ബംഗളൂരു: കെ.എസ്.എഫ്.എ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടിൽ കരുത്തരായ കർണാടകക്കും സർവിസസിനും നിറംമങ്ങിയ ജയം. കർണാടക മറുപടിയില്ലാത്ത രണ്ടു ഗോളിന് പോണ്ടിച്ചേരിയെയും സർവിസസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തെലങ്കാനയെയും തോൽപിച്ചു. ശക്തരായ എതിരാളികൾക്കുമേൽ കനത്ത പ്രതിരോധം തീർത്ത പോണ്ടിച്ചേരിയും തെലങ്കാനയും മികച്ച പ്രകടനം പുറത്തെടുത്തു. എ ഗ്രൂപ്പിൽ രണ്ടുവീതം ജയം നേടിയ കർണാടകയും സർവിസസും ആറു പോയൻറ് വീതം പങ്കിട്ടു. ഗോൾ ശരാശരിയിൽ കർണാടകയാണ് മുന്നിൽ. ഇതോടെ ഞായറാഴ്ച ഇരുടീമുകളും തമ്മിൽ നടക്കുന്ന അവസാന മത്സരം നിർണായകമായി.
കഴിഞ്ഞ കളിയിൽ അഞ്ചുഗോളിെൻറ തകർപ്പൻ പ്രകടനം പുറത്തെടുത്ത അതേ ടീമിനെയാണ് കർണാടക പോണ്ടിച്ചേരിക്കെതിരെയും രംഗത്തിറക്കിയത്. ടീമിൽ നാലു മലയാളി താരങ്ങളെ അണിനിരത്തിയ കർണാടകയുടെ ആക്രമണങ്ങളെല്ലാം ഒന്നൊന്നായി പോണ്ടിച്ചേരിയുടെ പ്രതിരോധ തീരത്തൊടുങ്ങി. കഴിഞ്ഞ കളിയിൽ അൽപം മങ്ങിയ കർണാടകയുടെ മലയാളി താരം ലിയോൺ അഗസ്റ്റിൻ ഫോം വീണ്ടെടുത്തപ്പോൾ വലതു വിങ്ങിൽ ചടുലമായ നീക്കങ്ങൾ കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ബംഗളൂരു എഫ്.സി താരം അസറുദ്ദീനെ പിൻവലിച്ച കർണാടക പകരം അനൂപിനെ ഇറക്കി. കോച്ച് മുരളീധരെൻറ ഇൗ നീക്കത്തിന് 64ാം മിനിറ്റിൽ ഫലമുണ്ടായി. ടീമിെൻറ ആദ്യ ഗോളിന് അനൂപ് വഴിയൊരുക്കി. വലതു പാർശ്വത്തിൽനിന്ന് പ്രതിരോധതാരം സുനിൽകുമാർ നീക്കിക്കൊണ്ടുവന്ന പന്ത് ബോക്സിന് മുന്നിൽ സ്വീകരിച്ച് അനൂപ് കൈമാറിയത് ഷഹബാസ് പോണ്ടിച്ചേരി വലയിലേക്ക് അടിച്ചുകയറ്റി. 89ാം മിനിറ്റിൽ പകരക്കാരൻ അമോസിെൻറ വകയായിരുന്നു ടീമിെൻറ രണ്ടാം ഗോൾ.
രണ്ടാം മത്സരത്തിൽ കരുത്തരായ സർവിസസിനെ മികച്ച കളി പുറത്തെടുത്ത തെലങ്കാന കെട്ടിവരിയുകയായിരുന്നു. പ്രതിഭസ്പർശമുള്ളതായിരുന്നു 25ാം മിനിറ്റിൽ സർവിസസ് നേടിയ ആദ്യ ഗോൾ. . എന്നാൽ, ഗോൾ വഴങ്ങിയിട്ടും തെലങ്കാന തളർന്നില്ല. തുടർച്ചയായ മുന്നേറ്റങ്ങൾക്ക് 59ാം മിനിറ്റിൽ കാര്യമുണ്ടായി. എണ്ണയിട്ട യന്ത്രം കണക്കെ തെലങ്കാനയുടെ മധ്യനിരയിൽ ഒാടിക്കളിച്ച കുമാർ സമനില ഗോൾ നേടി. സർവിസസിെൻറ മലയാളി ഗോളി ശരത് നാരായണെൻറ പിഴവിൽനിന്നായിരുന്നു സമനിലഗോളിെൻറ പിറവി. എതിർതാരത്തിെൻറ നീക്കം തടയാൻ ബോക്സിന് പുറത്തേക്ക് വന്ന ഗോളിക്ക് മുകളിലൂടെ 30 വാര അകലെനിന്ന് കുമാർ പോസ്റ്റിലേക്ക് വോളി പായിക്കുകയായിരുന്നു. വിജയഗോളിനായുള്ള സർവിസസ് പരിശ്രമം 89ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ലെയ്ഷ്റാം ഹിരോജിത് സിങ്ങായിരുന്നു സ്കോറർ. ഗ്രൂപ് ബി മത്സരത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് തമിഴ്നാട് ആന്ധ്രയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.