ആഫ്രിക്കൻ വൻകരയിലെ ഫുട്ബാൾ അധിപന്മാരാണ് നൈജീരിയ. അവരുടെ കൗമാരതാരങ്ങൾ ഇതിനകം അഞ്ചുതവണ 17ൽ താഴെയുള്ളവർക്കായുള്ള ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്. മൂന്നുതവണ രണ്ടാം സ്ഥാനക്കാരും. സൂപ്പർ ഫാൽക്കൻസ് എന്ന വിശേഷണമുള്ള അവരുടെ വനിതകളും മോശക്കാരായില്ല. ഒമ്പതുതവണ അവർ വൻകരയിലെ ഫുട്ബാൾ റാണിമാരായിരുന്നു.
ഇപ്പോൾ സൂപ്പർ ഈഗിൾസ് എന്നറിയപ്പെടുന്ന അവരുടെ ദേശീയ ടീമിെൻറ പേര് 1980 വരെ റെഡ് ഡെവിൾസ് എന്നായിരുന്നു. അവിടെ ഫുട്ബാൾ കൊണ്ടെത്തിച്ച ഇംഗ്ലീഷുകാരായിരുന്നു ആ പേര് അവർക്ക് നൽകിയത്. അവർ ആദ്യം ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയപ്പോഴാണ് സൂപ്പർ ഈഗിൾസ് ആയി അത് മാറിയത്. മൂന്നുതവണ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയികളായ അവർ രണ്ടാം സ്ഥാനക്കാരായത് നാല് പ്രാവശ്യം.
ഫുട്ബാളിൽ ഒളിമ്പിക് സ്വർണമെഡൽ നേടിയ ആദ്യ ആഫ്രിക്കൻ രാജ്യമായതും നൈജീരിയയായിരുന്നു. 1996 അറ്റ്ലാൻറ ഒളിമ്പിക്സിലായിരുന്നു ഈ അതുല്യ നേട്ടം. അതുവരെ ഒളിമ്പിക് ഫുട്ബാൾ സ്വർണം യൂറോപ്പിനും ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും മാത്രമായിരുന്നു. 1994ൽ അവരുടെ ടീം ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയരുന്നത് അന്നത്തെ വമ്പന്മാരായിരുന്ന അർജൻറീന, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, ഇംഗ്ലണ്ട്, മെക്സികോ എന്നീ ടീമുകളെ പിന്നിട്ടുകൊണ്ടായിരുന്നു. അഞ്ചുതവണ ലോകകപ്പിന് യോഗ്യത നേടിയ നൈജീരിയയുടെ മുന്നിൽ തലവണങ്ങിയവരുടെ കൂട്ടത്തിൽ ഫുട്ബാളിെൻറ പിതൃഭൂമിയായ ഇംഗ്ലണ്ടും സ്പെയിനും പെടുന്നു. മൂന്നുതവണ അവർ അവസാന 16ലും സ്ഥാനംപിടിച്ചിട്ടുണ്ട്.
1930ൽ ഇംഗ്ലീഷുകാരായിരുന്നു അവരുടെ കോളനിയിൽ കാൽപന്തുകളി കൊണ്ടെത്തിച്ചത്. ബ്രിട്ടീഷ് പട്ടാളക്കാർക്കൊപ്പം കളിപഠിച്ച തദ്ദേശീയർ ഗതിവേഗത്തിലും വൈദഗ്ധ്യത്തിലും മേലാളന്മാരേക്കാൾ മുന്നിലായി. 1949ൽ മുതലാളിമാർക്കെതിരെ കളിച്ച് വിജയിച്ച അവർക്ക് പ്രതിഫലം എന്ന നിലയിൽ യുവനിരക്ക് ഇംഗ്ലണ്ടിലെ ബ്രോംലി, ഡുലിച്ച് ഹാംലറ്റ്, ബിഷപ് ആക്ലാൻഡ്, സൗത്ത് ലിവർപൂൾ എന്നീ ടീമുകൾക്കെതിരെ കളിക്കാൻ അവസരവും ലഭിച്ചു. തുടർന്നവർ ലോക ഫുട്ബാളിലെതന്നെ അവഗണിക്കാനാവാത്ത ശക്തികളായി മാറുകയും ചെയ്തു.
