അനന്തപുരിയുടെ മറ്റു തീരപ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി കായികമേഖലയിൽ എടുത്തു പറയാവുന്ന േനട്ടങ്ങളുള്ള സ്ഥലമായിരുന്നില്ല വിഴിഞ്ഞം. ഓടിക്കളിക്കാൻ ഒരു ഗ്രൗണ്ടുപോലുമില്ലാത്ത നാട്ടിൽ ബൂട്ട് ഉപയോഗിച്ച് ഫുട്ബാൾ കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന ബാല്യമായിരുന്നു എേൻറത്. എെൻറ ആദ്യത്തെ ‘സന്തോഷ് ട്രോഫി’യും ‘ലോകകപ്പു’മൊക്കെ അയൽപക്കത്തെ കൂട്ടുകാരുമായിട്ടായിരുന്നു. ഫുട്ബാളിലേക്ക് ആകർഷിച്ച ഘടകമെന്തായിരുന്നു? -ഒരു പട്ടാളക്കാരെൻറ മകനായ ഞാൻ ഇപ്പോഴും ഇതിനെക്കുറിച്ച് ആലോചിക്കാറുണ്ട്.
ഇന്ന് ബ്രസീൽ ലോകകപ്പ് കളിക്കുന്നത് പോലെയാണ് അന്ന് കേരളം സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്. കേരളം കളിക്കുമ്പോൾ ടി.വിക്ക് മുന്നിൽ ഇരുന്ന് ആവേശം കൊള്ളുന്ന കവലയിലെ ചേട്ടന്മാരാണ് ആദ്യമായി എന്നെ കാൽപ്പന്തുകളിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. വിഴിഞ്ഞത്ത് കളിക്കാൻ കൂട്ടുകാരെ കിട്ടാതായപ്പോൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തി. അന്നൊന്നും ഒരു ഫുട്ബാൾ താരമായി മാറണമെന്നത് എെൻറ ലക്ഷ്യമേ ആയിരുന്നില്ല. മതിയാവോളം കളിക്കണം. അത്രമാത്രം. ഇതിനു വേണ്ടി ബസുകൾ കയറിയിറങ്ങി സെൻട്രൽ സ്റ്റേഡിയത്തിൽ പരിശീലനത്തിന് പോകുമ്പോൾ ഞങ്ങൾ പലപ്പോഴും ജി.വി.രാജയിലെയും സ്പോർട്സ് ഹോസ്റ്റലിലെയും താരങ്ങളുടെ പരിശീലന ഡമ്മികൾ മാത്രമായിരുന്നു.
‘ഡമ്മി’യുടെ കളികണ്ട് ഇപ്പോഴത്തെ തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയായ ഗീവർഗീസ് സാറാണ് വഴികാട്ടുന്നത്. പിന്നീട് സെൻറ് ജോസഫ് ക്ലബിലൂടെ കേരള ടീമിലേക്ക്. വ്യക്തിപരമായി വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനൊന്നുമില്ല. കേരള ജേഴ്സിയില്‍ സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായതും ഐ.എം .വിജയന്, മുഹമ്മദ് റാഫി, ആസിഫ് സഹീര്‍, ഹക്കീം, ഇഗ്നേഷ്യസ് എന്നിവരോടൊപ്പം മുന്നേറ്റ നിരയില്‍ ഒരാള്‍ ആയതും മാത്രമാണ് വലിയ നേട്ടങ്ങൾ. കുട്ടിക്കാലത്ത് കളിക്കാൻ ഒരു ഗ്രൗണ്ടും വഴികാട്ടിത്തരാൻ നല്ലൊരു കോച്ചുമില്ലാത്തവനെ സംബന്ധിച്ച് ഇതൊക്കെതന്നെ വലുതല്ലേ?.
എനിക്ക് നൽകാൻ കഴിയാത്തത് കുട്ടികളിലൂടെയെങ്കിലും നൽകണമെന്ന വാശിയിലാണ് ഇന്നു ഞാൻ. അച്ഛനില്ലാത്ത, രണ്ടുനേരം തികച്ചു ആഹാരം കഴിക്കാന്‍ ഇല്ലാത്ത, മഴ പെയ്താല്‍ നനയാതെ കയറിക്കിടക്കാന്‍ സ്ഥലം ഇല്ലാത്ത, 16 വയസ്സിന് താഴെ പ്രായമുള്ള ഇരുപതോളം കുട്ടികളെ കോവളം എഫ്.സിയിലൂടെ പരിശീലിപ്പിക്കുന്നു. ഭാവിയിൽ രാജ്യത്തിനായി കളിക്കാൻ കെൽപ്പുള്ള ഒരു താരത്തെയെങ്കിലും വാർത്തെടുക്കാൻ കഴിയുമെന്ന ഉറപ്പുണ്ട്. മലകൾ കയറിയിറങ്ങിയും കിലോമീറ്ററുകളോളം ഓടിയും നേടുന്ന സ്റ്റാമിനകൊണ്ട് കളി ജയിക്കാം എന്ന ധാരണയായിരുന്നു നമ്മുടെ മുൻകാല പരിശീലകർക്ക്. ആ അവസ്ഥ മാറിയിട്ടുണ്ട്. അത്തരം ചിന്താഗതിയിൽനിന്ന് ഉണ്ടായ മാറ്റമാണ് കൗമാര ഫുട്ബാളിലെ ഈ തിളക്കം. അണ്ടർ 17 ഫുട്ബാൾ ലോകകപ്പിനായി ഇറങ്ങുന്ന ടീം ഇന്ത്യക്ക് എല്ലാ വിജയാശംസകളും.
തയാറാക്കിയത്: അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.