യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്

പാരിസ്: ക്ളബ് ഫുട്ബാളിന്‍െറ പറുദീസയായ യൂറോപ്പില്‍ ഇനി കളിയുടെ മഹോത്സവം. ഗ്രൂപ് പോരാട്ടം കഴിഞ്ഞ് ഒരു മാസത്തെ വിശ്രമത്തിനു ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് അങ്കത്തിന് ചൊവ്വാഴ്ച കളിയിടങ്ങളുണരുന്നു. 32 ടീമുകള്‍ മാറ്റുരച്ച ഗ്രൂപ് റൗണ്ടില്‍ നിന്നും യോഗ്യത നേടിയ 16 പേര്‍ മാറ്റുരക്കുന്ന പ്രീക്വാര്‍ട്ടറിലെ ആദ്യ മത്സരങ്ങള്‍ക്ക് രാത്രിയില്‍ പാരിസും ലിസ്ബനും വേദിയാവും. പാരിസില്‍ ഫ്രഞ്ച് ലീഗ് ജേതാക്കളായ പി.എസ്.ജിയും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയും ഏറ്റുമുട്ടുമ്പോള്‍, പോര്‍ചുഗലിലെ ലിസ്ബനില്‍ ബെന്‍ഫികയും ജര്‍മന്‍ ക്ളബ് ബൊറൂസ്യ ഡോര്‍ട്മുണ്ടും അങ്കംവെട്ടും. അട്ടിമറികളില്ലാതെയായിരുന്നു ഗ്രൂപ് റൗണ്ട് മത്സരങ്ങള്‍ സമാപിച്ചത്. എന്നാല്‍, പ്രീക്വാര്‍ട്ടര്‍ മുതല്‍ കാത്തിരിക്കുന്നത് എവേ-ഹോം ഗ്രൗണ്ടുകളിലെ വമ്പന്‍ പോരാട്ടങ്ങളാണ്. 

പാരിസില്‍ ബാഴ്സയിറങ്ങും
ഫ്രഞ്ച് ഫുട്ബാളെന്നാല്‍ ഇപ്പോള്‍ പാരിസ് സെന്‍റ് ജര്‍മനാണ്. തുടര്‍ച്ചയായി നാലു തവണ ലീഗ് വണ്‍ ജേതാക്കളായ ടീമില്‍ ചില്ലറക്കാരല്ലയുള്ളത്. നയിക്കുന്നത് ബ്രസീല്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ. മുന്‍നിരയില്‍ യുറുഗ്വായുടെ വെറ്ററന്‍ താരം എഡിന്‍സണ്‍ കവാനി, അര്‍ജന്‍റീനയുടെ എയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ പസ്റ്റോറെ, ഫ്രഞ്ച് താരം ബ്ളെയ് മറ്റുയിഡി, ബ്രസീലിന്‍െറ ലൂകാസ് മൗറ, ജര്‍മനിയുടെ ജൂലിയന്‍ ഡ്രാക്സ്ലര്‍ തുടങ്ങിയവര്‍. പരിശീലകനായി സെവിയ്യയില്‍ നിന്നത്തെിയ യുനയ് എംറി. കഴിഞ്ഞ മൂന്ന് സീസണില്‍ ടീമിനെ ഉയരങ്ങളിലേക്ക് നയിച്ച മുന്‍ ഫ്രഞ്ച് കോച്ച് ലോറന്‍റ് ബ്ളാങ്കിന് പകരക്കാരനായത്തെിയ എംറിയോട് ഒരു കാര്യമേ ക്ളബ് മാനേജ്മെന്‍റ് പറഞ്ഞുള്ളൂ. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി മടങ്ങുന്ന ശീലം മാറ്റണം. 2013 മുതല്‍ 2016 വരെ നാല് തവണ ക്വാര്‍ട്ടറില്‍ മടങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞ തവണ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മടക്കടിക്കറ്റ് നല്‍കിയത്. എന്നാല്‍, ഇക്കുറി വലിയ പ്രതീക്ഷകളുമായി തുടങ്ങിയ ഫ്രഞ്ച്പടക്ക് പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയെ എതിരാളിയായി കിട്ടിയതോടെ നേരത്തേ മടക്ക ടിക്കറ്റ് വാങ്ങേണ്ടിവരുമോയെന്ന നിലയിലാണ്. എങ്കിലും മികച്ച താരങ്ങളുമായി നിര്‍ണായക ഘട്ടത്തില്‍ ജയിച്ചുകയറുമെന്ന വിശ്വാസം തന്നെ വലിയ ബലം. സ്വന്തം ഗ്രൗണ്ട്, വിശ്രമം കഴിഞ്ഞത്തെുന്ന ക്യാപ്റ്റന്‍ തിയാഗോയുടെ സാന്നിധ്യം, മെസ്സിക്ക് എതിരാളിയായ നാട്ടുകാരന്‍ എയ്ഞ്ചല്‍ ഡി മരിയയും പാസ്റ്റോറെയും. സുവാരസിന് എതിരാളിയായി സീസണില്‍ 25 ഗോള്‍ നേടിയ നാട്ടുകാരന്‍ എഡിന്‍സണ്‍ കവാനി. ഇതൊക്കെയാണ് പി.എസ്.ജിയുടെ അനുകൂലഘടകം. 
 