ആഫ്രിക്കൻ വൻകരയിലെ സമ്പന്ന രാഷ്ട്രമാണ് നൈജീരിയ. ജി.ഡി.പി 482 ബില്യൺ ഡോളർ. 50 ശതമാനത്തിലേറെ ഇസ്ലാംമത വിശ്വാസികളും 40 ശതമാനം ക്രിസ്ത്യാനികളുമുള്ള നൈജീരിയയിൽ 250 ചെറിയ വംശീയ വിഭാഗങ്ങളുണ്ട്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷ ആണെങ്കിലും 500ലധികം പ്രാദേശിക ഭാഷകൾ അവിടെ നിലവിലുണ്ട്. 186 മില്യൺ ജനസംഖ്യയുള്ള നൈജീരിയ ആൾബലത്തിൽ ആഫ്രിക്കയിൽ ഒന്നാംസ്ഥാനക്കാരാണെങ്കിൽ ലോകത്ത് 17ാം സ്ഥാനക്കാരാണ്. മറ്റൊരാളുടെ കണ്ണിൽ തുറിച്ചു നോക്കുന്നത് മര്യാദകേടെന്ന് കരുതുന്ന നൈജീരിയയിൽ ഇക്കാരണംകൊണ്ട് മാത്രം നിരവധി കൊലപാതകങ്ങളും വംശീയ ആക്രണങ്ങളും നടന്നിട്ടുണ്ട്. അതുപോലെ മറ്റൊരു അനാചാരമാണ് ഇടതുകൈയുടെ ഉപയോഗം. ഇടങ്കയ്യന്മാർ അവിടെ അനഭിമതരാണ്. ആ കൈകൊണ്ട് എഴുതുക ഭക്ഷണം കഴിക്കുക. എന്തിന് വെള്ളം കുടി പോലും നിഷിദ്ധമാണ്, ഹസ്തദാനത്തിനായി ഇടൈങ്ക നീട്ടിയയാൾ പിന്നെ അവിടുണ്ടായാൽ ഭാഗ്യം.
ഭൂമിയിലെ ഏഴാമത്തെ വലിയ രാജ്യമായ നൈജീരിയയിലാണ് 2600 കി.മീറ്റർ നീളമുള്ള നൈജർ നദി. ഈ നദിയുടെ പേരിൽനിന്ന് തന്നെയാണ് രാജ്യത്തിന് നൈജീരിയ എന്ന പേര് ലഭിച്ചത്. ആഫ്രിക്കയിലെ ഏറ്റവുംവലിയ സിനിമ നിർമാണകേന്ദ്രവും അവിടെയാണ്. നമ്മുടെ ബോളിവുഡിനെ അനുസ്മരിപ്പിക്കും വിധം നോളിവുഡ് എന്നാണ് അത് അറിയപ്പെടുന്നത്. വിസ്മയം എന്ന് പറയേണ്ടിയിരിക്കുന്നു, ലോകത്ത് ഏറ്റവും കുറഞ്ഞ ജീവിത ദൈർഘ്യ കാലമുള്ളതും അവിടെയാണ്. കേവലം 52 വയസ്സാണ് ശരാശരി മനുഷ്യായുസ്സ്.
എണ്ണ ഉൽപാദക രാജ്യങ്ങളിൽ 12ാം സ്ഥാനമാണ് അവർക്ക്. അതുപോലെ പഞ്ഞി ഉൽപാദനത്തിൽ ആ വൻകരയിലെ ഒന്നാംസ്ഥാനവും അവർക്കുള്ളതാണ്. ജനസംഖ്യയിൽ 70 ശതമാനവും കർഷകരാണ്.
