ലണ്ടൻ: ഒറ്റ പ്രിമിയർ ലീഗ് സീസൺകൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനൊരുങ്ങിയ േക്ലാപിെൻറ പട്ടാളം വീണ്ടും ജയം തൊട്ട ദിനത്തിൽ ‘സൂപ്പർ മാൻ’ മുഹമ്മദ് സലാഹിന് പുതുചരിത്രം. ഗോളടിച്ചും സഹായിച്ചും 100 ഗോളിൽ പങ്കാളിയാകുന്ന അതിവേഗ ലിവർപൂൾ താരമെന്ന റെക്കോഡാണ് ബ്രൈറ്റണെതിരായ മത്സരത്തിൽ സലാഹ് സ്വന്തം പേരിലേക്ക് ചേർത്തത്. 73 ഗോളുകളും 27 അസിസ്റ്റുമായി 104 കളികളിലായിരുന്നു ഈജിപ്ത് താരത്തിെൻറ നേട്ടം. സ്റ്റീവൻ ജെറാർഡ്, റോബീ ഫൗളർ, മൈക്കൽ ഓവൻ എന്നിവരാണ് ലിവർപൂൾ നിരയിലെ പഴയകാല സെഞ്ചൂറിയൻമാർ.
സീസണിൽ 34 മത്സരങ്ങൾ കളിച്ചതിൽ 30ഉം ജയിച്ച് ലീഗിൽ റെക്കോഡിട്ട ലിവർപൂൾ മൈതാനം വാണ മത്സരത്തിൽ ടീം നേടിയ മൂന്നു ഗോളിലും സലാഹിെൻറ സ്പർശമുണ്ടായിരുന്നു. രണ്ടെണ്ണം അടിക്കുകയും ജോർഡൻ ഹെൻഡേഴ്സെൻറ ഗോളിൽ സഹായിയാകുകയും ചെയ്ത താരത്തിന് ഹാട്രിക് പൂർത്തിയാക്കാൻ ലഭിച്ച സുവർണാവസരങ്ങൾ പക്ഷേ, മുതലാക്കാനായില്ല. തുടർച്ചയായ മൂന്നാമതും ഗോൾഡൻ ബൂട്ട് സ്വന്തമാക്കാമെന്ന മോഹത്തിനും ഇതോടെ ചിറകുമുളച്ചു. സലാഹ് സീസണിൽ നേടിയത് 19 ഗോളുകളാണ്. മുന്നിലുള്ള ലെസ്റ്റർ താരം ജാമി വാർഡി 22ഉം ആഴ്സണൽ താരം ഒബാമെയാങ് 20ഉം ഗോളുകൾ അടിച്ചിട്ടുണ്ട്. നാലുകളി കൂടി ബാക്കിനിൽക്കെ അവരെ മറികടക്കാനായാൽ ഇത്തവണയും ലീഗിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന നേട്ടം ആവർത്തിക്കാനാകും. 2017-18 (32 ഗോളുകൾ) സീസണിൽ ഒറ്റക്കും 2018-19 (22 ഗോളുകൾ) ൽ സാദിയോ മാനെ, ഒബാമെയാങ് എന്നിവർക്കൊപ്പവുമായി സലാഹ് ആയിരുന്നു ടോപ് സ്കോറർ.
കിരീടം നേരത്തേ ഉറപ്പാക്കിയ ചെമ്പടയ്ക്ക് ലീഗിൽ 100 പോയൻറിലേക്കുള്ള ദൂരവും ഇതോടെ കുറഞ്ഞു. 92 പോയൻറുള്ള ടീമിന് മൂന്നുകളികളിൽ ജയം നേടാനായാൽ മതി. പട്ടികയിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 23 പോയൻറ് മുന്നിലാണ് ലിവർപൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.