വമ്പന്മാരുടെ പോരാട്ടം; മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നാളെ നേർക്കുനേർ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കരുത്തരായ ലിവർപൂളിനെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 5.15നാണ് മത്സരം.

സീസൺ അവസാനത്തോടെ ആൻഫീൽഡിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ച ഈജിപ്ഷ്യൻ ഇതിഹാസം മുഹമ്മദ് സലാക്ക് ലിവർപൂൾ ജേഴ്സിയിൽ ഒരു കിരീടം കൂടി സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർനെ സ്ലോട്ടും സംഘവും ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന സലാ ടീമിലേക്ക് തിരിച്ചെത്തുന്നത് ലിവർപൂളിന് വലിയ ആശ്വാസമാണ്. എന്നാൽ, ഗോൾകീപ്പർ അലിസൺ ബെക്കർ, കോണർ ബ്രാഡ്ലി എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയായേക്കും.

മറുഭാഗത്ത്, ആഭ്യന്തര ട്രെബിൾ ലക്ഷ്യമിടുന്ന പെപ് ഗാർഡിയോളയുടെ സിറ്റി മികച്ച ഫോമിലാണ്. എന്നാൽ ആറ് മഞ്ഞക്കാർഡുകൾ ലഭിച്ചതിനെ തുടർന്ന് ഗാർഡിയോളയ്ക്ക് നാളത്തെ മത്സരത്തിൽ വിലക്കുണ്ട്. പരിശീലകന്റെ അഭാവം സിറ്റിയുടെ തന്ത്രങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രതിരോധ നിരയിൽ ജോസ്കോ ഗ്വാർഡിയോൾ പരിക്ക് കാരണം പുറത്താണ്. റൂബൻ ഡയസ്, ജോൺ സ്റ്റോൺസ് എന്നിവരുടെ പങ്കാളിത്തം മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ ഉറപ്പിക്കാനാവൂ.

കഴിഞ്ഞ തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എർലിങ് ഹാലൻഡിന്റെ പെനാൽറ്റി ഗോളിൽ സിറ്റി വിജയിച്ചിരുന്നു. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് ഈ സീസണിൽ കിരീടമുയർത്താൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് എഫ്.എ കപ്പ്. മറ്റ് ക്വാർട്ടർ ഫൈനലുകളിൽ ചെൽസി പോർട്ട് വെയ്‌ലിനെയും ആഴ്സനൽ സൗതാംപ്ടണിനെയും നേരിടും.

Tags:    
News Summary - A battle of the greats; City and Liverpool face off tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.