ നൽകിയ ഔദ്യോഗിക കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ താൽപര്യമുള്ള ആശയമായാണ് ഇതിനെ നോക്കിക്കാണുന്നത്. 2022 ലോകകപ്പിൽ തന്നെ 48 ടീമുകളെ പങ്കെടുപ്പിക്കുകയെന്നതിെൻറ സാധ്യത സംബന്ധിച്ച് തീർച്ചയായും പഠനം നടത്തണം. ഇത് സാധ്യമാണെങ്കിൽ, പ്രായോഗികമാണെങ്കിൽ, മറ്റുള്ളവരും കൂടി അംഗീകരിക്കുകയാണെങ്കിൽ തീർച്ചയായും ഇത് സംബന്ധിച്ച് കാര്യമായ പഠനം നടത്തേണ്ടതുണ്ട്. കോൺമിബോൾ യോഗത്തിന് ശേഷം ബ്യൂണസ് അയേഴ്സിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
48 രാജ്യങ്ങളെ പങ്കെടുപ്പിക്കാൻ സാധിക്കുകയാണെങ്കിൽ എന്തുകൊണ്ട് നമുക്ക് ഇത് കാര്യമായി ചർച്ച ചെയ്തുകൂടായെന്നും അദ്ദേഹം ചോദിച്ചു. ഫിഫ പ്രസിഡെൻറന്ന നിലയിൽ ലോകകപ്പിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുന്ന കാര്യം വളരെ പ്രാധാന്യമുള്ളതാണ്. ഇത് ലോകത്തുടനീളം ഫുട്ബോളിെൻറ പ്രചാരത്തിനും വികാസത്തിനും ഏറെ പ്രയോജനപ്പെടും. അത് കൊണ്ടാണ് നേരത്തെ 2026 ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകിയതെന്നും ഇൻഫൻറീനോ വ്യക്തമാക്കി.
അതേസമയം, 48 ടീമുകളെ പങ്കെടുപ്പിക്കുന്ന കാര്യം ഫിഫ ഗൗരവത്തിലെടുക്കുകയാണെങ്കിൽ ഖത്തറിലെ അടിസ്ഥാന സൗകര്യവികസനം വളരെ വേഗത്തിലാക്കുന്നതിന് ഖത്തർ ലോകകപ്പ് സംഘാടകർ ആലോചിക്കേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ലോകകപ്പിനായി നിർദേശിച്ചിരിക്കുന്ന എട്ട് സ്റ്റേഡിയങ്ങൾക്ക് പുറമേ, 48 ടീമുകൾ പങ്കെടുക്കുകയാണെങ്കിൽ നാല് സ്റ്റേഡിയങ്ങൾ അധികമായും ഖത്തർ നിർമ്മിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്ര തികൂലമായ ഏത് കാലാവസ്ഥയെയും തരണം ചെയ്യുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളുമായി ഖത്തർ തയ്യാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.