ജനീവ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ബന്ധം കൂടുതൽ വഷളായ ഇറാനും യു.എസും തമ്മിൽ ലോകകപ്പ് ഫുട്ബാളിനെചൊല്ലി വാക്‍യുദ്ധം മുറുകുന്നു. യുദ്ധം തുടരുന്നുണ്ടെങ്കിലും ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സ്വന്തം ജീവനും സുരക്ഷയുമോർത്ത് ടീം കളിക്കാനെത്തുന്നത് ഉചിതമല്ലെന്നും ട്രംപ് സമൂഹ മാധ്യമതിൽ കുറിച്ചിരുന്നു. ഇറാൻ കളിക്കുന്നതിൽ പ്രശ്നമില്ലെന്ന് കഴിഞ്ഞ യാഴ്ച പറഞ്ഞ ട്രംപാണ് മലക്കം മറിഞ്ഞത്. ഇറാൻ ടീമിനെ സ്വാഗതം ചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോക്ക് ട്രംപ് ചൊവ്വാഴ്ച ഉറപ്പുനൽകിയിരുന്നു.
എന്നാൽ, യു.എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവനയെ ഇറാൻ ഫുട്ബാൾ ടീം തള്ളി. ലോകകപ്പിൽ കളിക്കുന്നതിൽനിന്ന് ആരെയും ഒഴിവാക്കാനാകില്ലെന്ന് ടീം സമൂഹ മാധ്യമത്തിൽ കുറിച്ചു. ആതിഥേയ രാജ്യത്തിന് ഇറാനിയൻ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ട്രംപ് പറഞ്ഞതിനാൽ യു.എസ് ടീമിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കണമെന്നും ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിൽ നിർദേശിച്ചു. മെക്സികോയും കാനഡയും യു.എസും ഈ വർഷം സംയുക്ത ആതിഥേയരാകുന്ന ലോകകപ്പിൽ ഇറാന്റെ മൂന്ന് ഗ്രൂപ് മത്സരങ്ങളും യു.എസിലാണ്. കാലിഫോർണിയയിലെ ഇംഗിൾവുഡിൽ ജൂൺ 15ന് ന്യൂസിലൻഡിനെതിരെയും 21ന് ബെൽജിയത്തിനെതിരെയും ഇറാൻ കളിക്കും.
ജൂൺ 26ന് ഈജിപ്തിനെതിരെ സിയാറ്റിലിലാണ് അവസാന ഗ്രൂപ് മത്സരം. നിലവിലെ സാഹചര്യങ്ങൾ കാരണം കളിക്കാൻ കഴിയില്ലെന്ന് ഇറാൻ കായിക മന്ത്രി അഹമ്മദ് ഡോണമാലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇറാൻ ടീം പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ നൽകിയ മറുപടി സ്ഥിരീകരിച്ചു. ടൂർണമെന്റ് നടത്തുന്നത് ട്രംപോ യു.എസോ അല്ല, ഫിഫയാണെന്ന് ടീം മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.