മലപ്പുറം: 27 വർഷം മുമ്പ് കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ സന്തോഷ് ട്രോഫി ഫൈനൽ. ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് കേരളം ജേതാക്കളായപ്പോൾ വി.പി. സത്യ ന് അരികിലെത്തി പ്രതിശ്രുതവധു അനിത പ്രിയതാരത്തെ അഭിനന്ദിച്ചതും സമ്മാനം നൽകിയതു ം വലിയ വാർത്തയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം സമാന സംഭവം കോയമ്പത്തൂരിൽ വീണ്ടു മുണ്ടായി. മിനർവ പഞ്ചാബിനെ വീഴ്ത്തി ആതിഥേയരായ ചെന്നൈ എഫ്.സി ഐ ലീഗ് കിരീടം നേടിയപ്പോൾ ടീമിലെ മലയാളി താരം മഷ്ഹൂർ ശരീഫിനെ ചേർത്തുപിടിക്കാൻ ഒരാൾ ഓടിയെത്തി. അടുത്ത മാസം ജീവിതത്തിലേക്ക് കൂട്ടാനിരിക്കുന്ന ഷിഹാന. സത്യനെപ്പോലെ ആറാം നമ്പർ ജഴ്സിയിലായിരുന്നു ഡിഫൻഡർ തന്നെയായ മഷ്ഹൂറെന്നത് മറ്റൊരു യാദൃച്ഛികത.
മലപ്പുറം കാവുങ്ങൽ സ്വദേശിയായ മഷ്ഹൂർ രണ്ട് വർഷമായി ചെന്നൈ എഫ്.സി താരമാണ്. സമീപപ്രദേശമായ പനങ്ങാങ്ങരയിലെ പൂളക്കൽ വീട്ടിൽച്ചെന്ന് ഷിഹാനയെ പെണ്ണന്വേഷിക്കുമ്പോൾ രക്ഷിതാവിെൻറ സ്ഥാനത്തിരുന്ന വല്യുപ്പ മുഹമ്മദലിക്കാണ് പയ്യനെ ഏറെ ഇഷ്ടപ്പെട്ടത്. ഫുട്ബാളറാണെന്നറിഞ്ഞപ്പോൾ അദ്ദേഹം കൂടുതലൊന്നും ആലോചിക്കാതെ സമ്മതം മൂളി. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് നിക്കാഹ് കഴിഞ്ഞു. ബാഴ്സലോണയുടെയും ലയണൽ മെസ്സിയുടെയും കട്ടഫാനായ ഷിഹാനയുടെ പ്രാർഥന കൂടിയായിരുന്നു ഈ ബന്ധം. മഷ്ഹൂറിന് പക്ഷേ മാഞ്ചസ്റ്റർ യുനൈറ്റഡിനോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടുമാണ് പ്രിയം.
ഏപ്രിൽ 20ന് നടക്കുന്ന വിവാഹസൽക്കാരത്തിെൻറ ക്ഷണക്കത്തിൽ വധൂവരന്മാരെ അവതരിപ്പിച്ചിരിക്കുന്നത് യുനൈറ്റഡിെൻറയും ബാഴ്സയുടെയും ജഴ്സിയിലാണ്. വിവാഹം ഉറപ്പിച്ചതുമുതൽ കോയമ്പത്തൂരിലും കോഴിക്കോട്ടും ചെന്നൈ എഫ്.സിയുടെ മത്സരങ്ങൾ നടക്കുമ്പോൾ ഗാലറിയിലുണ്ടാവാറുണ്ടെന്ന് ഷിഹാന. കിരീടനേട്ടം നൽകുന്ന സന്തോഷം ചെറുതല്ലെന്ന് സൂപ്പർ കപ്പിന് വേണ്ടി തയാറെടുക്കുന്ന മഷ്ഹൂറും പറയുന്നു.
ചെന്നൈ എഫ്.സിക്ക് വേണ്ടി പത്തിലധികം മത്സരങ്ങൾ കളിച്ചു. കാവുങ്ങൽ തങ്ങളകത്ത് ശരീഫിെൻറയും ജാസ്മിെൻറയും മകനായ മഷ്ഹൂർ കൊൽക്കത്ത പ്രയാഗ് യുനൈറ്റഡ്, മുംബൈ എയർ ഇന്ത്യ, ഗോകുലം കേരള എഫ്.സി , ഇന്ത്യൻ ആരോസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും കളിച്ചു. പെരിന്തൽമണ്ണയിൽ അക്കൗണ്ടിങ് ഡിപ്ലോമ വിദ്യാർഥിനിയാണ് ഷിഹാന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.