മഡ്രിഡ്: കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ചൊടിപ്പിച്ച സാൻറിയാഗോ ബെർണബ്യൂവിലെ നിറഗാലറി ബാഴ്സലോണ വിരുദ്ധ മുദ്രാവാക്യങ്ങളിൽ പ്രതിഷേധജ്വാല തീർത്തപ്പോൾ, കളത്തിൽ മറുപടി നൽകി മെസ്സിയും സംഘവും നെഞ്ചുവിരിച്ചു നിന്നു. ക്രിസ്മസ് ‘എൽക്ലാസികോ’യെന്നും കാറ്റലോണിയ-സ്പെയിൻ യുദ്ധമെന്നും ആരാധകലോകം വിശേഷിപ്പിച്ച പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിന് റയൽ മഡ്രിഡിെൻറ മോഹങ്ങളെ മുക്കി ബാഴ്സലോണയുടെ ക്രിസ്മസ് ആഘോഷം. മെസ്സിക്കും സുവാരസിനുമെല്ലാം ഇനി സ്പെയിനിലെ രാജകിരീടം സ്വപ്നം കാണാം. എതിരാളിയുടെ തട്ടകത്തിലെത്തി അവരുടെ വല നിറച്ച മൂന്ന് ഗോളുകൾകൊണ്ട് അമ്മാനമാടിയ ബാഴ്സലോണ ലാ ലിഗ പോയൻറ് പട്ടികയിൽ ബഹുദൂരം മുന്നിലെത്തി.
റയൽ മഡ്രിഡിെൻറ കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളും ബാഴ്സലോണയുടെ കരുത്തുറ്റ പ്രതിരോധവും കൊണ്ട് ഹരംകൊള്ളിച്ച ഒന്നാം പകുതി ഗോൾ രഹിതമായി പിരിഞ്ഞ ശേഷമായിരുന്നു മൂന്ന് ഗോളുകൾ. 54ാം മിനിറ്റിൽ ലൂയി സുവാരസിെൻറ വെടിച്ചില്ലിൽ സാൻറിയാഗോ ബെർണബ്യൂ ആദ്യം നടുങ്ങി. പത്തു മിനിറ്റിനകം പെനാൽറ്റി ബോക്സിലെ ഹാൻഡ് ബാളും പ്രതിേരാധഭടൻ ഡാനിയേൽ കാർവയാലിെൻറ പുറത്താവലും. പെനാൽറ്റി കിക്കെടുത്ത മെസ്സി വീണ്ടും വലകുലുക്കി (64ാം മിനിറ്റ്) ബാഴ്സലോണയുടെ ലീഡുയർത്തി. ഏതുവിധേനയും തിരിച്ചടിക്കാൻ പൊരുതിയ റയൽ തിടുക്കപ്പെട്ട് മൂന്ന് സബ്സ്റ്റിറ്റ്യൂഷൻ സ്വീകരിച്ചെങ്കിലും വിധി മാറ്റാനായില്ല. ഇഞ്ചുറി ടൈമിൽ തോൽവിയുടെ കനംകൂട്ടി മൂന്നാം ഗോൾ. ഇക്കുറി അലക്സ് വിദാലിെൻറ ബൂട്ടിൽനിന്നാണ് വല കുലുങ്ങിയതെങ്കിലും വിങ്ങിലൂടെ അവസരമൊരുക്കിയ മെസ്സിയുടെ മിടുക്കിന് നൽകണം കൈയടി.ഇതോടെ, 17 കളിയിൽ 45 പോയൻറുമായി ബാഴ്സലോണ കിരീടമുറപ്പിച്ച് ബഹുദൂരം മുന്നിലെത്തി. അത്ലറ്റികോ മഡ്രിഡ് (36), വലൻസിയ (34) എന്നിവർക്ക് പിന്നിലായി നാലാമതാണ് റയൽ മഡ്രിഡ് (31). ബാഴ്സയും റയലും തമ്മിലെ പോയൻറ് വ്യത്യാസം 14 ആയി ഉയർന്നു.
