പോയി ജയിച്ചു വാ

ബ്ളാസ്റ്റേഴ്സിന് ഇനി തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍, പുണെക്കെതിരെ നാളെയിറങ്ങും

കൊച്ചി: അലതല്ലിയ ആവേശമാണ് ഇപ്പോള്‍ ബ്ളാസ്റ്റേഴ്സ് ക്യാമ്പില്‍. സീസണിലെ ഗോള്‍ വരള്‍ച്ചക്കും പരാജയത്തുടര്‍ച്ചക്കും വിരാമമിട്ട് കൊച്ചി സ്റ്റേഡിയത്തില്‍ ആരാധകരെ ആവേശത്തിലാക്കിയ വിജയത്തോടെ പുതിയ ഊര്‍ജമാണ് ടീമിന് ലഭിച്ചിരിക്കുന്നത്. ട്വിറ്ററും ഫേസ്ബുക്കും വഴി താരങ്ങളും ഇത് പങ്കുവെക്കുന്നു. വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു മൈക്കല്‍ ചോപ്രയുടെ ട്വീറ്റ്. ‘എന്‍െറ കഴിവില്‍ സംശയമുള്ളവര്‍ക്കായി ഞാന്‍ ഇനിയും തെളിയിച്ചു കൊണ്ടേയിരിക്കും. ആദ്യ ഗോള്‍ മറക്കാനാകാത്ത അനുഭവമാണ്’ -ആവേശം മറച്ചുവെക്കാതെ ചോപ്രയുടെ വാക്കുകള്‍. ഉടമ സചിന്‍ ടെണ്ടുല്‍ക്കര്‍, ക്ളബ് യൂത്ത് അംബാസഡര്‍ നിവിന്‍ പോളി, ഗോളി ഗ്രഹാം സ്റ്റാക്ക്, ഹോസു പ്രീറ്റോ തുടങ്ങി മിക്കവരും ട്വിറ്ററില്‍ വിജയാവേശം പങ്കുവെക്കുന്നു.
ആരാധകരുടെ ശക്തി

നിലയില്ലാക്കയത്തില്‍നിന്നാണ് ബ്ളാസ്റ്റേഴ്സിന്‍െറ തിരിച്ചുവരവ്. ആര്‍ത്തലക്കുന്ന സ്വന്തം ഗ്രൗണ്ടില്‍ ഇനിയൊരു തോല്‍വിയോ സമനിലയോ പോലും ടീമിനെ മാനസികമായി തളര്‍ത്തുമായിരുന്നു. എതിരാളികളാകട്ടെ കരുത്തരായ മുംബൈ സിറ്റി എഫ്.സിയും. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും നിരുപാധിക പിന്തുണ നല്‍കുന്ന ആരാധകര്‍ മാത്രമായിരുന്നു അവരുടെ ശക്തി. അതിന്‍െറ പിന്‍ബലത്തില്‍ മൈതാനത്ത് കണ്ടത് ഇതുവരെ കാണാത്ത ബ്ളാസ്റ്റേഴ്സായിരുന്നു. ഒത്തിണക്കമുള്ള മുന്നേറ്റം, കെട്ടുപൊട്ടാത്ത പ്രതിരോധം, ചടുലമായ നീക്കങ്ങള്‍... എല്ലാംകൊണ്ടും വെള്ളിയാഴ്ച രാത്രി ബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്ക് വിരുന്നൊരുക്കി. ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളോ തന്ത്രങ്ങളോ ഒന്നുമല്ലായിരുന്നു അവരുടെ വിജയത്തിനു പിന്നില്‍, വെറും നിശ്ചയദാര്‍ഢ്യം. ജയിച്ചേ മടങ്ങൂവെന്ന വാശി.  
ഹ്യൂസ് എന്ന കപ്പിത്താന്‍

