മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമിയിൽ ഗോവ എഫ്.സിയും ചെന്നൈ സിറ്റിയും മുഖാമുഖമിറങ്ങുേമ്പാൾ ആരാധകരുടെ ഒാർമകൾ രണ്ടുവർഷം പിന്നിലേക്ക് റീബൗണ്ട് ചെയ്യും. 2015 സീസണിലെ ഗോവ-ചെന്നൈയിൻ ഫൈനൽ രാവ്. ഇഞ്ചുറി ടൈമിൽ പിറന്ന രണ്ട് ഗോളിെൻറ ബലത്തിൽ കപ്പുമായി (2-3) ചെന്നൈയിൻ നാട്ടിലേക്ക് പറന്ന പോരാട്ടം. 90, 91 മിനിറ്റിലെ ഗോളിൽ സീക്കോയുടെ ഗോവയുടെ കിരീട സ്വപ്നങ്ങൾ പൊട്ടിത്തകർന്നപ്പോൾ കളത്തിലും പുറത്തും കണ്ടത് ഇന്ത്യൻ ഫുട്ബാളിന് തന്നെ നാണക്കേടായ സംഭവവികാസങ്ങളായിരുന്നു. തോറ്റ ഗോവ കുട്ടിക്കളിപ്പോലെ ഇളിഭ്യരായതോടെ പ്രതിഷേധവും ബഹളവും നീണ്ട രാത്രി. ചെന്നൈയിൻ താരം എലാനോ ബ്ലൂമറെ ഡ്രസിങ് റൂമിൽ പൂട്ടിയിടുകയും പൊലീസിൽ സമ്മർദംചെലുത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്ത നാണക്കേടിെൻറ നിമിഷങ്ങൾ.
രണ്ടുവർഷത്തിനിപ്പുറം ഇരുനിരയിലും കളിക്കാരും കോച്ചും മാറിയെങ്കിലും ആവേശം നിറക്കുന്ന ആരാധകക്കൂട്ടം ഒന്നാണ്. അവരുടെ മനസ്സിലെ തീക്കനലുകൾ കളിക്കാരുടെ ബൂട്ടിലേക്കും പടരും.ഇന്ത്യൻ ഫുട്ബാൾ നാണിച്ച് തലതാഴ്ത്തിയ ദിവസത്തിെൻറ ആ ഒാർമയിലാണ് ഫറ്റോർഡയിലെ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു ഗോവ-ചെന്നൈയിൻ നോക്കൗട്ട് പോരിന് സാക്ഷിയാവുന്നത്. 2015 ഫൈനലിനു ശേഷം ഇവിടെ പലതവണ ഏറ്റുമുട്ടിയെങ്കിലും അതെല്ലാം ലീഗ് റൗണ്ടുകളിലായിരുന്നു. ഇക്കുറി ഇരു ടീമും സെമിയിലെത്തിയതോടെയാണ് ഒാർമകൾ അയവിറക്കി വീറുറ്റ അങ്കം മുറുകുന്നത്.
കരുത്തിെൻറപോരാട്ടം കരുത്തിൽ തുല്യരാണ് ചെന്നൈയിനും ഗോവയും. സീസണിലെ ടോപ് സ്കോററായ ഫെറാൻ കൊറോമിനാസും ഗോളടിച്ചും അടിപ്പിച്ചും എതിരാളികളെ വിറപ്പിക്കുന്ന മാനുവൽ ലാൻസറോട്ടയുമടങ്ങുന്ന ആക്രമണകാരികളാണ് ഗോവയുടെ കരുത്ത്. ഇവരെ മെരുക്കലാവും ചെന്നൈയിൻ എഫ്.സി കോച്ച് ജോൺ ഗ്രിഗറിയുടെ തലവേദന. എതിർ തട്ടകത്തിൽ കളിജയിക്കാനുള്ള ശേഷിയാണ് ഇരു ടീമുകളുടെയും പ്രത്യേകത. ഇരുവരും ലീഗ് റൗണ്ടിൽ നേർക്കുനേർ വന്നപ്പോൾ, ഒാരോ ജയം വീതം പങ്കിട്ടു. ചെന്നൈയിൽ നടന്ന മത്സത്തിൽ 3-2ന് ഗോവ ജയിച്ചപ്പോൾ, ഫറ്റോർഡയിൽ 1-0ത്തിന് ചെന്നൈയിൻ പകരംവീട്ടി. ഇന്ത്യൻ താരം ജെജെയും ബ്രസീൽ സ്ട്രൈക്കർ റാഫേൽ അഗസ്റ്റോയുമാണ് ചെന്നൈയിനിെൻറ കരുത്ത്.
ലീഗ് റൗണ്ടിൽ ഇരു ടീമുകളും ഒമ്പത് ജയവുമായി ഒപ്പത്തിനൊപ്പമാണെങ്കിലും രണ്ടു കളി കൂടുതൽ തോറ്റ ഗോവ പോയൻറ് പട്ടികയിൽ ചെന്നൈയിന് (32) പിറകെ മൂന്നാം സ്ഥാനത്തായാണ് അവസാനിപ്പിച്ചത്. സീസൺ മധ്യത്തിൽ അടിതെറ്റിയിരുന്നെങ്കിലും അവസാനത്തിൽ വൻജയവുമായി അത്ഭുതപ്രകടനത്തോടെയാണ് ഗോവ തിരിച്ചുവന്നത്. പുണെയെ 4-0ത്തിനും, എ.ടി.കെയെ 5-1നും ജാംഷഡ്പുരിനെ 3-0ത്തിനും തോൽപിച്ചു.
എന്നാൽ, ചെന്നൈയിനിെൻറ അവസാന മൂന്ന് മത്സരത്തിൽ രണ്ടെണ്ണം സമനിലയിലായി. ജാംഷഡ്പുരിനെതിരായ അവസാന മത്സരത്തിൽ ഗോളി നവീൻ കുമാറിന് ചുവപ്പുകാർഡ് കിട്ടിയത് ഗോവക്ക് തിരിച്ചടിയാവും. എന്നാൽ, ഇത് ടീമിനെ ബാധിക്കില്ലെന്നാണ് കോച്ച് സെർജിയോ ലൊബേറയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.