ഡ്രിൽ എന്ന വർഗത്തിൽപെട്ട സിംഹവാലനെ അനുസ്മരിപ്പിക്കുന്ന ഒരുതരം കുരങ്ങുകളുടെ ജന്മദേശമാണ് നൈജീരിയ. അതിൽ അതിശയിക്കാൻ എന്തുണ്ടെന്നാകും. എന്നാൽ, പിറന്ന നാട്ടിൽ മഷിയിട്ടുനോക്കിയാൽപ്പോലും ഒരെണ്ണത്തിനെ നിങ്ങൾക്ക് കാണാനാവില്ല. എല്ലാം ഇപ്പോൾ അയൽരാജ്യമായ കാമറൂണിലാണ് കുടിയേറിയിരിക്കുന്നത്. ജൈവശാസ്ത്രപരമായ ഒരു വൈചിത്ര്യമായി ഇത് അവശേഷിക്കുന്നു.
ഇത്തവണ ആഫ്രിക്കൻ ഗ്രൂപ് ബിയിൽ സാംബിയ, കാമറൂൺ, അൽജീരിയ ടീമുകൾക്ക് ഒപ്പം മത്സരിച്ച് പ്രഥമ സ്ഥാനം നേടിയാണ് നൈജീരിയ റഷ്യയിൽ എത്തിയിരിക്കുന്നത്. അവിടെ അവർക്കൊപ്പമുള്ളത് നിലവിലെ രണ്ടാം സ്ഥാനക്കാരായ അർജൻറീനയും യൂറോപ്പിലെ വിസ്മയ ടീം ഐസ്ലൻഡും കരുത്തരായ ക്രൊയേഷ്യയുമാണ്.
നൈജീരിയയുടെ ശക്തി അവരുടെ കടന്നാക്രമണ ശൈലിയാണ് -അലക്സ് ഇവോബി (ആഴ്സനൽ), കെലേച്ചി ഇഹനാച്ചോ (ലെസ്റ്റർ സിറ്റി), അഹമ്മദ് മൂസ (സി.എസ്.കെ.എ) എന്നിവർ ഏതു പ്രതിരോധ നിരക്കും ഭീഷണിയാണ്. പ്രത്യേകിച്ച് വർഷങ്ങളായി മോസ്കോയിൽ കളിക്കുന്ന മൂസ. അതുപോലെ മികച്ച ഗോൾ കീപ്പിങ് അടക്കമുള്ള പ്രതിരോധവും അവർക്കുണ്ട്.
പ്രവചനം: കരുത്തും മികവും കൈമുതലായിട്ടുണ്ടെങ്കിലും ചെന്നുപെട്ടിരിക്കുന്നത് തങ്ങളേക്കാൾ മികവുള്ളവർക്ക് ഒപ്പമായതുകൊണ്ട് ഇത്തവണ ഗ്രൂപ്പിൽനിന്ന് അർജൻറീനയും ക്രൊയേഷ്യയും കടന്നുപോകുന്നത് അവർക്ക് കാണേണ്ടിവരും.
കാലിനേറ്റ പരിക്ക് മാറിവരുന്നതിനിടെ വീണ്ടും പരിക്ക്
ബർലിൻ: ലോകത്തെ മികച്ച േഗാൾകീപ്പർമാരിലൊരാളെന്ന വിശേഷണമുള്ള ജർമനിയുടെ മാനുവൽ നോയർ ലോകകപ്പിനുണ്ടാവുമോ? ബയേൺ മ്യൂണിക്കിനായി സീസണിൽ താരം ഇനി കളത്തിലിറങ്ങില്ലെന്ന് കോച്ച് യുപ് ഹെയ്ൻക്കസ് വ്യക്തമാക്കിയതോടെയാണ് ലോകകപ്പിന് മുമ്പ് നോയറിെൻറ പരിക്ക് ഭേദമാവുമോ എന്ന സന്ദേഹമുയർന്നിരിക്കുന്നത്. ജർമനിക്കായി 74 മത്സരങ്ങൾ കളിച്ചിട്ടുണ്ട് 32കാരനായ നോയർ.