റയലിെൻറ ഒന്നാം പകുതി
കളിയുടെ രണ്ടാം മിനിറ്റിൽ ഒരു നിമിഷം ബാഴ്സ ഞെട്ടി. പക്ഷേ, റഫറിയുടെ ഒാഫ്സൈഡ് ഫ്ലാഗ് രക്ഷകവേഷമണിഞ്ഞു. ക്രിസ്റ്റ്യാനോയുടെ ഹെഡർ ഗോളി ടെർസ്റ്റീഗനെ കീഴടക്കിയെങ്കിലും ലോക ഫുട്ബാളർ ഒാഫ്സൈഡ് കെണിയിൽ കുടുങ്ങിയിരുന്നു. അധികം വൈകും മുമ്പ് വീണ്ടും ക്രിസ്റ്റ്യാനോ മിസിങ്. 10ാം മിനിറ്റിൽ ക്രൂസിെൻറ ഇടതുവിങ് േക്രാസ് ഗോളിന് പാകമായെത്തിയെങ്കിലും വഴുതിപ്പോയത് വീണ്ടുമൊരിക്കൽ ബാഴ്സ ഗോൾ വല രക്ഷിച്ചു. ശേഷം, ബെൻസേമയും ക്രിസ്റ്റ്യാനോയും പലതവണ കറ്റാലൻ പ്രതിരോധമുഖത്ത് പതറിപ്പോയി. ആദ്യ പകുതിയിൽ പന്തടക്കത്തിലും ഷോട്ടിലും ഏറെ മുന്നിൽനിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ റയലിെൻറ പതനം. വിങ്ങിലൂടെ മാഴ്സലോ, ക്രൂസ് എന്നിവർ നിർബാധം പന്തുകൾ നൽകിയപ്പോൾ പ്രതിരോധത്തിൽ കാർവയാലും റാമോസും നന്നായി കളിച്ചു.
ബാഴ്സയുടെ രണ്ടാം പകുതി
പരസ്പരബന്ധം കിട്ടാതെ അലഞ്ഞുനടന്ന ബാഴ്സയായിരുന്നില്ല രണ്ടാം പകുതിയിൽ കണ്ടത്. മധ്യനിരയിൽ ബുസ്കറ്റ്സ്-റാകിടിച്-ഇനിയെസ്റ്റ ത്രയം താളം കണ്ടെത്തിയപ്പോൾ മെസ്സിക്കും സുവാരസിനുമിടയിൽ കൂടുതൽ ഇഴയടുപ്പമായി. പൊള്ളുന്ന നീക്കങ്ങളുമായി പൗളീന്യോയും നിറഞ്ഞുനിന്നു. അതേമസയം, ബാഴ്സയുടെ കുതിപ്പുകളിൽ റയൽ മഡ്രിഡ് കളിമറന്നു.
പാളിയ സിദാൻ തന്ത്രം
ഇസ്കോയെ ഒഴിവാക്കി മാറ്റിയോ കൊവാസിച് എന്ന ക്രൊയേഷ്യൻ താരത്തെ മധ്യനിരയിലേക്ക് ക്ഷണിച്ചാണ് റയൽ കോച്ച് സിനദിൻ സിദാൻ അമ്പരപ്പിച്ചത്. പക്ഷേ, ലാ ലിഗ പോലൊരു നിർണായ പോരാട്ടത്തിലെ തന്ത്രത്തിന് വലിയ വിലകൊടുക്കേണ്ടി വന്നു. 4-1-3-2 ഫോർമേഷനിൽ മെസ്സിയെ മാൻ മാർക് ചെയ്യാനുള്ള ദൗത്യം പരാജയപ്പെട്ടു. സുവാരസിെൻറ ആദ്യ ഗോളിൽ അലസനായ കൊവാസിചിനെ കാണാൻ കഴിഞ്ഞു. ഒന്നാം പകുതിയിൽ മെസ്സിയെ കുരുക്കാനായെങ്കിലും പൗളീന്യോ നിറഞ്ഞാടുന്നത് കാണാമായിരുന്നു. ഗോളി കെയ്ലർ നവാസിെൻറ മിടുക്ക് അപ്പോഴെല്ലാം രക്ഷയായി. അതേസമയം, ബാഴ്സ പ്രതിരോധം പൊളിച്ചിട്ടും ബെൻസേമ-ക്രിസ്റ്റ്യാനോ കൂട്ടിെൻറ വീഴ്ചകൾ റയലിെൻറ ഗോൾ അകറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.