അതേസമയം, താരതമ്യത്തില്‍ പി.എസ്.ജി ഏറെ പിന്നിലാണ്. പരസ്പരം ഏറ്റുമുട്ടിയ അവസാന മൂന്ന് മത്സരങ്ങളിലും ജയം ബാഴ്സലോണക്കായിരുന്നു. 2014-15 സീസണ്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ പാരിസില്‍ സുവാരസിന്‍െറ മികവില്‍ ബാഴ്സ (3-1) തകര്‍ത്താടി. ഇരു പാദങ്ങളിലുമായി 5-1ന് ജയിച്ചതും ബാഴ്സതന്നെ. ലാ ലിഗയിലെ അവസാന മത്സരത്തില്‍ ഡിപൊര്‍ടിവ അലാവസിനെ 6-0ത്തിന് കീഴടക്കിയാണ് ബാഴ്സയുടെ വരവ്. എം.എസ്.എന്‍ ത്രയം സ്കോര്‍ ചെയ്യുകയും ചെയ്തു. ആന്ദ്രെ ഇനിയേസ്റ്റ, സെര്‍ജിയോ ബുസ്ക്വറ്റ്സ് എന്നിവര്‍ പരിക്ക് മാറി കളത്തിലത്തെിയതും കോച്ച് ലൂയി എന്‍റിക്വെുടെ ആത്മവിശ്വാസമുയര്‍ത്തുന്നു. എതിരാളിയുടെ മണ്ണില്‍ തോല്‍ക്കാതെ പിടിച്ചുനിന്നാല്‍ തന്നെ ബാഴ്സലോണ ഭാഗികമായി ജയിച്ചു.
 


ബെന്‍ഫിക x ബൊറൂസ്യ
ഗ്രൂപ് എഫിലെ ജേതാക്കളായ ബൊറൂസ്യക്ക് പോര്‍ചുഗല്‍ ക്ളബ് ബെന്‍ഫികയാണ് പ്രീക്വാര്‍ട്ടറിലെ എതിരാളി. ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ് കൂടി ഉള്‍പ്പെട്ട ‘എഫി’ല്‍ നിന്നായിരുന്നു ജര്‍മന്‍ ക്ളബിന്‍െറ കുതിപ്പ്. ഗ്രൂപില്‍ നന്നായി കളിച്ച ബൊറൂസ്യക്ക് താരതമ്യേനെ ദുര്‍ബലരാണ് എതിരാളി. എന്നാല്‍, ബുണ്ടസ് ലിഗയില്‍ അവസാന മൂന്ന് കളിയില്‍ ഒന്നില്‍ മാത്രമാണ് ബൊറൂസ്യ ജയിച്ചത്. അതുകൊണ്ട് തന്നെ കരുതലോടെയാവും മുന്‍ ജര്‍മന്‍ ചാമ്പ്യന്മാരുടെ കളി. മികച്ച ജയത്തോടെ നാട്ടിലേക്ക് മടങ്ങിയാലേ ബുണ്ടസ് ലിഗയിലും കിരീടപോരാട്ടത്തിലേക്ക് തിരിച്ചത്തൊനാവൂ.


പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍
  • പി.എസ്.ജി x ബാഴ്സലോണ (14, മാര്‍ച്ച് 8)
  • ബെന്‍ഫിക x ബൊറൂസ്യ ഡോര്‍ട്മുണ്ട് (14, മാര്‍ച്ച് 8)
  • റയല്‍ മഡ്രിഡ് x നാപോളി (15, 7)
  • ബയേണ്‍ മ്യൂണിക് x ആഴ്സനല്‍ (15, 7)
  • ബയര്‍ ലെവര്‍കുസന്‍ x അത്ലറ്റികോ മഡ്രിഡ് (21, 15)
  • മാഞ്ചസ്റ്റര്‍ സിറ്റി x മൊണാകോ (21, 15)
  • പോര്‍ട്ടോ x യുവന്‍റസ് (22, 14)
  • സെവിയ്യ x ലെസ്റ്റര്‍ സിറ്റി (22, 14)
Tags:    
News Summary - uefa champions league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT