ധാക്ക: സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ രാജാക്കന്മാരായ ഇന്ത്യ ശനിയാഴ്ച കലാശപ്പോരിനിറങ്ങുന്നു. 12 പതിപ്പിനിടെ എട്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യയുടെ എതിരാളികൾ മാലദ്വീപാണ്. നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഇന്ത്യ തുടർച്ചയായ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്.
സെമിയിൽ പാകിസ്താനെ 3-1ന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മാലദ്വീപ് സെമിയിൽ 3-0ത്തിന് നേപ്പാളിനെയാണ് തോൽപിച്ചത്. ഗ്രൂപ് റൗണ്ടിൽ ശ്രീലങ്കയെ 2-0ത്തിന് തോൽപിച്ച ഇന്ത്യ അതേ സ്കോറിന് മാലദ്വീപിനെയും പരാജയപ്പെടുത്തിയിരുന്നു. അതിെൻറ ആത്മവിശ്വാസത്തിലാണ് സ്റ്റീഫൻ കോൺസ്റ്റൈൻറനിെൻറ കുട്ടികൾ ശനിയാഴ്ച ഇറങ്ങുന്നത്.
23 വയസ്സിന് താഴെയുള്ളവരുടെ (ഒരാളൊഴികെ) സംഘമാണ് ഇന്ത്യക്കായി ടൂർണമെൻറിൽ കളിക്കുന്നത്. ഇന്ത്യയുടെ മികച്ച യുവനിരയാണ് ധാക്കയിൽ പന്തുതട്ടുന്നതെന്ന് ചുരുക്കം. മികച്ച ഫോമിലുള്ള സെൻട്രൽ സ്ട്രൈക്കർ മൻവീർ സിങ്ങാണ് ഇന്ത്യയുടെ തുറുപ്പുശീട്ട്. പിന്തുണയേകാൻ മലയാളിതാരം ആഷിഖ് കുരുണിയനും നിഖിൽ പൂജാരിയും ഫാറൂഖ് ചൗധരിയും സുമിത് പാസിയുമുണ്ട്.
ആദ്യ കളിയിൽ ഗോളടിച്ച ആശിഖ് സെമിയിൽ രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. അനിരുദ്ധ് ഥാപ്പയും വിനീത് റായിയുമാണ് മധ്യനിര നിയന്ത്രിക്കുന്നത്. വിശാൽ കെയ്ത്ത് കാക്കുന്ന ഗോൾവലക്ക് മുന്നിൽ പ്രതിരോധക്കോട്ടയൊരുക്കി സലാം രഞ്ജൻ സിങ്ങും സാർതക് ഗോലുയിയുമുണ്ട്. ദേവീന്ദർ സിങ്ങും സുഭാശിഷ് ബോസുമാണ് വിങ് ബാക്കുകൾ. കഴിഞ്ഞ കളിയിൽ പകരക്കാരനായി ഇറങ്ങി ചുവപ്പുകാർഡ് കണ്ട ലാലിയൻസ്വാല ചങ്തെയുടെ അഭാവം ടീമിന് തിരിച്ചടിയാവും.
ടീമിെൻറ ഇതുവരെയുള്ള പ്രകടനം മികച്ചതാണെന്നും ഫൈനലിലും അതേ മികവ് തുടരുകയാണ് ലക്ഷ്യമെന്നും കോൺസ്റ്റൈൻറൻ പറഞ്ഞു. യുവനിര മികച്ച കളിയാണ് കെട്ടഴിക്കുന്നതെന്നും നന്നായി കളിക്കുന്നവർക്ക് അടുത്തവർഷം നടക്കുന്ന ഏഷ്യൻ കപ്പിനുള്ള ദേശീയ ടീമിലേക്കുള്ള വിളി പ്രതീക്ഷിക്കാമെന്നും കോച്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.