പാരിസ്: സീസണിെൻറ പകുതിയിൽ പരിക്കേറ്റ് കളംവിടേണ്ടിവന്ന നെയ്മറിനെ സാക്ഷിയാക്കി പി.എസ്.ജിക്ക് സീസണിൽ മൂന്നാം കിരീടം. ലീഗ് വൺ, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവ നേരത്തെ സ്വന്തമാക്കിയ പാരിസിലെ രാജാക്കന്മാർ ഫ്രഞ്ച് കപ്പിലും മുത്തമിട്ട് സീസൺ വർണാഭമാക്കി. ഫൈനൽ പോരാട്ടത്തിൽ മൂന്നാം ഡിവിഷൻ ക്ലബായ ലെസ് ഹെർബിയേർസിനെ 2-0ത്തിന് തോൽപിച്ചാണ് തുടർച്ചയായ നാലാം വർഷവും ഫ്രഞ്ച് കപ്പ് കിരീടം പാരിസിലേക്കെത്തിച്ചത്.
ലോസെൻസോ, എഡിൻസൻ കവാനി എന്നിവരാണ് പി.എസ്.ജിക്കായി ഗോൾ നേടിയത്. ഇതോടെ ഫ്രഞ്ച് കപ്പ് തുടർച്ചയായി നാലുതവണ നേടുന്ന ക്ലബ് എന്ന െറക്കോഡ് ഇനി പി.എസ്.ജിക്ക് സ്വന്തം. ആഭ്യന്തര മത്സരങ്ങളിൽ തങ്ങൾക്ക്് എതിരാളികളില്ലെന്നറിയിച്ചാണ് ഉനയ് എംറിയുടെ സംഘത്തിെൻറ കുതിപ്പ്. 2014-15 സീസൺ മുതൽ ആഭ്യന്തര കപ്പുകളെല്ലാം വാരിക്കൂട്ടിയ പാരിസുകാർക്ക് ഇതിനിടക്ക് നഷ്ടമായത് കഴിഞ്ഞ സീസണിൽ ലീഗ് 1 കിരീടം മോണകോക്ക് മുന്നിൽ അടിയറവ് വെച്ചത് മാത്രം. എന്നാൽ, ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനുള്ള പി.എസ്.ജിയുടെ മോഹം റയലിനു മുന്നിൽ അവസാനിച്ചിരുന്നു.
എംബാപ്പെ-കവാനി-ഡി മരിയ ത്രയങ്ങളെ മുന്നേറ്റനിരയിലിറക്കിയാണ് കോച്ച് ഉനയ് എംറി ടീമിനെ കളത്തിലിറക്കിയത്. ആവേശപ്പോരാട്ടം കാണാനെത്തിയ നെയ്മറിനെ സാക്ഷിയാക്കി പി.എസ്.ജി കളംവാണു കളിച്ചു. 73 ശതമാനവും പന്ത് കൈവശംെവച്ചെങ്കിലും ലെസ് ഹെർബിയേർസിെൻറ കനത്ത പ്രതിരോധം പിളർത്താനായില്ല. ഏറെ വിയർപ്പൊഴുക്കിയതിനൊടുവിൽ വിങ്ങർ ജിയോവാനി ലോ സെലസോ (26ാം മിനിറ്റ്) ബോക്സിനു പുറത്തുനിന്നുള്ള മിന്നും ഷോട്ടിൽ ഗോളാക്കി.
രണ്ടാം പകുതിയുടെ ആദ്യത്തിൽ പന്ത് വീണ്ടും പി.എസ്.ജി വലക്കുള്ളിലാക്കിയെങ്കിലും ‘വാറി’ലൂടെ റഫറി ഗോൾ അസാധുവാക്കി. ഒടുവിൽ 74ാം മിനിറ്റിൽ കവാനിയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഉറുഗ്വായ് താരം തന്നെ ഗോളാക്കിയതോടെ 12ാം തവണയും ഫ്രഞ്ച് കപ്പ് പാരിസിലേക്കെത്തി.ട്രോഫി ഏറ്റുവാങ്ങാനായി പി.എസ്.ജി നായകൻ തിയാഗോ സിൽവ ലെസ് ഹെർബിയേർസ് ക്യാപ്റ്റൻ സെബാസ്റ്റ്യൻ ഫ്ലോചോണിനെയും ക്ഷണിച്ചത് അവിസ്മരണീയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.