റിയാദ്: ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമനെന്ന പഴഞ്ചൊല്ലിന് ഇപ്പോൾ ഇറ്റലിയിൽ പ്രസക്തിയേറെയാണ്. ഇറ്റാലിയൻ സീരി ‘എ’യിൽ യുവൻറസിെൻറ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട ലാസിയോക്ക് മുന്നിൽ യുവൻറസിന് ഒരിക്കൽക്കൂടി അടിപതറി. ഇത്തവണ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിലായിരുന്നു തോൽവി. സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ നടന്ന മത്സരത്തിൽ സീരി ‘എ’ ചാമ്പ്യന്മാരായ യുവൻറസിനെ 3-1ന് തോൽപിച്ച് ലാസിയോ ജേതാക്കളായി. ഇറ്റാലിയൻ ഇതിഹാസം ഫിലിപ്പോ ഇൻസാഗിയുടെ സഹോദരൻ സിമോണി ഇൻസാഗി പരിശീലിപ്പിക്കുന്ന ലാസിയോയുടെ അഞ്ചാം സൂപ്പർ കപ്പ് കിരീടനേട്ടമാണിത്.
അഞ്ചുവർഷത്തിനിടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുഫൈനലിൽ പരാജയമണയുന്നത് ഇതാദ്യമായാണ്. പോർചുഗൽ, റയൽ മഡ്രിഡ്, യുവൻറസ് എന്നീ ടീമുകൾക്കായി 12 കിരീടങ്ങൾ താരം സ്വന്തമാക്കിയിരുന്നു.
16ാം മിനിറ്റിൽ ലൂയിസ് ആൽബർട്ടോയിലൂടെ ലാസിയോ മുന്നിലെത്തി.
ആദ്യ പകുതി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ പൗലോ ഡിബാല യുവെയെ ഒപ്പമെത്തിച്ചു. സെനാഡ് ലുലിസിചും (73) ഇഞ്ചുറി സമയത്ത് ഡാനിലോ കാറ്റൽഡിയും ലാസിയോയുടെ ജയമുറപ്പിച്ചു. യുവൻറസ് താരം റോഡ്രിഗോ ബെൻഡാൻകുർ ചുവപ്പു കാർഡ് കണ്ട് പുറത്തായതിന് ലഭിച്ച ഫ്രീകിക്ക് കാറ്റൽഡി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് സീരി ‘എ’യിലും ഇതേ സ്കോറിനായിരുന്നു ലാസിയോയുടെ ജയം. 42 പോയൻറുമായി സീരി ‘എ’ കിരീടപ്പോരാട്ടത്തിൽ യുവൻറസും ഇൻറർ മിലാനും ഒപ്പത്തിനൊപ്പം ഓടുകയാണ്. ലാസിയോയാണ് മൂന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.