ബംഗാളിന്​ സന്തോഷ്​ ട്രോഫി കിരീടം

ബംഗാൾ ഇതെത്ര കണ്ടതാ. 71ാമത്തെ സന്തോഷ് േട്രാഫി ഫുട്ബാൾ ചാമ്പ്യൻഷിപ് 44ാമത്തെ ഫൈനലായിരുന്നു ഗോവയിലെ ബംബോലിം ജി.എം.സി മൈതാനത്ത് അവർക്കിന്നലെ. ആതിഥേയ ടീമിെൻറ കിരീടനേട്ടം ആഘോഷിക്കാൻ ഗാലറിയിൽ തിങ്ങിനിറഞ്ഞവരുടെ വായടപ്പിച്ച് 119ാം മിനിറ്റിൽ മൻവീർ സിങ് നേടിയ ഗോളിലൂടെ 32ാം കിരീടം. 21 വർഷത്തിനുശേഷം സ്വന്തം മണ്ണിലെത്തിയ സന്തോഷ് േട്രാഫിയിൽ അന്നത്തെ ഫൈനൽ തോൽവിക്ക് ബംഗാളിനോട് പകരം ചോദിക്കാനൊരുങ്ങിയ ഗോവക്കാർക്ക് വീണ്ടും രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടി വന്നു. നിശ്ചിതസമയം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. 

തത്തുല്യം തുടക്കം
കേരളത്തിനെതിരായ സെമി ഫൈനൽ മത്സരത്തിലെ ഹീറോ ലിസ്റ്റൻ കൊളോസോയുടെ മുന്നേറ്റത്തോടെ കളിയുടെ 45ാം സെക്കൻഡിൽത്തന്നെ ഗോവ സ്വന്തം കാണികളുടെ കൈയടി വാങ്ങി. പെനാൽറ്റി ഏരിയയിൽനിന്ന് ഗോൾ പോസ്റ്റിലേക്കുതിർത്ത ഷോട്ട് കഷ്ടിച്ച് പുറത്തേക്കായി. പിന്നാലെ ഫ്രീ കിക്കും. ആറാം മിനിറ്റിൽ ആരൻ ഡിസിൽവയും ബംഗാളി പ്രതിരോധനിരയെ കുഴക്കി. ആദ്യ ലീഡ് ബംഗാളിനെന്നുറപ്പിച്ച സാഹചര്യം 24ാം മിനിറ്റിലുണ്ടായി. മൊയ്റങ്തം ബസന്ത സിങ് ഗോളി ബ്രൂണോ റയാൻ കൊളാസോയെ വെട്ടിച്ച് പന്ത് വലയിലാക്കിയപ്പോൾ വംഗനാട്ടുകാരുടെ ആഘോഷം. ബസന്തയുടെ ‘കൈകടത്തൽ’ കണ്ടുപിടിച്ച റഫറി സെന്തിൽ നാഥൻ, ഹാൻഡ്ബാൾ വിധിക്കുകയും താരത്തിന് മഞ്ഞക്കാർഡ് കാണിക്കുകയും ചെയ്തു.  രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോവയുടെ വരുതിയിലായിരുന്നു പന്ത്. പക്ഷേ, ഗോൾ അകന്നുനിന്നു. താമസിയാതെ നിയന്ത്രണം ബംഗാൾ തിരിച്ചുപിടിച്ചു. 55ാം മിനിറ്റിൽ ഗോവയുടെ മറ്റൊരു മുന്നേറ്റം. നിക്കോളോ കൊളോസോ ഡിഫൻഡർമാരെ ഓരോരുത്തരെയായി കീഴ്പ്പെടുത്തവെ കാലുവെച്ച് വീഴ്ത്തിയതിന് ബംഗാൾ നായകൻ റാണ ഘറാമിക്ക് മഞ്ഞക്കാർഡ്. പോസ്റ്റിന് ഏതാനും മീറ്റർ അകലെ ഫ്രീ കിക്ക്. ആറുപേർ ചേർന്ന് തീർത്ത പ്രതിരോധക്കോട്ട ഭേദിച്ച് ബ്രയാൻ മസ്കരാനസ് പന്ത് പോസ്റ്റിലേക്കടിച്ചത് ഗോളി പറന്ന് തട്ടിയകറ്റി.
 63ാം മിനിറ്റിൽ മുന്നേറ്റനിരയിലെ ആരൻ ഡിസിൽവയെ പിൻവലിച്ച ഗോവൻ കോച്ച് മറ്റേയസ് കോസ്റ്റ പകരം അകെരാജ് മാർട്ടിൻസിനെ പരീക്ഷിച്ചു. അടുത്ത മിനിറ്റുകളിൽ പലതവണ ഗാലറിയെ നിശ്ശബ്ദമാക്കാൻ ബംഗാളിനായി. ഏത് നിമിഷവും ഗോൾ വീഴുമെന്നുറപ്പിച്ച് കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നത് മിച്ചം. ഇടക്ക് ബംഗാളിനുവേണ്ടി ബസന്തയുടെയും മറുവശത്ത് ലിസ്റ്റൻ കൊളാസോയുടെയും ഒറ്റപ്പെട്ട നീക്കങ്ങൾ. 

എക്സ്ട്രാ വീറോടെ മൻവീർ 
അരമണിക്കൂർ എക്സ്ട്രാ ടൈമും പതിവുപോലെ മുന്നോട്ടുനീങ്ങി. ആക്രമണങ്ങൾക്ക് വേഗവും കരുത്തും കൂടിയതല്ലാതെ ഇരു ഗോൾവലയും കുലുങ്ങിയില്ല. പെനാൽറ്റി ഷൂട്ടൗട്ട് ഇരു നിരയും ഉറപ്പിച്ചപ്പോഴാണ് ‘ഡെഡ് ടൈമിൽ’ കിരീടമുറപ്പിച്ച ഗോളെത്തുന്നത്. 119ാം മിനിറ്റിൽ മൈതാന മധ്യത്തിൽ നിന്ന് ഷെയ്ഖോം റൊണാൾഡ് സിങ്ങിെൻറ പാസ് സ്വീകരിച്ച് മുന്നേറിയ മൻവീറിനെ തടയാൻ ഗോവൻ പ്രതിരോധനിരക്കായില്ല. ഗോളി മാത്രം മുന്നിൽനിൽക്കെ ഇടതുമൂലയിൽനിന്ന് പോസ്റ്റിലേക്ക് ഒന്നാന്തരമൊരു ഷോട്ട്. ഇക്കുറി ബ്രൂണോ റയാൻ കൊളോസോയുടെ ഗ്ലൗസ് ഗോവയുടെ രക്ഷക്കെത്തിയില്ല (1-0). തോറ്റെന്നുറപ്പായതോടെ ഗാലറി കാലിയായിത്തുടങ്ങി.  

Tags:    
News Summary - santhosh trophy bangal won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT