ലണ്ടൻ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട േക്ലാഡിയോ റനേരി ആയിരുന്നോ ലെസ്റ്റർ സിറ്റിയുടെ ഭാഗ്യദോഷം. കഴിഞ്ഞ പകൽ മുഴുവൻ ഇംഗ്ലീഷ് ഫുട്ബാൾ ലോകത്തെ ചോദ്യം ഇതുമാത്രമായിരുന്നു. കിങ്പവർ സ്റ്റേഡിയത്തിലെ കളികണ്ടാൽ ലെസ്റ്റർ ആരാധകർ മാത്രമല്ല, ഇംഗ്ലീഷ് ഫുട്ബാളിനെ പിന്തുടരുന്നവരെല്ലാം ഇതുതന്നെ ചോദിക്കും. നീലക്കുറുക്കന്മാരെ ഇംഗ്ലീഷ് പ്രീമിയർലീഗ് ചാമ്പ്യന്മാരാക്കിയ കോച്ച് േക്ലാഡിയോ റേനരിയെ പടിയടച്ച് പുറത്താക്കിയതിനു പിന്നാലെ കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ ലെസ്റ്റർ സിറ്റി നിലംപരിശാക്കിയത് യുർഗൻ േക്ലാപ്പിെൻറ ലിവർപൂളിനെ. അതും കണ്ണഞ്ചിപ്പിക്കുന്ന സ്കോറിന് (3-1). കഴിഞ്ഞ സീസണിൽ നീലപ്പടയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്റ്റാർ സ്ട്രൈക്കർ ജാമി വാർഡി ഇരട്ട ഗോളടിച്ച് സൂപ്പർതാരമായപ്പോൾ ലെസ്റ്റർ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷപ്പെട്ടു. കളിയുടെ 28ാം മിനിറ്റിൽ ലിവർപൂൾ പ്രതിരോധത്തെ പൊളിച്ചടുക്കി മുന്നേറിയ വാർഡിയുടെ ഗോളിലൂടെയാണ് ആതിഥേയർ ഉണരുന്നത്. 39ാം മിനിറ്റിൽ ഡാനി ഡ്രിങ്ക്വാട്ടർ ലീഡുയർത്തി. 60ാം മിനിറ്റിൽ വാർഡി മറ്റൊരു മനോഹര ഹെഡർ ഗോളിലൂടെ ജയമുറപ്പിച്ചപ്പോൾ, 68ാം മിനിറ്റിൽ ഫിലിപ് കൗടീന്യോയുടെ വക ലിവർപൂളിെൻറ ആശ്വാസഗോൾ പിറന്നു. 26 കളിയിൽ 24 പോയൻറുമായി 15ാം സ്ഥാനത്താണ് ലെസ്റ്ററിപ്പോൾ.
പുതുവർഷത്തലേന്ന് വെസ്റ്റ്ഹാമിനെതിരെ (1-0) ജയിച്ചശേഷം 2017ൽ ലെസ്റ്ററിെൻറ ആദ്യ ലീഗ് ജയമായി ഇത്. തുടർച്ചയായ ആറ് തോൽവികളുമായി തരംതാഴ്ത്തലിെൻറ വക്കിലായിരുന്നവർ കളത്തിലിറങ്ങുംമുമ്പ് 17ാം സ്ഥാനത്തായിരുന്നു. വെല്ലുവിളി ഉയർത്തുന്ന ക്രിസ്റ്റൽ പാലസ് തലേദിനം മിഡ്ൽസ്ബ്രൊയെ തോൽപിച്ച് നേടിയ മുൻതൂക്കം ചാമ്പ്യന്മാരുടെ ക്യാമ്പിന് തെല്ലൊന്നുമല്ല സമ്മർദം നൽകിയത്. അഞ്ചാം സ്ഥാനക്കാരായ ലിവർപൂളാണ് നിർണായക മത്സരത്തിലെ എതിരാളിയെന്നത് കൂനിന്മേൽ കുരുവെന്നപോലെയായി. ഇതിനിടെ കോച്ചിെൻറ പുറത്താകൽ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ഡ്രസിങ്റൂമിലും ഗാലറിയിലും ബാധിച്ചിരുന്നു. എന്നാൽ, എല്ലാ പ്രതിസന്ധികളെയും മറന്ന് പൊരുതാനായിരുന്നു താൽക്കാലിക കോച്ച് ക്രെയ്ഗ് ഷേക്സ്പിയർ വാർഡിയോടും സംഘത്തോടും പറഞ്ഞത്. ചാമ്പ്യൻ കോച്ച് ക്ലോഡിയോ റനേരിയെ പുറത്താക്കിയതിെൻറ പ്രതിഷേധത്തിൽ പുകയുകയായിരുന്നു ഗാലറി. കളികാണാനെത്തിയ തായ് ഉടമകളെ സാക്ഷിയാക്കി പതിനായിരക്കണക്കിന് റനേരിയുടെ മുഖംമൂടികൾ ഗാലറിയിലെ കസേരകൾ കൈയടക്കി. ബാനറും പതാകയുമെല്ലാം റനേരിമയം. ഇതിനിടയിലായിരുന്നു വാർഡിയുടെയും മെഹ്റസിെൻറയുമെല്ലാം പോരാട്ടം. എന്നാൽ, ഒരു ജയംകൊണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയരാനായിരുന്നു ക്ലോപ്പിെൻറയും സംഘത്തിെൻറയും കണക്കുകൂട്ടൽ.
