ബ്രസീലിന് തകർപ്പൻ ജയം; പെനാൽറ്റിയിലൂടെ അർജൻറീന

ബ്വേനസ് ഐറിസ്: തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജൻറീനക്കും ബ്രസീലിനും ജയം. യുറഗ്വായ്ക്കെതിരായ തകർപ്പൻ വിജയത്തോടെ(4-1) ബ്രസീൽ 2018 റഷ്യ ലോകകപ്പിലേക്കുള്ള വഴി ഭദ്രമാക്കി. അതേസമയം സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ ചിലിയെ അർജന്റീന തോൽപിച്ചു. മറ്റു മത്സരങ്ങളിൽ കൊളംബിയ ബൊളീവിയയേയും (1–0) പാരഗ്വായ് ഇക്വഡോറിനേയും (2–1) തോൽപ്പിച്ചു. പെറു–വെനസ്വേല മൽസരം സമനിലയിൽ കലാശിച്ചു (2–2).


പൗളീഞ്ഞോയുടെ ഹാട്രിക്ക് മികവിലാണ് ബ്രസീൽ യുറഗ്വായെ തകർത്തത്. സൂപ്പർ താരം നെയ്മറിൻെറ വകയായിരുന്നു ഒരു ഗോൾ. പി.എസ്.ജി താരം എഡിസൻ കവാനിയുടേതായിരുന്നു യുറഗ്വായുടെ ആശ്വാസഗോൾ. യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ ആറാം ജയവും തോൽവിയറിയാത്ത 11–ാം മത്സരവുമാണ് യുറുഗ്വായ് മണ്ണിൽ നടന്നത്. വിജയത്തോടെ ബ്രസീലിന് 13 മൽസരങ്ങളിൽനിന്ന് 30 പോയിൻറായി. അ‍ഞ്ചു മൽസരങ്ങൾ ബാക്കിനിൽക്കെ രണ്ടാമതുള്ള യുറഗ്വായേക്കാൾ ഏഴു പോയിന്റ് മുന്നിലാണ് ബ്രസീൽ.


16–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് അർജന്റീനയുടെ വിജയം. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാൻ ചിലിക്കായില്ല. 13 മൽസരങ്ങളിൽനിന്ന് 22 പോയിന്റുാണ് അർജന്റീനയുടെ സമ്പാദ്യം.21 പോയിന്റുള്ള കൊളംബിയയാണ് നാലാമത്. പാരഗ്വയോടു തോറ്റ ഇക്വഡോറും അർജന്റീനയോടു തോറ്റ ചിലിയും ആദ്യനാലിലില്ല.


കഴിഞ്ഞ രണ്ടു വർഷത്തിനിടെ തങ്ങളെ  ഏറെ കണ്ണീരുകുടിപ്പിച്ച ചിലിയോടുളള ജയം പെനാൽട്ടിയിലൂടെയാണെങ്കിലും അർജൻറീനക്ക് സന്തോഷം നൽകുന്നതായിരുന്നു. 2015 കോപ  അമേരിക്ക ചാമ്പ്യൻഷിപ്പിലും 2016ലെ കോപ  അമേരിക്ക ശതാബ്ദി ചാമ്പ്യൻഷിപ്പിലും ഫൈനലിൽ കിരീടം തട്ടിയെടുത്ത ചിലിയോടുള്ള കനലൊടുങ്ങാത്ത പക അർജൻറീനക്കുണ്ട്. ആദ്യ നാലു  സ്ഥാനക്കാർക്ക് മാത്രമാണ്  തെക്കനമേരിക്കയിൽനിന്നും നേരിട്ട്  യോഗ്യത. അഞ്ചാം സ്ഥാനക്കാർക്ക്  ഇൻറർകോൺഫെഡറേഷൻ പ്ലേ ഒാഫ്  എന്ന ആനുകൂല്യം മാത്രം. അഞ്ചു മത്സരങ്ങൾ  ബാക്കിനിൽക്കെ തുടർജയങ്ങളുമായി  സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലേ  അർജൻറീനക്ക് പ്രതീക്ഷയുള്ളൂ.
 

Full View
Tags:    
News Summary - Paulinho hat trick helps Brazil extend lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.