ഒരുതാരം ഒരു ടീമിനെ എത്രമാത്രം സ്വാധീനിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആരോണ്‍ ഹ്യൂസിന്‍െറ അഭാവവും തിരിച്ചുവരവും. കൊച്ചിയിലെ ആദ്യരണ്ട് മത്സരങ്ങള്‍ക്കും ഹ്യൂസ് കളിച്ചില്ല. ഒരു ഗോള്‍ മാത്രമാണ് ഈ സമയം ബ്ളാസ്റ്റേഴ്സ് വഴങ്ങിയതെങ്കിലും അയര്‍ലന്‍ഡ് താരം സൃഷ്ടിച്ച വിടവ് പ്രതിരോധ നിരയില്‍ പ്രകടമായിരുന്നു. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ പ്രതിരോധ നിരയുടെ ശൈലിതന്നെ മാറി. പലപ്പോഴും സന്ദേശ് ജിങ്കന് വശങ്ങളിലൂടെ മുന്നേറാന്‍ സാധിച്ചു. ചോപ്ര നേടിയ ഗോളിന് എത്രത്തോളം വിലയുണ്ടോ അത്രതന്നെയാണ് ഹ്യൂസിന്‍െറ മാസ്മരിക സേവിനും ആരാധകര്‍ നല്‍കുന്ന മാര്‍ക്ക്. കേരളം ഗോള്‍നേടിയ ശേഷം സോണി നോര്‍ദെയുടെ ഗോളെന്നുറച്ചഷോട്ട് കണ്ണഞ്ചിക്കും വേഗത്തില്‍ ക്രോസ് ബാറിന് മുകളിലൂടെ പറത്തിയപ്പോള്‍ ആരാധകര്‍ എഴുന്നേറ്റുനിന്നാണ് ഹ്യൂസിനായി കൈയടിച്ചത്. പരിചയസമ്പന്നനായ ഒരു താരത്തിന്‍െറ ക്ളാസ് തെളിയിക്കുന്ന സേവായിരുന്നു അത്.
ദേശീയ മത്സരം കഴിഞ്ഞ് പിറ്റേദിവസം വിശ്രമമില്ലാതെ കൊച്ചിയിലത്തെി ബ്ളാസ്റ്റേഴ്സിനു വേണ്ടിയിറങ്ങിയ ഹ്യൂസിന്‍െറ മനസ്സിനെ പുകഴ്ത്തുകയാണ് ആരാധകര്‍.

ഇനി നിര്‍ണായക മത്സരങ്ങള്‍

മൂന്നാം സീസണില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ബ്ളാസ്റ്റേഴ്സ് നാല് പോയന്‍േറാടെ ആറാമതാണ്. ഇനി തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍. കൊച്ചിയില്‍നിന്ന് ലഭിച്ച പിന്തുണയുടെ നൂറിലൊന്നുപോലും അവിടങ്ങളില്‍നിന്ന് ലഭിക്കില്ല. വ്യക്തമായ ആസൂത്രണം മൈതാനത്ത് നടപ്പാക്കിയാല്‍ മാത്രമേ ബ്ളാസ്റ്റേഴ്സിന് സെമി സാധ്യതകള്‍ നിലനിര്‍ത്താനാകൂ. ഫിനിഷിങ്ങിലെ പോരായ്മകള്‍ നികത്തിയാല്‍ ജയിക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിനായിരിക്കും ഇനി പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പ്രധാന്യം നല്‍കുക. തിങ്കളാഴ്ച പുണെ സിറ്റി, 24ന് എഫ്.സി ഗോവ, 29ന് ചെന്നൈയിന്‍ എഫ്.സി, നവംബര്‍ നാലിന് ഡല്‍ഹി ഡൈനാമോസ് എന്നിവരാണ് എതിരാളികള്‍. എട്ടിന് ഗോവക്കെതിരായ ഹോം പോരാട്ടത്തിന് തിരിച്ച് കൊച്ചിയിലത്തെുമ്പോഴേക്കും ബ്ളാസ്റ്റേഴ്സ് സേഫ് സോണിലാവണേയെന്ന പ്രാര്‍ഥനയുമായി യാത്രയാക്കുകയാണ് ആരാധകര്‍.

Tags:    
News Summary - kerala blasters,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.