എന്തു വിലകൊടുത്തും ജയിക്കാനിറങ്ങിയ ലെസ്റ്റർ കിക്കോഫിന് പിന്നാലെ വിങ്ങുകളിലെ ആക്രമണത്തിലൂടെ കളി സ്വന്തം വരുതിയിലാക്കുന്നതായിരുന്നു ആദ്യ കാഴ്ച. ഇതിന് ആക്കംനൽകുന്നതായി ജെയിംസ് മിൽനറും േജായൽ മാടിപും നയിച്ച ലിവർപൂൾ പ്രതിരോധത്തിലെ നിരന്തര പിഴവുകൾ. വാർഡിക്ക് കൂട്ടായി ഷിൻജി ഒകാസാകിയായിരുന്നു ആക്രമണത്തിൽ മുൻ നിരയിൽ. പ്ലേമേക്കർ റോളിൽ മെഹ്റസും ഡ്രിങ്ക്വാട്ടറും സജീവമായതോടെ, ലെസ്റ്റർ ചാമ്പ്യന്മാർ എന്ന വിശേഷണം അന്വർഥമാക്കി കളിയിൽ തിരിച്ചെത്തി. എൻഗോളോ കാെൻറക്ക് പകരം വിൽഫ്രഡ് ദിദിയെത്തിയതൊഴിച്ചാൽ കഴിഞ്ഞ സീസണിലെ ചാമ്പ്യൻ ടീമിനെയായിരുന്നു കോച്ച് ഷേക്സ്പിയർ അവതരിപ്പിച്ചത്. അടിമുടി ആക്രമണം. ഇത് ഫലവും കണ്ടു. ആദ്യ മിനിറ്റ് മുതൽ ക്ലോപ്പിെൻറ കണക്കുകൂട്ടലെല്ലാം പിഴച്ചതോടെ ലെസ്റ്റർ ചാമ്പ്യന്മാരുടെ പ്രതാപത്തോടെ കളി സ്വന്തമാക്കി. ആദ്യ 18 മിനിറ്റിനകം ലിവർപൂൾ ഗോളി സിമോൺ മിഗ്നോലെറ്റ് മൂന്നു തവണ പരീക്ഷിക്കപ്പെട്ടു. 28ാം മിനിറ്റിൽ വാർഡിയുടെ അതിവേഗ നീക്കം ഗോളായപ്പോഴും കണ്ടു 2015-16 സീസണിെൻറ മിച്ചൽ ടച്ച്. മാർക് ആൾബ്രൈറ്റെൻറ ലോങ് ക്രോസ് ലിവർപൂൾ ഡിഫൻഡർ മാറ്റിപിനെ മറികടന്ന് സ്വീകരിച്ച വാർഡി ഗോളിയെയും കടന്ന് വലയിലേക്ക് അടിച്ചുകയറ്റി. എട്ട് ലീഗ് മത്സരത്തിനൊടുവിൽ വാർഡിയുടെ ആദ്യ ഗോളായി ഇത്. ശേഷിച്ച രണ്ടു ഗോളിലും ഇൗ ടീം വർക് കണ്ടു.
എതിരാളിക്കെതിരെ ജയിച്ചതോടെ കോച്ചായി ഷേക്സ്പിയറിനെതന്നെ നിലനിർത്തുമോയെന്നാണ് അടുത്ത ചോദ്യം. അതേസമയം, റനേരിയെ പുറത്താക്കിയതിെൻറ അമർഷം കാണികൾ ലെസ്റ്റർ ഉടമകൾക്കെതിരെയും പ്രകടിപ്പിച്ചു. മത്സരശേഷം, വിജയാഹ്ലാദത്തിൽ ഹസ്തദാനം ചെയ്യാൻ ശ്രമിച്ച ചെയർമാൻ വിചായ്ശ്രീവധനപ്രഭയെ അവഗണിക്കുന്ന കാണികളും വിഡിേയാ ദൃശ്യങ്ങളും തരംഗമായി. ആഴ്സനലും ഹൾസിറ്റിയുമാണ് അടുത്ത മത്സരങ്ങളിൽ ലെസ്റ്ററിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.