മാഞ്ചസ്റ്റർ : ഇതിഹാസ താരം എർലിങ് ഹാലണ്ടിന്റെ തകർപ്പൻ ഹാട്രിക്കിൽ ലിവർപൂളിനെ നിലംപരിശാക്കി മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് സെമിഫൈനലിൽ. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം ലിവർപൂളിനെ തകർത്തത്. സിറ്റിയുടെ തുടർച്ചയായ എട്ടാം എഫ്.എ കപ്പ് സെമി പ്രവേശമാണിത്.
സീസണിലെ തന്റെ ആദ്യ ഹാട്രിക്കുമായി ഹാലണ്ട് നിറഞ്ഞാടിയപ്പോൾ ലിവർപൂൾ പ്രതിരോധം കളിമൺ കോട്ടപോലെ തകർന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹാലണ്ട് ഗോൾവേട്ട തുടങ്ങിയത്. തൊട്ടുപിന്നാലെ മനോഹരമായ ഒരു ടീം നീക്കത്തിനൊടുവിൽ ഉജ്ജ്വലമായ ഹെഡറിലൂടെ ഹാലണ്ട് രണ്ടാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ അന്റോയിൻ സെമന്യോ സിറ്റിയുടെ മൂന്നാം ഗോൾ നേടി ലിവർപൂളിന്റെ തിരിച്ചുവരവ് സാധ്യതകൾ എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അധികം വൈകാതെ ഹാലണ്ട് തന്റെ ഹാട്രിക് പൂർത്തിയാക്കി. സിറ്റി ജേഴ്സിയിൽ താരത്തിന്റെ പന്ത്രണ്ടാം ഹാട്രിക്കാണിത്.
ലിവർപൂളിന്റെ ആശ്വാസ ഗോളിനായുള്ള ശ്രമങ്ങളും സിറ്റി ഗോൾകീപ്പർ ജയിംസ് ട്രാഫോർഡിന് മുന്നിൽ വിഫലമായി. മുഹമ്മദ് സലാഹ് എടുത്ത പെനാൽറ്റി തടഞ്ഞിട്ട ട്രാഫോർഡ് സിറ്റിയുടെ വിജയം പൂർണ്ണമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.