കാലിനേറ്റ പരിക്കുമൂലം നോയർ കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ കളത്തിലിറങ്ങിയിട്ടില്ല. അടുത്തിടെ പരിക്ക് ഏറക്കുറെ ഭേദമായി ലഘുപരിശീലനം തുടങ്ങിയതായി ബയേൺ അറിയിച്ചിരുന്നുവെങ്കിലും അതിനിടെ മറ്റൊരു പരിക്കുകൂടിയേറ്റതാണ് നോയറിന് തിരിച്ചടിയായത്. രണ്ടാഴ്ചയായി ടീമിനൊപ്പം പരിശീലിക്കുന്ന താരം മുഴുവൻസമയ പരിശീലനത്തിന് തയാറായി വരവെയാണ് നേരത്തേ പരിക്കേറ്റ കാലിന് തന്നെ മറ്റൊരു പരിക്കുകൂടി പറ്റിയിരിക്കുന്നത്. ഇതുകൂടിയായതോടെ പരിക്ക് പൂർണമായും ഭേദമായി ശാരീരികക്ഷമത വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.
ബയേണിനായി സീസണിൽ നോയർ കളിക്കില്ലെന്നാണ് കോച്ച് അറിയിച്ചിരിക്കുന്നത്. അടുത്ത ശനിയാഴ്ച സ്റ്റുട്ട്ഗർട്ടിനെതിരായ ബുണ്ടസ് ലിഗയിലെ അവസാന മത്സരവും ഇൗ മാസം 19ന് നടക്കുന്ന എയ്ൻട്രാക്ട് ഫ്രാങ്ക്ഫൂർട്ടിനെതിരായ ജർമൻ കപ്പ് ഫൈനലും നോയറിന് നഷ്ടമാവും. ‘‘പരിക്ക് ഭേദമായാലും പൂർണ ശാരീരികക്ഷമത കൈവരിക്കാതെ നോയറിനെ കളിപ്പിക്കാനാവില്ല. സ്റ്റുട്ട്ഗർട്ടിനെതിരെയും ജർമൻ കപ്പ് ഫൈനലിലും നോയർ ഉണ്ടാവില്ല’’ -ഹെയ്ൻക്കസ് വ്യക്തമാക്കി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടീമിെൻറ ഒന്നാം നമ്പർ ഗോൾകീപ്പറായ നോയറിനെ ജർമൻ കോച്ച് യൊവാക്വിം ലൊയ്വ് ലോകകപ്പ് ടീമിലുൾപ്പെടുത്താതിരിക്കില്ല. ഇൗ മാസം 14നാണ് 30 അംഗ സാധ്യത ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. 23 അംഗ അന്തിമ ടീമിനെ ജൂൺ നാലിനകവും തീരുമാനിക്കണം. പൂർണ ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിലും രണ്ട് സംഘത്തിലും നോയർ ഉണ്ടാവുമെന്ന് തന്നെയാണ് സൂചന. നോയറുടെ സേവനം ഉറപ്പില്ലാത്തതിനാൽ സാധ്യത ടീമിൽ ലൊയ്വ് നാല് ഗോൾ കീപ്പർമാരെ ഉൾപ്പെടുത്താനാണ് സാധ്യത. ബാഴ്സലോണയുടെ മാർക് ആന്ദ്രെ ടെർസ്റ്റഗനെയും ബയർ ലെവർകൂസെൻറ ബെർൺഡ് ലെനോയെയും കൂടാതെ, പി.എസ്.ജിയുടെ കെവിൻ ട്രാപായിരിക്കും 30 അംഗ സംഘത്തിലുണ്ടാവുക.
ഇൗ മാസം 23 മുതൽ ജൂൺ എട്ടുവരെ ഇറ്റലിയിലാണ് ജർമൻ ലോകകപ്പ് സംഘത്തിെൻറ പരിശീലന ക്യാമ്പ് നടക്കുക. ലോകകപ്പിന് മുന്നോടിയായി ജൂൺ രണ്ടിന് ഒാസ്ട്രിയയുമായും എട്ടിന് സൗദി അറേബ്യയുമായും ജർമനിക്ക് പരിശീലന മത്സരങ്ങളുണ്ട്. 17ന് മെക്സികോക്കെതിരെയാണ് ലോകകപ്പിൽ ജർമനിയുടെ ആദ്യ കളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.